വോട്ടുകൊള്ളയുടെ ഭാരതീയ പാരമ്പര്യം
text_fieldsവിനയം രാജപുത്രേഭ്യഃ
പണ്ഡിതേഭ്യഃ സുഭാഷിതം
അന്യതം ദ്യുതകാര്യേഭ്യഃ
സ്ത്രീഭ്യഃ കൈതവം.
‘‘രാജപുത്രന്മാരിൽനിന്ന് വിനയവും പണ്ഡിതരിൽ നിന്ന് അറിവുകളും ചൂതുകളിക്കാരിൽനിന്ന് കള്ളംപറച്ചിലും സ്ത്രീകളിൽനിന്ന് വഞ്ചനയും പഠിച്ചറിയേണ്ടതാണ്’’- കൗടില്യൻ, ഇന്ത്യൻ മാക്ക്യവെല്ലി, എന്നൊക്കെ അറിയപ്പെടുന്ന ചാണക്യന്റെ മാസ്റ്റർപീസുകളിലൊന്നായ ’ചാണക്യനീതി’യിലെ പന്ത്രണ്ടാം അധ്യായത്തിലുള്ള പതിനെട്ടാം ശ്ലോകമാണിത്. വിനയവും അറിവുമുള്ളവർ എന്തിനാണ് കള്ളംപറയാനും വഞ്ചിക്കാനുമൊക്കെ പഠിച്ചെടുക്കുന്നതെന്നായിരിക്കും ചോദിക്കാൻ വരുന്നത്. അതുതന്നെയാണ് പറഞ്ഞുവരുന്നത്. ഭരണം നേടാനും നിലനിർത്താനും ഇതൊക്കെ വേണമത്രേ.
‘കോഴിക്കോട്-ചരിത്രത്തിൽനിന്ന് ചില ഏടുകൾ’ എന്ന പുസ്തകത്തിൽ, കോഴിക്കോട് രാജ്യം സാമൂതിരി സ്ഥാപിച്ചതെങ്ങനെയാണെന്ന് എം.ജി.എസ് വിശദീകരിക്കുന്നുണ്ട്. പെരുമാൾ പോകുന്ന പോക്കിൽ മാനിച്ചനും വിക്രമനും കൊടുത്തത് ‘‘കോഴിക്കോടും ചുള്ളിക്കാടും’’ എന്ന ഇത്തിരിവട്ടമായിരുന്നല്ലോ. പൊർളാതിരി ഭരിച്ചിരുന്ന പോളനാട് എന്ന പഴയ രാജ്യത്തോട് ചേർന്നായിരുന്നു മാനവിക്രമൻമാരുടെ താവളം. പോളനാട് പിടിച്ചടക്കാൻ അവർ 48 വർഷത്തോളം യുദ്ധംചെയ്തിട്ടും പൊർളാതിരിയെ തോൽപ്പിക്കാനായില്ല. വെട്ടിമരിച്ചതുകൊണ്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ സാമൂതിരി, പൊർളാതിരിയുടെ ഭാഗത്തെ പ്രഭുക്കന്മാരെ കാലുമാറ്റിക്കാൻ നോക്കി. അവർ കൂടെനിന്നാലേ അവർക്ക് കീഴിലുള്ള ‘ലോകർ’ കൂടെനിൽക്കൂ. കളരി നടത്തുന്നതും പടയാളികളെ സംഘടിപ്പിക്കുന്നതുമൊക്കെ ലോകരാണ്. ലോകരെ കൂറുമാറ്റാൻ പ്രഭുക്കന്മാർക്ക് കഴിയും. പ്രഭുക്കന്മാരെ സാമൂതിരി കൂടിയാലോചനക്കായി പന്നിയങ്കര ഭഗവതിക്ഷേത്രത്തിലെ വാതിൽമേടയിലേക്ക് വിളിച്ചു. വെട്ടത്തുരാജാവ് മുതൽ വടകരെക്കൂറ്റിൽ പിലാശ്ശേരി നായർ വരെ, ആ യോഗത്തിൽ പങ്കെടുത്ത 34 ഇടപ്രഭുക്കാരുടെ പേര് ‘കേരളോൽപ്പത്തി’ എന്ന ഗ്രന്ഥത്തിൽനിന്ന് എം.ജി.എസ് പകർത്തിയിട്ടുണ്ട്.‘‘നിങ്ങൾ ഞങ്ങൾക്ക് ബന്ധുവായി നിൽക്കണം; തുണയായി നിൽക്കുകയും വേണം എന്ന് അഭ്യർഥിച്ചശേഷം അന്യോന്യം കൈപിടിച്ച് ‘സമയം’ ചെയ്തു.‘‘സന്ധിയിൽ ഒപ്പുവെക്കുകയല്ല നേരിട്ടുകൂടി വാക്കാലേ പറയുകയാണ് അന്നത്തെ ആചാരം. പറഞ്ഞവാക്കിന് എഴുത്തിനേക്കാൾ വിലയുണ്ടായിരുന്നു’’എന്ന് എം.ജി.എസ്.
