പച്ചക്കൊടിയിലെ കോണിയും പാമ്പും
text_fields1948 മാർച്ച് 10ന് മദ്രാസിൽ രൂപംകൊണ്ട ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന് 77 വർഷത്തിന് ശേഷമാണ് രാജ്യതലസ്ഥാനത്ത് ഒരു ഓഫിസ് സ്ഥാപിക്കാനായത്. വളരെ പതിയെ ഒരു രാഷ്ട്രീയയാത്ര. 2025 ആഗസ്റ്റ് 24ന് പഴയ ഡൽഹിയിലെ രിയാഗഞ്ചിൽ ആ ഓഫിസ് പ്രവർത്തനമാരംഭിച്ചപ്പോൾ കൗതുകമുള്ള ചില വിവാദങ്ങളും വിടർന്നുവന്നു. മുസ്ലിം ലീഗിന് ഏറ്റവും ശക്തിയുള്ള മണ്ഡലത്തിൽനിന്ന് ആ ശക്തിയുടെ പിൻബലത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് ജയിച്ചുകയറിയ ഘടകകക്ഷി എം.പി ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാതെ വിട്ടുനിന്നു എന്നതാണൊന്ന്. 77 വർഷമായി ഉപയോഗിക്കുന്ന പതാകയിൽ കാണാത്ത തെരഞ്ഞെടുപ്പ് ചിഹ്നം ഡൽഹി ആസ്ഥാനത്തെ കൊടിയിൽ കണ്ടു എന്നതാണ് മറ്റൊരു വിവാദം. മുസ്ലിം ലീഗ് എന്ന പാർട്ടിയുടെ പേരിനെയും അതിന്റെ പതാകയേയും ഉത്തരേന്ത്യയിലെ കോൺഗ്രസുകാർ ഇപ്പോഴും അകറ്റിനിർത്തുന്നു എന്നാണല്ലോ ഇതിന്റെ പൊരുൾ. ലീഗിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കോണി ഡൽഹിയിലെത്തിയപ്പോൾ കൊടിയടയാളമായതിന്റെ പരംപൊരുൾ തേടേണ്ടത് ഇപ്പോഴാണ്. കണ്ണുകൊണ്ട് കാണാവുന്നൊരു കോണി മാത്രമല്ല കാണാനാവാത്തൊരു പാമ്പും എന്നും ലീഗിനോടൊപ്പമുണ്ട്. ഒരുവട്ടം കോണി കയറിയാൽ രണ്ടുവട്ടമെങ്കിലും പാമ്പ് കൊത്തി താഴെയിടും. അത്രമേൽ അപകടകരമായ കളിയിലൂടെയാണ് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ദരിയാഗഞ്ചിലെങ്കിലുമെത്തിയത്. ഒരു കണക്കിനത് ലീഗിന്റെ മാത്രം വിധിയല്ല. ഇന്ത്യയിലെ ന്യൂനപക്ഷരാഷ്ട്രീയത്തിന്റെ ഗതിയാണത്.
അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ പ്രവർത്തനം 1947ന്റെ തുടക്കത്തിൽ മരവിപ്പിച്ചിരുന്നു. വിഭജനശേഷം, 1947 ഡിസംബർ 15ന് കറാച്ചിയിലാണ് നേതൃയോഗം പിന്നീട് ചേരുന്നത്. അതിൽവെച്ച് ലീഗും രണ്ടായി പിരിഞ്ഞു. പാകിസ്താനിലുള്ളവർ പാകിസ്താൻ മുസ്ലിം ലീഗ് എന്ന പേര് സ്വീകരിച്ചു. അതിന്റെ കൺവീനറായി ലിയാഖത്ത് അലി ഖാൻ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ മുസ്ലിം ലീഗിന്റെ കൺവീനറായി മുഹമ്മദ് ഇസ്മായിൽ സാഹിബിനെ തെരഞ്ഞെടുത്തു. തിരിച്ചുപോരും മുമ്പ് ഇസ്മായിൽ സാഹിബിനും സുഹൃത്തുക്കൾക്കും പാകിസ്താൻ പ്രധാനമന്ത്രികൂടിയായ ലിയാഖത്തലി ഖാൻ വിരുന്നുനൽകി. സംസാരം ഉപദേശമായപ്പോൾ, ഇസ്മായിൽ സാഹിബ് പറഞ്ഞു: ‘‘ഇപ്പോൾ ഞങ്ങൾ വേറൊരു രാജ്യക്കാരാണ്. നിങ്ങൾ വേറൊരു രാജ്യക്കാരാണ്. ഞങ്ങളുടെ പ്രശ്നം ഞങ്ങൾ പരിഹരിച്ചുകൊള്ളാം. ഞങ്ങളാലാകുന്നവിധം ചെയ്തുകൊള്ളാം. അത് അല്ലാഹുവിന്റെ വേണ്ടുകപോലെ നടക്കും. അതിൽ നിങ്ങൾ ഇടപെടാൻ ശ്രമിക്കരുത്. ഞങ്ങൾക്കുവേണ്ടി നിങ്ങൾ സംസാരിക്കുകയും വേണ്ട. പക്ഷേ, നിങ്ങളിൽനിന്ന് ഒരുകാര്യം മാത്രമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. നിങ്ങളുടെ നാട്ടിൽ ജീവിക്കുന്ന ന്യൂനപക്ഷത്തിന്റെ അഭിമാനം നിങ്ങൾ സംരക്ഷിക്കണം. ഞങ്ങൾ അവിടെ ന്യൂനപക്ഷമാണെന്ന് നിങ്ങൾ ഓർക്കണം. നിങ്ങൾ ഇവിടെ കൊടുക്കുന്നതാണ് ഞങ്ങൾക്ക് അവിടെ കിട്ടുക.’’ യാത്രപറഞ്ഞ് പോരുമ്പോൾ പാർട്ടി ഫണ്ടിന്റെ വിഹിതമായ 17 ലക്ഷം രൂപ സ്വീകരിക്കണമെന്ന് പാകിസ്താൻ ലീഗിന്റെ നേതാക്കൾ ഇന്ത്യക്കാരോട് പറഞ്ഞു. അവിഭക്ത മുസ്ലിം ലീഗിന് 40 ലക്ഷം രൂപയാണ് ഹബീബ് നാഷനൽ ബാങ്കിൽ നീക്കിയിരിപ്പുണ്ടായിരുന്നത്. അതിൽ 17 ലക്ഷമാണ് ഇന്ത്യൻ ഭാഗത്തുള്ളവരുടെ വിഹിതമായി കണക്കാക്കിയിരുന്നത്. അത് സ്വീകരിക്കാൻ ഇസ്മായിൽ സാഹിബും സഹപ്രവർത്തകരും തയാറായില്ല. ‘‘പാകിസ്താനിൽനിന്ന് പണം കൊണ്ടുവന്നിട്ടാണ് ലീഗ് രാഷ്ട്രീയപ്രവർത്തനം നടത്തുന്നത്’’ എന്ന് പറയാൻ ഇത് ഇടയാക്കും എന്ന് അവർ മുൻകൂട്ടി കണ്ടിരുന്നു. ഇന്ത്യയിലെത്തിയപ്പോൽ രാജാജി, സർദാർ പട്ടേൽ തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കൾ ആ വിഹിതം വാങ്ങാൻ ലീഗ് നേതാക്കളെ ഉപദേശിച്ചു എന്നൊരു തമാശയുമുണ്ട്.
