ഗ്രന്ഥപ്പുരയിൽ ഒ.എം.സിയും കഥാപാത്രങ്ങളും മാത്രം -കവിത
text_fieldsഎഴുത്തുകാരനും ഗ്രന്ഥശാലാ പ്രവർത്തകനുമായ ഒ.എം.സി കുറുന്തോടിയെ കുറിച്ച് എഴുതിയ കവിത
വായനശാലയിലിരുന്ന്
ഒ.എം.സി.
വായിക്കുകയാണ്.
ഇപ്പോൾ വായിക്കുന്നത്
കല്പറ്റ നാരായണൻ മാഷിൻ്റെ
അടരടരായ് ആശാൻ എന്ന കൃതി.
ആശാൻ കൃതികളിലൂടെ
കല്പറ്റ നടത്തുന്ന
ആഴത്തിലുള്ള സഞ്ചാരം .
വരികളല്ല കല്പറ്റ വായിച്ചത്
വരികൾക്കിടയിലൂടെയാണ്.
ആശാൻ്റെ
പുതിയ നളിനിയെയും
ദിവാകരനെയും
ലീലയെയും മദന നെയും
ചാത്തൻ പുലയനെയും
സാവിത്രീ അന്തർജനത്തെയും
പുതിയ രൂപത്തിൽ
പുതിയ ഭാവത്തിൽ കണ്ട്
ഒ.എം.സി
അത്ഭുതപ്പെട്ടു.
ഒ.എം.സി
എന്നും
പുതിയ വഴിയിലൂടെ സഞ്ചരിച്ച
നല്ല സഹൃദയൻ
പുരാതനകൃതികളെയും
അധുനാതന കൃതികളെയും
പുതിയ കണ്ണിലൂടെ ഒ.എം.സി
വായിക്കുന്നു.
അദ്ധ്യാത്മ രാമായണം കിളിപ്പാട്ടും
കടമ്മനിട്ടയുടെ ശാന്തയും
കെ.ജി എസിൻ്റെ ബംഗാളും കഷണ്ടിയും
ഒ.എം.സി വായിക്കുന്നത്
പുതിയ കാഴ്ചയിലൂടെയാണ്.
വായനയെ ന വ്യാനുഭൂതിയാക്കി മാറ്റുന്ന
നല്ല വായനക്കാരൻ.
ഒ.എം.സി.
വായിക്കുമ്പോൾ
വാഗർത്ഥങ്ങൾക്ക്
അതീതമായ അർത്ഥതലങ്ങളുടെ പുതിയ
ആകാശം
അദ്ദേഹത്തിൻ്റെ മുമ്പിൽ തെളിയുന്നു.
കഥാലോകത്തിൽ
വേങ്ങയിലിൻ്റെ വാസനാവികൃതി യും
വി. ആർ. സുധീഷിൻ്റെ പകതമയും
കാല സ്പന്ദനമറിഞ്ഞു കൊണ്ടു്
ഒ.എം.സി.വായിക്കുന്നു.
ഒ.എം.സി
കാല സ്പന്ദമാപിനിയായി മാറുന്നു.
നോവൽ വെളിച്ചത്തിൽ
അദ്ദേഹം
ഇന്ദുലേഖയും
ഖസാക്കിൻ്റെ ഇതിഹാസവും
വായിക്കുന്നു.
വായിക്കുമ്പോൾ
ഒ.എം.സി.യുടെ ആറാമിന്ദ്രിയം
ഉണരുന്നു.
യുവനിരൂപകൻ
കണ്ടെത്തുന്നതിനപ്പുറം
ഒ.എം.സി. കാണുന്നു.
അദ്ദേഹം
വരിക ളല്ല വായിക്കുന്നത്
വരികൾക്കിടയിലൂടെയാണ്
നിരൂപണ ലോകത്തിലെ അതികായൻമാരെയെല്ലാം
ഓ.എം.സി. പരിചയപ്പെടുന്നു
മാരാർ മുതൽ അപ്പൻ മാഷ് വരെ
അപ്പൻ മാഷ് മുതൽ
പി.കെ. രാജശേഖരൻവരെ
ഒ.എം. സി
കവിയുടെ കാല്പാടുകൾ
മുതൽ
എം.ലീലാവതിയുടെ ആത്മകഥ വരെ
വായിക്കുന്നു.
മാധവിക്കുട്ടിയുടെ എൻ്റെ കഥ വായിച്ച്
പലരോടും
സംവദിക്കുന്നു.
നവതി കഴിഞ്ഞ
ഒ.എം.സി
അടരടരായ് ആശാൻ
വായിച്ചു കഴിയുമ്പോൾ
നേരം
പോയതറിഞ്ഞില്ല.
ഈ കവിത
എഴുതുമ്പോൾ
എനിക്കു മുമ്പിൽ
ഒ.എം.സി. രചിച്ച
രണ്ടു ഗ്രന്ഥങ്ങളുണ്ട്.
മതിലേരി ക്കന്നി
നീലക്കുറിഞ്ഞി പൂത്ത ഓർമ്മകൾ.
ഒ.എം.സി.
ഗ്രന്ഥപ്പുര പൂട്ടി പുറത്തിറങ്ങി.
ഒറ്റക്ക് വീട്ടിലേക്ക് നടക്കുന്ന
അദ്ദേഹത്തോടൊപ്പം
പുസ്തകത്തിൽ നിന്നും ഇറങ്ങി വന്ന
കഥാപാത്രങ്ങളുണ്ട്.
മാർത്താണ്ഡവർമ്മ മഹാരാജാവ്
സുഭദ്ര
മാധവൻ
ഇന്ദുലേഖ
പരീക്കുട്ടി
കറുത്തമ്മ
മജീദ്, സുഹ്റ
സേതു, സുമിത്ര
ദാസൻ, ചന്ദ്രിക
ഖസാക്കിലെ രവി
സുധീഷ് മാഷിൻ്റെ മായ.
പകതമയിലെ രാജേന്ദ്രൻ
അങ്ങനെ
എത്രയെത്ര കഥാപാത്രങ്ങളാണ്
ഒ.എം.സിക്ക്
വഴി കാട്ടിയായ്
കൂടെയുള്ളത്.
അക്ഷരമാം അഗ്നിയിൽ നിന്നു o
വാക്കിന് വെളിച്ചം പകർന്ന്
അയാൾ
നടന്നുനീങ്ങുകയാണ്.
അക്ഷരങ്ങളെ പ്രണയിച്ച
വലിയ മനുഷ്യൻ ഒ.എം.സി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.