തെളിദീപനാളമായച്ഛൻ... കവിത
text_fieldsഓർമ്മയുടെ മറുതീരത്തെന്നും
ഒരു തെളിദീപനാളമായച്ഛൻ
മിഴികളിൽ ജലബാഷ്പമൂറിനിറഞ്ഞൊരു മങ്ങിയ കാഴ്ചയാണച്ഛൻ
മറുതീരമറിയാത്ത തീരത്തു നിന്നു
ഞാനിന്നും തിരയുന്നു സ്നേഹമേ നിന്നെ.......
അർപ്പിയ്ക്കുവാനിറ്റു നീർക്കണം മാത്രം
അതു മാത്രമാണെൻ്റെ വിശ്രാന്തിയും
ഒരു മഴപ്പെയ്ത്തിലും തീരില്ല
കദനങ്ങളൊഴുകി മറയില്ല
പുക തിന്നൊരു കാഴ്ച്ചകൾ
ദൃശ്യപ്രപഞ്ചത്തിലാനാദൃശ്യമായൊരാ
ശക്തിചൈതന്യമേ!
നിയുണർത്തുയെൻ്റെയുൾക്കാഴ്ച്ചയെ
ഞാനൊന്നു കണ്ടുകൊള്ളട്ടെയെൻ്റെയച്ഛനെ
ഞാനൊന്നിരുന്നു കൊള്ളട്ടെയാ മടിത്തട്ടിലിത്തിരി നേരം
ഒരു ചെറു പൈതലായിറ്റു നേരം
കണ്ണീർ പടർന്നു മറഞ്ഞൊരാ കാഴ്ച്ചയും മറയുന്നുവോ മെല്ലെ ജീവിതവീഥിയിൽ
മറവിതൻ രഥചക്രമുരുളുകൾദാക്ഷിണ്യമില്ലാതെ
തച്ചുടയ്ക്കുമോയെൻ്റെ സൗമ്യ സാമീപ്യത്തെ
മറയുവതെങ്ങനെയാ നിഴൽ ചിത്രങ്ങൾ
ഹൃദയം തപിയ്ക്കുന്ന മായാത്ത ദൃശ്യങ്ങൾ സ്നേഹമേ....നിന്നെ നമിയ്ക്കുന്നു ഞാനെന്നും
വാൽസല്യ ധാരയായി നിറഞ്ഞീടുകെന്നിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.