ഇന്ത്യയിൽ ലീഗ് പ്രവർത്തനം ആരംഭിക്കാനുള്ള ചർച്ചകൾക്ക് വേദി കണ്ടെത്താൻപോലും ഏറെ കഷ്ടപ്പെടേണ്ടിവന്നു. മദിരാശി സർക്കാറിന്റെ ഉടമസ്ഥതയിലുള്ള ബാൻക്വിറ്റ് ഹാൾ (ഇപ്പോൾ രാജാജി ഹാൾ) ഉപാധിയോടെയാണ് അന്നത്തെ ആഭ്യന്തരമന്ത്രി ഡോ. സുബ്ബരായൻ അനുവദിച്ചുകൊടുത്തത്. മുസ്ലിം ലീഗ് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് പ്രമേയം പാസാക്കണം എന്ന ഉപാധിയോടെ. അങ്ങനെയാണ് 1948 മാർച്ച് 10ന് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗിന്റെ രൂപവത്കരണ സമ്മേളനം ചേരുന്നത്. 1925ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ യോഗം കാൺപൂരിൽ ആദ്യമായി ചേർന്നപ്പോൾ അധ്യക്ഷം വഹിച്ച മൗലാനാ ഹസ്രത്ത് മൊഹാനി അടക്കമുള്ളവർ മദിരാശിയിലെ ലീഗ് യോഗത്തിന് എത്തിയിരുന്നു. മുസ്ലിം ലീഗ് പിരിച്ചുവിട്ട് മുസ്ലിംകൾ മറ്റു പാർട്ടികളിൽ അംഗത്വമെടുക്കണം എന്ന പ്രമേയമാണ് ആദ്യം വന്നത്. ചർച്ച മണിക്കൂറുകൾ കടന്നുപോയപ്പോൾ രണ്ടാമതൊരു പ്രമേയം വന്നു. മതസാമൂഹ്യ സാംസ്കാരിക മേഖലകളിൽ മുസ്ലിം സമുദായത്തിന്റെ താൽപര്യസംരക്ഷണത്തിനായി ശ്രമിക്കുകയും സമുദായ താൽപര്യാർഥം മറ്റ് രാഷ്ട്രീയപാർട്ടികളുമായി സഹകരിച്ച് പ്രവർത്തിക്കാൻ സന്നദ്ധമാവുകയും ചെയ്യും എന്ന പ്രമേയം. അതാണ് അംഗീകരിക്കപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് പ്രവർത്തനമാരംഭിച്ചത്.
മറ്റു കക്ഷികളുമായുള്ള രാഷ്ട്രീയസഹകരണമാണ് ഏറ്റവും പ്രധാനമെന്ന് പെട്ടെന്നുതന്നെ തെളിഞ്ഞു. ലീഗിന് മറ്റു കക്ഷികളുടേത് മാത്രമല്ല മറ്റു കക്ഷികൾക്ക് ലീഗിന്റെ സഹകരണവും അത്യാവശ്യമായിരുന്നു. മദിരാശി നിയമസഭയിൽ കോൺഗ്രസാണ് ആദ്യമായി ലീഗിന്റെ സഹായം തേടിയത്. ’48ൽ രാജഗോപാലാചാരിയുടെയും പിന്നീട് കാമരാജിന്റെയും മന്ത്രിസഭകൾ നിലനിൽക്കാൻ ലീഗിന്റെ പിന്തുണ ആവശ്യമായി. ലീഗ് പുറത്തുനിന്ന് പിന്തുണകൊടുത്തു. മലബാറിൽ ഡിസിട്രിക്റ്റ് ബോർഡ് ഭരണം നിലനിർത്താൻ കമ്യൂണിസ്റ്റ് പാർട്ടിക്കും മുസ്ലിം ലീഗ് പിന്തുണകൊടുത്തു. ദോഷം പറയരുതല്ലോ, ഇ.എം.എസ് നമ്പൂതിരിപ്പാട് നന്ദിയോടെയാണ് അത് രേഖപ്പെടുത്തിയിട്ടുള്ളത്. 