രാഷ്ട്രീയ മൃഗവും അതിന്റെ ശരീരഘടനയും
text_fieldsവ്യാജ ലൈസൻസുമായി വന്ന പയ്യന് സമ്മാനമായി ജ്യേഷ്ഠന്മാർ ഡ്യൂക്ക് വാങ്ങിക്കൊടുത്തതുപോലെയായി ആ ചെറുപ്പക്കാരന്റെ രാഷ്ട്രീയ ജീവിതം. എടുത്തു, പറന്നു, ഇടിച്ചു, തകർന്നു!.
മരണത്തിന്റെ ഹൈവേയിലേക്ക് അവനെ ഇരമ്പിച്ചുവിട്ട രക്ഷകർത്താക്കളാണ് ഈ അകാലമൃത്യുവിന് ഉത്തരവാദികൾ. 2006ൽ കെ.എസ്.യുവിലെത്തിയതേയുള്ളൂ. ഇരുപത് വർഷംകൊണ്ട് ഭാവിമന്ത്രിസഭയിൽ സ്ഥാനമുറപ്പിച്ചുകാത്തിരുന്ന ആ തരുണാസ്ഥിനേതാവ് രാഷ്ട്രീയജീവിതം എന്താണെന്ന് അറിഞ്ഞിട്ടില്ലല്ലോ. സ്വന്തം നാവിന്റെ ശക്തിയിൽ അമിതമായി വിശ്വസിച്ചിരുന്ന അയാൾ, തന്റെ പ്രായത്തേക്കാൾ രാഷ്ട്രീയാനുഭവങ്ങളുള്ള നേതാക്കളെ പാർട്ടി യോഗങ്ങളിൽ അരിഞ്ഞുവീഴ്ത്തിയപ്പോൾ ആസ്വദിച്ചവർക്ക് ആ ചെറുപ്പക്കാരനോട് അൽപമെങ്കിലും കരുണയുണ്ടെങ്കിൽ എത്രയും പെട്ടെന്ന് എം.എൽ.എ സ്ഥാനം എടുത്തൊഴിവാക്കണം. അയാളെപ്പോലെ ഒരാൾക്ക് പറ്റിയതല്ല എം.എൽ.എ ജീവിതം.
രണ്ടു കാരണങ്ങളുണ്ട്, ഇങ്ങനെ പറയാൻ. ഒന്ന് മനുഷ്യൻ എന്ന രാഷ്ട്രീയ ജീവിയുടെ അനാട്ടമിയുമായി ബന്ധപ്പെട്ടതാണ്. രാഹുൽ മാങ്കൂട്ടം മനസ്സിലാക്കിയതുപോലെ നാവല്ല, രാഷ്ട്രീയക്കാരന്റെ ഏറ്റവും പ്രധാനപ്പെട്ട അവയവം. ഇന്ത്യയെക്കുറിച്ച് ചൈനീസ് സഞ്ചാരികൾ എഴുതിയ ആദ്യത്തെ പുസ്തകത്തിൽ അത് വിവരിക്കുന്നുണ്ട്. ഫാ ഹിയാൻ, സുഹൃത്ത് സൂങ്ങ്-യൂൻ എന്നിവരുടെ യാത്രാവിവരണത്തിൽ ഖിയു-ചി (കച്ച് പ്രദേശം എന്ന് വിവർത്തകൻ) എന്ന രാജ്യത്തെ ഒരുസംഭവമുണ്ട്: ‘ഈ രാജ്യത്തെ രാജാവ് ബുദ്ധദേവന്റെ ദിവ്യ ബാഹ്യാവശിഷ്ടങ്ങളെ ആരാധിക്കുന്നതിനുള്ള അതിരറ്റ താൽപര്യത്താൽ അനുജനെ ഭരണകാര്യങ്ങൾ ഏൽപിച്ചു. കൽപനകൾ സ്വീകരിച്ച അനുജൻ യാത്രപറഞ്ഞ് ഇറങ്ങിയപ്പോൾ ചെറിയൊരു സ്വർണപേടകം അടച്ചു മുദ്രവെച്ച് സമർപ്പിച്ചു.