വെട്ടത്തുരാജാവ് - 5,000, പയ്യനാട്ട് നമ്പിടി-5,000, മങ്ങാട്ട് നമ്പിടി 1,200, വീട്ടിക്കാട്ട് പടനായർ-300, കുതിരവട്ടത്തുനായർ-5,000, പിലാശ്ശേരി നായർ- 50 എന്നിങ്ങനെ ഓരോ ഇടപ്രഭുവിനും കീഴിലുള്ള പടയാളികളുടെ എണ്ണം കൊടുത്തിട്ടുണ്ട്. ആകെ 34,350 പട്ടാളക്കാരുണ്ട്. ഇത്രയുംപേർ മറുകണ്ടംചാടി സാമൂതിരിയുടെയും ഇളംകൂർവാണ നമ്പ്യാതിരിയുടെയും നേതൃത്വത്തിൽ പടവെട്ടിയിട്ടും പൊർളാതിരിയെ തോൽപ്പിക്കാനായില്ല. അങ്ങേർക്കാണെങ്കിൽ 32 തറയും പതിനായിരം പടയാളികളും മൂന്ന് കൂട്ടവും അഞ്ച് അകമ്പടിജനവും മാത്രമാണുള്ളത്. എന്നിട്ടും പൊരുതിനിന്നു. അങ്ങനെയിരിക്കെ, സാമൂതിരി പൊർളാതിരിയുടെ കുലദേവതയായ ശ്രീപോർക്കലി ഭഗവതിയെ സേവിക്കാൻ തുടങ്ങി. ആറുമാസം സേവിച്ചപ്പോൾ ഭഗവതി പ്രത്യക്ഷപ്പെട്ടു. ദേവി ചില പുതിയ വഴികളൊക്കെ തോന്നിപ്പിച്ചു!