1953ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൽ ലീഗിന്റെ സഹായം കിട്ടിയകാര്യം നമ്പൂതിരിപ്പാട് എഴുതുന്നു: ‘‘മുസ്ലിം ലീഗുകാർ ഈ ബോർഡിൽ അംഗീകരിച്ച സമീപനം ഭാവി കേരള രാഷ്ട്രീയത്തിലേക്ക് വെളിച്ചംവീശുന്ന സംഭവമാണ്. യാഥാർഥ്യം പറയുകയാണെങ്കിൽ ലീഗ് കമ്യൂണിസ്റ്റ് ബന്ധം സഹകരണാത്മകമായിത്തീർന്ന ആദ്യത്തെ ഉദാഹരണമായിരുന്നു അത്’’ (കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ). കേരള സംസ്ഥാനം രൂപംകൊണ്ടശേഷം ആദ്യം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ലീഗുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസ് മഹാരാഷ്ട്രയിലെ സീനിയർ നേതാവായ എസ്.കെ പാട്ടീലിനെ അയച്ചതാണ്. അകമ്പടിയായി പനമ്പിള്ളി ഗോവിന്ദമേനോനുമുണ്ടായിരുന്നു. ഉപാധികൾ എ.ഐ.സി.സിയുമായി ചർച്ച ചെയ്യാൻ പോയ കോൺഗ്രസ് നേതാക്കൾ പിന്നീട് നിഷേധ പ്രസ്താവന ഇറക്കുകയാണുണ്ടായത്. അങ്ങനെയൊരു ചർച്ച നടന്നിട്ടേയില്ലെന്ന്. ആ തെരഞ്ഞെടുപ്പിൽ പിന്നീട് കമ്യൂണിസ്റ്റ് പാർട്ടി ലീഗുമായി ചില്ലറ നീക്കുപോക്കുണ്ടാക്കി. അപ്പോഴാണ് നെഹ്റു കോഴിക്കോട്ടുവന്ന് ലീഗിനെ ചത്തകുതിര എന്ന് വിളിച്ചത്. 1960ൽ കോൺഗ്രസ് ലീഗുമായി തുറന്ന സഖ്യം തന്നെയുണ്ടാക്കി. ഭൂരിപക്ഷം കിട്ടിയപ്പോൾ ലീഗിനെ മന്ത്രിസഭയിലെടുക്കില്ല എന്നായി. സ്പീക്കർ പദവിയിലൊതുക്കി. കാരണം മറ്റൊന്നുമല്ല, ഉത്തരേന്ത്യയിൽനിന്ന് നോക്കുമ്പോൾ ലീഗ് വർഗീയകക്ഷിയായി തോന്നുന്നു!
67ൽ ഇ.എം.എസിന്റെ കമ്യൂണിസ്റ്റ് പാർട്ടി ലീഗിനെ മുന്നണിയിലെടുത്ത് മന്ത്രിസ്ഥാനം കൊടുത്തു. മുന്നണി ധാരണയനുസരിച്ച് മലപ്പുറം ജില്ല അനുവദിച്ചു. അതൊക്കെ അങ്ങനെയാണെങ്കിലും 1969ൽ സി.പി.ഐ മുഖ്യമന്ത്രി അച്യുതമേനോൻ സി.എച്ച്. മുഹമ്മദ് കോയയെ ആഭ്യന്തരമന്ത്രിയാക്കിയപ്പോൾ, രണ്ടുവർഷംമുമ്പ് സി.എച്ചിനെ ആദ്യമായി മന്ത്രിയാക്കിയ സാക്ഷാൽ ഇ.എം.എസ് നമ്പൂതിരിപ്പാട് നെറ്റിചുളിച്ചു. മുസ്ലിം ലീഗുകാരനെ ആഭ്യന്തരമന്ത്രിയാക്കിയതിൽ അദ്ദേഹം രോഷംകൊണ്ടു. തെന്നിന്ത്യയിൽ ലീഗിന്റെ ജാതകമങ്ങനെയാണ്. കോൺഗ്രസുകാർക്കും കമ്യൂണിസ്റ്റുകാർക്കും ആവശ്യം വരുമ്പോൾ ലീഗ് പുരോഗമന പാർട്ടിയാണ്. അത് കഴിഞ്ഞാൽ വർഗീയ പാർട്ടിയാക്കും. 1959ൽ ലീഗിന് ബദലായി പ്രോഗ്രസീവ് ലീഗുണ്ടാക്കിയതാണ് കമ്യൂണിസ്റ്റ് പാർട്ടി. 1974ൽ ലീഗിനെ പിളർത്തി അഖിലേന്ത്യാ ലീഗുണ്ടാക്കി മുന്നണിയിലെടുത്തു. ശരീഅത്ത് വിവാദം വന്നപ്പോൾ അവരെ ഇറക്കിവിട്ടു.