‘‘ ഇതെന്താണ്?’’ രാജാവ് ചോദിച്ചപ്പോൾ അനുജൻ പറഞ്ഞു: ‘‘മഹാരാജാവ് വരുന്ന ദിവസംതന്നെ ഇതു തുറന്നുനോക്കണമെന്ന് ഞാൻ പ്രാർഥിക്കുന്നു’’. രാജാവ് കാര്യസ്ഥനെ വിളിച്ചുവരുത്തി അത് ഭദ്രമായി സൂക്ഷിക്കാനേൽപിച്ചു. അയാൾ ഒരുസംഘം പട്ടാളക്കാരെ അതിന്റെ കാവലേൽപിച്ചു. തീർഥയാത്ര കഴിഞ്ഞ് രാജ്യത്തേക്ക് പ്രവേശിച്ചതുമുതൽ കൊട്ടാരത്തിലെത്തുംവരെ രാജാവ് കേട്ടത് അനുജന്റെ അപഥസഞ്ചാരത്തിന്റെ വിവരണങ്ങളാണ്. രാജാവ് പോയതുമുതൽ അന്തപ്പുരത്തിലെ സ്ത്രീകളെ മുഴുവൻ അശുദ്ധമാക്കിയെന്നും പട്ടമഹഷിയെപ്പോലും വെറുതെവിട്ടില്ല എന്നുമൊക്കെ. കൊട്ടാരത്തിലെത്തിയ രാജാവ് അനുജന് ക്രൂരമായ ശിക്ഷകൾ വിധിച്ചു.
കുറ്റാരോപിതൻ പറഞ്ഞു: ‘‘ശിക്ഷയിൽനിന്ന് ഒളിച്ചോടാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, ആദ്യം ആ സ്വർണപേടകം തുറന്നുനോക്കണമെന്ന് ഞാൻ പ്രാർഥിക്കുന്നു’’. രാജാവ് പേടകം വരുത്തി. അതിനകത്ത് മുറിച്ചെടുത്ത ഒരു ജനനേന്ദ്രിയമായിരുന്നു!’’ എന്താണിതിന്റെ അർഥം?- രാജാവ് ചോദിച്ചു. ‘‘അങ്ങ് കൊട്ടാരം വൈദ്യനെ വിളിച്ച് പരിശോധിച്ചോളൂ, എന്റെ അവയവമാണത്. രാജ്യഭാരം ഏറ്റെടുത്താൽ കേൾക്കാൻപോകുന്ന അപവാദം ഇതായിരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അതിനാൽ ഞാൻ ആ അംഗം വിച്ഛേദിച്ചു. എന്റെ ദീർഘദൃഷ്ടിയുടെ തെളിവ് ബോധിച്ചെങ്കിൽ കൃപയുണ്ടാകണം.’’ രാജാവിന് അനുജനോട് ആദരവ് തോന്നിയെന്നും കൊട്ടാരത്തിലോ അന്തപ്പുരത്തിലോ എവിടെയും കടന്നുചെല്ലാൻ അനുമതി കൊടുത്തു എന്നുമാണ് കഥ. പലദേശങ്ങളിൽ, പലഭാഷകളിൽ ഇത്തരം ധാർമിക കഥകളുണ്ട്. രാഷ്ട്രീയക്കാരന് ഏറ്റവും പ്രധാനപ്പെട്ട അവയവം നാവല്ല. ഇക്കാര്യം അറിഞ്ഞുവരാൻ കാലമെടുക്കും. ആ ഭാഗ്യം രാഹുൽ മാങ്കൂട്ടത്തിലിന് ഉണ്ടായില്ല.