അതനുസരിച്ച് സാമൂതിരിയുടെ നാലു കാര്യക്കാരായ മങ്ങാട്ടച്ചൻ, ധർമ്മോത്തുപണിക്കർ, തിനയഞ്ചേരി ഇളയത്, പാറനമ്പി എന്നിവർ പൊർളാതിരിയുടെ ഭാര്യയായ ചാലപ്പുറത്തമ്മയെ കണ്ടു. പ്രലോഭനങ്ങൾ നിരത്തി. കോട്ടവാതിൽ ഉള്ളിൽനിന്ന് തുറന്നുകൊടുത്ത് സാമൂതിരിയുടെ പട്ടാളക്കാരെ അകത്തുകടത്തിയാൽ നാലുവീട്ടിലമ്മസ്ഥാനവും (നാലകത്തൂട്ടമ്മ) നാലാംകൂർ വാഴ്ചയും നാല് ആനയും നാൽപതിനായിരം പണവും കൊടുക്കാമെന്നേറ്റു. അതിലവർ വീണു. കോവിലകത്തുള്ള അനന്തരവരന്മാരായ തമ്പുരാന്മാരെയും തമ്പുരാട്ടിമാരെയും കാരണവരെ കണ്ടുവരൂ എന്നുപറഞ്ഞ് കടത്തനാട്ടേക്കയച്ചു. ചാലപ്പുറത്തമ്മ മാത്രം പോലൂരെ കോട്ടയിൽ തങ്ങി. പുലർച്ചെ പൊർളാതിരി കുളിക്കാനായി എണ്ണയിട്ട് കുളത്തിലേക്കിറങ്ങിയപ്പോൾ ഭാര്യ കോട്ടവാതിൽ ശത്രുക്കൾക്ക് തുറന്നുകൊടുത്തു. എന്തിനേറെ പറയുന്നു, തോൽവിസമ്മതിച്ച് വേഷംമാറി പോകുന്നതിനു മുമ്പ് പൊർളാതിരി കാര്യക്കാരനായ മേനോക്കിയേയും ചാലപ്പുറത്തമ്മയേയും വിളിച്ചുവരുത്തി ചർച്ച നടത്തുന്നുണ്ട്. ‘‘ഇനി ഞാൻ മരിക്കയോ, രാജ്യം ഒഴിഞ്ഞുപോകയോ വേണ്ടതെന്ന് നിങ്ങൾതന്നെ വിചാരിച്ചു പറയണം’’ എന്നാണ് ആവശ്യപ്പെട്ടത്. ‘മാനവിക്രമാരോട് യുദ്ധംചെയ്ത് ജയിക്കാൻ പണിയാണ്. രാജാവ് യുദ്ധംചെയ്ത് മരിച്ചാൽ ഞങ്ങളും കൂടെ മരിക്കേണ്ടിവരും. അതുകൊണ്ട് രാജ്യമൊഴിഞ്ഞ് പോകുന്നതാണ് നല്ലത്’’ എന്നായിരുന്നു മറുപടി. സംഗതിയുടെ കിടപ്പ് മുഴുവൻ പിടികിട്ടിയ പൊർളാതിരി വേഷംമാറി നാടുവിട്ടു എന്നാണ് ചരിത്രം. പൊർളാതിരിയുടെ മുഖ്യമന്ത്രിയായ മേനോക്കിയെത്തന്നെ സാമൂതിരി അതേ കാര്യങ്ങൾ ഏൽപ്പിച്ചു. പൊർളാതിരിയെ ചതിച്ച ഭാര്യക്ക് ‘കോഴിക്കോട് തലച്ചെന്നോർ’ എന്ന സ്ഥാനവും വാഗ്ദാനം ചെയ്ത സമ്മാനങ്ങളും കിട്ടി. ‘‘രാഷ്ട്രീയത്തിൽ അന്നുമിന്നും ആളുകൾ ഒരേ കളികളാണ് കളിക്കാറുള്ളതെന്നും അതിൽ ദൈവനാമം ഒരു പ്രധാനായുധമാണെന്നും ഓർക്കുക’’ എന്നാണ് എം.ജി.എസ് ചൂണ്ടിക്കാണിക്കുന്ന ഗുണപാഠം.