1994ൽ ബാബരിയനന്തര കാലത്താണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും വലിയ ചതിക്ക് ലീഗിന്റെ ഏറ്റവും വലിയ നേതാവായ ഇബ്രാഹിം സുലൈമാൻ സേട്ട് ഇരയായത്. അന്ന് ലീഗ് പിളർന്നപ്പോൾ അദ്ദേഹമുണ്ടാക്കുന്ന പാർട്ടിയുടെ പേരിൽനിന്ന് ‘മുസ്ലിം’ എന്ന വാക്ക് ഒഴിവാക്കാൻ സി.പി.എം ജനറൽ സെക്രട്ടറി ഹർകിഷൻസിങ് സുർജിത്താണ് ഉപദേശിച്ചത്. 1995 ഏപ്രിൽ ആദ്യവാരം ചണ്ഡിഗഢിൽ സി.പി.എം പാർട്ടി കോൺഗ്രസ് ചേരുമ്പോൾ രാഷ്ട്രീയപ്രമേയത്തിന്റെ പൂർണവിവരം കിട്ടാൻ വയോധികനായ സേട്ട്സാഹിബ് നോമ്പുനോറ്റതുപോലെ കാത്തിരുന്നത് ജീവചരിത്രത്തിൽ വായിക്കുമ്പോൾ കണ്ണ് നിറഞ്ഞിട്ടുണ്ട്. ഇന്ത്യ കണ്ട ഏറ്റവും വലിയ സമുദായവാദിയായ സേട്ടിനെകൊണ്ട് മുസ്ലിമല്ലാത്ത ലീഗുണ്ടാക്കിച്ച് മൂന്നരപതിറ്റാണ്ട് ആ പാർട്ടിയെ പുറമ്പോക്കിലിട്ട സി.പി.എം ഇപ്പോഴും ഇടക്കിടക്ക് മുസ്ലിമുള്ള ലീഗിനെ ക്ഷണിക്കുകയും ആ മൂഡ് മാറുമ്പോൾ പുലഭ്യം പറയുകയും പതിവാണല്ലോ. മുസ്ലിം ലീഗിന്റെ ശക്തി കൊണ്ടുമാത്രം നേതൃകുടുംബത്തിലെ പുതുതലമുറയെ പാർലമെന്റിലെത്തിച്ചിട്ടും ലീഗ് കൊടി കാണുമ്പോൾ തലതാഴ്ത്തുന്ന കോൺഗ്രസ്. ഇവരൊക്കെയാണ് 77 കൊല്ലത്തെ യാത്രക്കിടയിൽ ലീഗിന്റെ സഹയാത്രികർ. കേരളത്തിലെ അടിത്തറയും അനുകൂല സാഹചര്യവും കേരളത്തിലെ ഭരണപങ്കാളിത്തത്തിന് മാത്രമായി ഉപയോഗിച്ചതിന്റെ തിരിച്ചടിയുമാവാം.
എങ്കിലും, ഹിന്ദുത്വരാഷ്ട്രീയക്കാർ അധികാരത്തിലെത്തി ഹിന്ദുരാഷ്ട്രം പ്രഖ്യാപിക്കാൻ മുഹൂർത്തം നോക്കിയിരിക്കുമ്പോൾ രാജ്യതലസ്ഥാനത്ത് ആസ്ഥാനം തുറക്കാൻ സാധിച്ചത് മുസ്ലിം ലീഗിന്റെ വിജയമല്ലേ? അല്ല എന്ന് വാദമുള്ളവർ 1947ൽ ഹിന്ദുമഹാസഭക്ക് പാർലമെന്റിൽ രണ്ട് സീറ്റ് മാത്രമുള്ളപ്പോൾ വമ്പൻ ഭൂരിപക്ഷത്തിൽ രാജ്യം ഭരിച്ചിരുന്ന നെഹ്റുവിന്റെ പാർട്ടിയും അന്ന് പ്രതിപക്ഷത്തെ നയിച്ചിരുന്ന എ.കെ.ജിയുടെ പാർട്ടിയും ഇപ്പോൾ ഏതവസ്ഥയിലാണെന്ന് ആലോചിക്കുന്നത് നല്ലതാണ്. ലീഗല്ലാതെതന്നെ നൂറുകണക്കിന് മുസ്ലിം എം.പിമാരും എം.എൽ.എമാരുമുണ്ടായിരുന്ന രാജ്യത്ത് ഇപ്പോൾ എത്രയുണ്ട് എന്നും നോക്കേണ്ടതാണ്!

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.