രണ്ടാമത്തെ കാരണം, കേരളത്തിന്റെ അധികാര തലസ്ഥാനം, ഇക്കാര്യത്തിൽ ദുർബല പ്രദേശമാണെന്നതാണ്. ഒരു എം.എൽ.എ സാധാരണഗതിയിൽ വിഹരിക്കുന്ന സ്ഥലങ്ങളൊക്കെ അപകടംപിടിച്ച ഇടങ്ങളാണ്. നമ്മുടെ എം.എൽ.എ ഹോസ്റ്റലിനെപ്പറ്റി അടിയന്തരാവസ്ഥക്കാലത്ത് ബ്ലിറ്റ്സ് എന്ന പ്രസിദ്ധീകരണത്തിൽ ‘എം.എൽ.എ ഹോസ്റ്റൽ ടേൺഡ് ലൗനെസ്റ്റ്’ എന്ന തലക്കെട്ടിലൊരു വാർത്ത വന്നിട്ടുണ്ട്. ഒരു കോൺഗ്രസ് എം.എൽ.എയുടെ മുറിയിൽ അദ്ദേഹത്തിന്റെ ‘കാമുകി’ എത്തിയതാണ് തുടക്കം. ആ കാമിനിയെ കാണണമെന്ന് മറ്റൊരു എം.എൽ.എയുടെ മുറിയിൽനിന്ന് ഇറങ്ങിവന്ന യുവാവ് വാശിപിടിച്ചു. മലബാറുകാരനായ ഒരു മുതിർന്ന എം.എൽ.എയുടെ മകനായ യുവ കമ്യൂണിസ്റ്റ് കലാപകാരി മുറിക്കുമുന്നിൽ കുത്തിയിരിപ്പായി. വാച്ച് ആൻഡ് വാർഡ് അയാളെ ബലംപ്രയോഗിച്ച് മാറ്റി സ്ത്രീയെ കുളിമുറിവഴി രക്ഷപ്പെടുത്തി.
കോൺഗ്രസിൽ ഗ്രൂപ്പുവൈരം മൂത്ത കാലമായതിനാൽ പെണ്ണുങ്ങളെ താമസിപ്പിച്ച ഐ ഗ്രൂപ്പുകാരായ എം.എൽ.എമാരെ പ്രതിക്കൂട്ടിലാക്കാൻ എ ഗ്രൂപ്പുകാർ കൊണ്ടുപിടിച്ചു ശ്രമിച്ചു. സെൻസർ നിയമംകാരണം ഒരു കാർട്ടൂൺപോലും പത്രങ്ങളിൽ വന്നില്ല. ആഭ്യന്തര മന്ത്രി കെ.കരുണാകരൻ, സ്പീക്കറുടെ ചുമതല വഹിച്ചിരുന്ന ടി.എസ്.ജോൺ, നിയമസഭാ സെക്രട്ടറി ആർ. പ്രസന്നൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. ചില നിയന്ത്രണങ്ങളൊക്കെ ഏർപ്പെടുത്തി. സംഭവം ചില മാർക്സിസ്റ്റ് ബുദ്ധിജീവികൾ ഇ.എം.എസിന്റെ ചെവിയിലെത്തിച്ചു. അദ്ദേഹമാണ് അതിലെ വാർത്ത തിരിച്ചറിഞ്ഞതും ബ്ലിറ്റ്സിൽ എത്തിച്ചതും. ഇതിന്റെ കൂടുതൽ വിവരങ്ങൾ ചില ആത്മകഥകളിലുമുണ്ട്. എം.എൽ.എമാരുടെയും, ഹോസ്റ്റലിൽ പാർട്ടിയാവശ്യത്തിന് താമസിക്കുന്ന അന്തേവാസികളുടെയും ‘നല്ലനടപ്പ്’ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ സി.പി.എം നിയമസഭാകക്ഷി ഓഫിസിൽ സംവിധാനമുണ്ടായിരുന്നു.