ഇനിവേണം,‘‘തൃശൂർ ഞാനിങ്ങ് എടുക്കുവാ’’ എന്ന് സുരേഷ് ഗോപി നേരത്തെ പ്രഖ്യാപിച്ചതുപോലെതന്നെ എടുത്തതും, വാരാണസിയിൽ മോദി പിന്നിലായപ്പോൾ എണ്ണൽ നിർത്തിവെച്ചതും പിന്നീടെണ്ണിയപ്പോൾ മുന്നേറി ജയിച്ചതുമൊക്കെ ഓർക്കാൻ. ഈ കള്ളക്കളികളെല്ലാം പുറത്തുവന്നിട്ടും ബി.ജെ.പി നേതാക്കൾക്കൊരു കുലുക്കവുമില്ല എന്നതും കാണണം.‘‘ഞങ്ങളീ അധികവോട്ടുകളൊക്കെ ചേർക്കുമ്പോൾ നിങ്ങളെവിടെയായിരുന്നൂ’’! എന്ന തികച്ചും ‘ന്യായമായ’ ചോദ്യം ഉന്നയിച്ച് ഞെളിഞ്ഞുനിൽക്കുകയാണവർ. അവർക്കതിന് കഴിയും. ഇതൊക്കെ നടത്തിക്കുന്ന അവരുടെ നേതാവിനെ അവർ വിളിക്കുന്നത്, ‘രാഷ്ട്രീയചാണക്യൻ എന്നാണല്ലോ. അതാണ്! അമിത് ഷായുടെ ഒറിജിനലാണ് ചാണക്യൻ. നന്ദസാമ്രാജ്യത്തിലെ അവസാനത്തെ ചക്രവർത്തിയായ ധനന്ദൻ തന്നെ ബഹുമാനിക്കുന്നില്ല എന്നുതോന്നിയപ്പോൾ ചന്ദ്രഗുപ്തമൗര്യനെ പരിശീലിപ്പിച്ച് രംഗത്തിറക്കി മൗര്യസാമ്രാജ്യം സ്ഥാപിച്ചതാണ് ചാണക്യന്റെ രാഷ്ട്രീയജീവചരിത്രത്തിലെ പ്രധാന നാഴികക്കല്ല്. പിന്നീട്, ചന്ദ്രഗുപ്തമൗര്യന്റെ മന്ത്രിയായിരുന്നു. രാജ്യം പിടിച്ചടക്കാൻ മാത്രമല്ല, രാജകുടുംബത്തിന് ഒരു അസ്വാരസ്യവുമില്ലാതെ ഭരിക്കാനുമുള്ള തന്ത്രങ്ങളൊക്കെ ഉപദേശിച്ചിരുന്നത് ചാണക്യനായിരുന്നു. ആ ഉപദേശങ്ങളുടെയൊക്കെ സമാഹാരമാണ് ചാണക്യനീതി. ചാണക്യനീതിയിൽ പലയിടത്തായി പറയുന്ന രാഷ്ട്രീയതന്ത്രങ്ങൾ ലുഡ്വിക് സ്റ്റെൻബാക്ക് എന്ന പോളണ്ടുകാരനായ പണ്ഡിതൻ ചാണക്യരാജനീതി എന്ന പേരിൽ േക്രാഡീകരിച്ചിട്ടുണ്ട്. അഡയാർ ലൈബ്രറിയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
മനസ്സിൽ കുറ്റബോധം സൂക്ഷിക്കരുത് എന്നാണ് ചാണക്യന്റെ പ്രഥമ ഉപദേശം. നിശബ്ത ആയുധമാക്കുക, അതായത് കോലാഹലമുണ്ടാക്കാതെ ചെയ്യാനുള്ളത് ചെയ്യുക, കഠിനാധ്വാനം മാത്രംപോരാ, തന്ത്രങ്ങളും വേണം. ആരെയും പൂർണവിശ്വസത്തിൽ എടുക്കരുത്, എന്നിങ്ങനെ പോകുന്നു ഉപദേശങ്ങൾ. രാഷ്ട്രതന്ത്രത്തിൽ ലക്ഷ്യംനേടാൻ ഏത് ഉപായവും സ്വീകരിക്കാമെന്ന് വിശ്വസിച്ചതുകൊണ്ടാണ് കൗടില്യൻ എന്ന പേര് വന്നത്. അതല്ല, കുടലരാജ്യത്ത് ജീവിച്ചിരുന്നതുകൊണ്ടാണ് എന്നുമുണ്ട്. ചാണക്യനീതിപോലെ തന്നെ പ്രസിദ്ധമാണ് അർഥശാസ്ത്രം എന്ന രചനയും. രാജവംശത്തിന്റെ സുരക്ഷക്കും ഭരണത്തിന്റെ സ്ഥിരതക്കും വേണ്ടി എന്തുചെയ്താലും അദ്ദേഹത്തിന് ന്യായമാണ്. ചാരപ്പണി, മനശ്ശാസ്ത്രയുദ്ധം, തെറ്റായ വിവരം പ്രചരിപ്പിക്കൽ, വേണ്ടിവന്നാൽ കൊലപാതകം എന്നിവയൊക്കെ ന്യായീകരിക്കുന്നു. എന്നുമാത്രമല്ല, ചതിയും വഞ്ചനയും രാഷ്ട്രീയത്തിൽ പ്രധാന ആയുധമാണെന്നും പഠിപ്പിക്കുന്നുണ്ട് ചാണക്യാചാര്യൻ. വല്ലാതങ്ങ് സത്യസന്ധരാകരുത് എന്നാണ് മറ്റൊരുപദേശം! ശത്രുവിനെ തോൽപ്പിക്കാൻ എന്ത് അധർമവും പ്രയോഗിക്കാമെന്നും.
‘‘ബുദ്ധിമാന്മാർ പ്രഭാതത്തിൽ ചൂതുകളിയെക്കുറിച്ചും (മഹാഭാരതത്തെക്കുറിച്ച്) ഉച്ചക്ക് സ്ത്രീയെക്കുറിച്ചും(രാമായണത്തെക്കുറിച്ച്) രാത്രി മോഷണത്തെക്കുറിച്ചും (ഭാഗവതത്തെക്കുറിച്ച്) ചർച്ചചെയ്യുന്നു’’.- എന്നാണ് ഒമ്പതാമധ്യായത്തിലെ പതിനൊന്നാം വചനം!
മഹാഭാരതം അറിയാമല്ലോ, പാണ്ഡവർക്ക് അവകാശപ്പെട്ട രാജ്യം കൈയടക്കാൻവേണ്ടി കൗരവർ കള്ളച്ചൂതിൽ അവരെ തോൽപ്പിച്ച് കാട്ടിലേക്കയച്ചതാണല്ലോ കഥാതന്തു. കള്ളംപറയാൻ ചൂതുകളിക്കാരിൽനിന്ന് പഠിക്കണമെന്ന് ചാണക്യൻ ഉപദേശിച്ചത് വെറുതെയല്ല. പിന്നെ രാമായണം, സ്വന്തം ദശരഥരാജാവിന്റെ മക്കളിൽനിന്ന് രാജാവാക്കാൻ ദശരഥൻ തെരഞ്ഞെടുത്ത രാമൻ സ്ഥാനാരോഹണം ചെയ്യാൻ പോകുമ്പോൾ രണ്ടാനമ്മയായ കൈകേയി ഇടപെട്ട് രാജാവിനെ കുഴപ്പത്തിലാക്കി രാമനെ പതിനാല് കൊല്ലത്തേക്ക് കാട്ടിലയച്ചതാണ് അതിന്റെ കഥാതന്തു. വഞ്ചന സ്ത്രീയിൽനിന്ന് പഠിക്കണമെന്ന് പറഞ്ഞത് ഓർക്കുക. പാണ്ഡവരും രാമനും കാട്ടിലേക്ക് പോകേണ്ടിവന്നു. കൗരവർക്കും കൈകേയിയുടെ മകനും ഭരണംകിട്ടി. അതുതന്നെയാണ് സമ്മതിറാഞ്ചലിന്റെ ഭാരതീയ ഇതിഹാസം. അവ രണ്ടും യുദ്ധത്തിന്റെയും ദുരന്തത്തിന്റെയും ഇതിഹാസങ്ങളായിട്ടാണ് അവസാനിച്ചതെന്നുമുണ്ടൊരു ഗുണപാഠം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.