മന്ത്രിയായാൽ റിസ്ക് ഏറുകയാണ്. അത് ദീർഘദർശനം ചെയ്തവരാണ് കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ. 1957ൽ മന്ത്രിസഭയെക്കുറിച്ച് ചർച്ച ചെയ്തപ്പോൾ ആദ്യമെടുത്ത തീരുമാനം നിയുക്ത മന്ത്രിമാരായ രണ്ടുപേരെ കല്യാണം കഴിപ്പിക്കണമെന്നതായിരുന്നു. ടി.വി. തോമസിനെയും കെ.ആർ. ഗൗരിയമ്മയെയും. കാര്യം രണ്ടുപേരും പ്രഗത്ഭരാണ്. പരസ്പരം പ്രണയത്തിലുമാണ്. അതും നേതാക്കൾക്കറിയാം. വിവാഹം നടത്തണമെന്ന് പാർട്ടി തീരുമാനിച്ചു. ടി.വി. തോമസിനാണെങ്കിൽ അതിനുമുമ്പൊരു പ്രണയമുണ്ടായിരുന്നു. അതിലൊരു കുഞ്ഞുമുണ്ട്. അതും രഹസ്യമല്ല. കുഞ്ഞിനെ സ്കൂളിൽ ചേർക്കുമ്പോൾ പിതാവിന്റെ പേര് ടി.വി. തോമസ് എന്ന് ചേർത്തത് ടി.വി. തോമസ് തന്നെയാണ്. അത്രക്കുണ്ട് ആണത്തം. എങ്കിലും പരമാവധി ശ്രദ്ധ എന്നായിരുന്നു പാർട്ടിലൈൻ.
അത്രതന്നെ പ്രഗത്ഭരായ കെ.സി. ജോർജ്, കെ.പി. ഗോപാലൻ എന്നിവരും മന്ത്രിസഭ വന്ന് ആറുമാസത്തിനകം വിവാഹിതരായി. പക്ഷേ, വരാനുള്ള അപവാദം വഴിയിൽ തങ്ങിയില്ല. അവിവാഹിതരാരുമല്ല, ഭാര്യയും മക്കളുമുള്ള പി.കെ. ചാത്തൻ മാസ്റ്ററാണ് അതു വരുത്തിവെച്ചത്. സ്വന്തം മണ്ഡലത്തിൽനിന്നുള്ള മൈമൂന എന്നൊരു സ്ത്രീയെ ചാത്തൻ മാസ്റ്റർ മന്ത്രിമന്ദിരത്തിലും ടി.ബികളിലും പാർപ്പിച്ചതാണ് പുലിവാലായത്. ഭാര്യയുടെ സഹപാഠിയാണെന്നും പിതൃതുല്യമായ സ്നേഹത്തോടെ കൂട്ടിയതാണെന്നും പറഞ്ഞുനോക്കി. പക്ഷേ അതൊരു മുദ്രാവാക്യമായി ചരിത്രത്തിൽ സ്ഥാനംപിടിച്ചു. ആ മന്ത്രിസഭ ’59ൽ ചരിത്രമായല്ലോ.
’60ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-പി.എസ്.പി-ലീഗ് മൂക്കൂട്ട് മുന്നണി വന്നു. പി.എസ്.പി നേതാവ് പട്ടം താണുപിള്ളയെ മുഖ്യമന്ത്രിയാക്കിയെങ്കിലും പിന്നെ ഗവർണറാക്കി പഞ്ചാബിലേക്ക് പറത്തി. 1962ൽ കോൺഗ്രസിന്റെ ഏകകക്ഷി മന്ത്രിസഭ. എല്ലാം തികഞ്ഞ ആർ.ശങ്കർ മുഖ്യമന്ത്രി, കേരളത്തിലെ കോൺഗ്രസ് തറവാട്ടിൽ പിറന്നവരിൽ ഏറ്റവും പ്രാഗത്ഭ്യമുള്ള പി.ടി. ചാക്കോ ആഭ്യന്തര മന്ത്രി. ചാക്കോച്ചൻ തലയുയർത്തിപ്പിടിച്ചങ്ങ് നിന്നാൽ കൊമ്പൻ വേറെ വേണ്ട. ’57ലെ പ്രതിപക്ഷ നേതാവാണ്. കമ്യൂണിസ്റ്റ് മന്ത്രിസഭയെ വറുത്തുകോരിയ പോക്കിരിയാണ്. പറഞ്ഞിട്ടെന്താ, ആഭ്യന്തര മന്ത്രിയായിരിക്കെ രണ്ടുദിവസം പീച്ചിയിലെ ഗെസ്റ്റ്ഹൗസിൽ വിശ്രമിച്ചു. കാറോടിക്കുന്നതിലും കമ്പമുള്ളതിനാൽ സ്റ്റേറ്റ് കാർ സ്വയമോടിച്ചാണ് തിരിച്ചുപോന്നത്. തൃശൂർ ടൗണിൽവെച്ച് കൈവണ്ടിയിലിടിച്ചു. കൈവണ്ടിക്കാരന് നേരിയ പരിക്കേ ഏറ്റുള്ളൂ. പക്ഷേ, പി.ടി. ചാക്കോക്ക് ഏറ്റ പരിക്കിൽ നിന്ന് അദ്ദേഹവും കോൺഗ്രസും പിന്നെ എണീറ്റിട്ടില്ല.
മന്ത്രിയുടെ കാറിൽ ഒരു സ്ത്രീയുണ്ടായിരുന്നു എന്നാണ് ആദ്യം വന്ന ഫ്ലാഷ്. അന്ന് ടി.വിയും മൊബൈലും സോഷ്യൽ മീഡിയയൊന്നുമില്ല എന്നത് സത്യം. ഇത്തരം വാർത്തകൾ പരക്കാൻ അതൊന്നുംവേണ്ട എന്നത് പരമമായ സത്യം. പിറ്റേദിവസം ഭാര്യയെ കാറിലിരുത്തി തൃശൂരിലൂടെ സവാരി ചെയ്തുനോക്കി. ഫലിച്ചില്ല. ആദ്യംകണ്ട സ്ത്രീ പൊട്ടുതൊട്ടിരുന്നു എന്നായി പത്രങ്ങൾ. കെ.പി.സി.സി അംഗമായ ഒരു വനിതാ നേതാവ് ഉത്തരവാദിത്തമേറ്റ് പ്രസ്താവനയിറക്കി, ഫലിച്ചില്ല. നിയമസഭയിൽ ചാക്കോ പതറിപ്പോയി. രാജിവെക്കേണ്ടിവന്നു. താമസിയാതെ ഹൃദയംതകർന്ന് മരിച്ചു. ശേഷം ചാക്കോ ഗ്രൂപ്പുകാർ ആർ.ശങ്കറിനെ പാലംവലിച്ചു താഴെയിട്ടു. അവർക്ക് കോൺഗ്രസിൽ നിൽക്കാൻ പറ്റാത്തതിനാൽ കേരള കോൺഗ്രസുണ്ടാക്കി. പിന്നെ കോൺഗ്രസ് കേരളത്തിൽ ഒറ്റക്ക് ഭരിച്ചിട്ടില്ല. ഒരൊറ്റ അപവാദംകൊണ്ട് കോൺഗ്രസിന്റെ അടിത്തറ തകർന്നു.
പിന്നീടുള്ള ചരിത്രം അറിയാമല്ലോ, കോൺഗ്രസെന്നോ, കമ്യൂണിസ്റ്റെന്നോ ഇല്ല. രാവെന്നോ പകലെന്നോ ഇല്ല. മന്ത്രിമന്ദിരത്തിൽ, നിയമസഭാ മന്ദിരത്തിൽ, പറക്കുന്ന വിമാനത്തിൽ, അതിഥി മന്ദിരങ്ങളിൽ, എവിടെയൊക്കെ കരിഞ്ഞുവീണൂ, രാഷ്ട്രീയ നഭോമണ്ഡലത്തിലെ താരകങ്ങൾ! അവരെയൊക്കെയും വെല്ലുന്ന വരവാണ് രാഹുൽ മാങ്കൂട്ടത്തിൽ വന്നത്. അതുകൊണ്ടുതന്നെ ഈ വീഴ്ചയും അതിഭീകരമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.