കുന്തി -കവിത
text_fieldsചർമ്മണ്വതീ നീയെത്ര ഭാഗ്യവതി
എൻ മകനെ നെഞ്ചിലേറ്റി ചായുറക്കിയോൾ
എൻ മകനു കരുതലായി കാവലായോൾ
എൻ മകനു ദുഗ്ദ്ധാമൃതം പകർന്നേകിയോൾ
ഞാനിന്നും നമിയ്ക്കുന്നു നിന്നെ
അമ്മേയെന്ന വിളിയലിയാത്തവൾ കുന്തി
അറിയാതെ ചെയ്തൊരു കൗമാരചാപല്യം മുളപ്പിച്ച
സൂര്യതേജസ്സിനെയൊഴുക്കി കളഞ്ഞവൾ
ഉറങ്ങിയിട്ടില്ലന്നു തൊട്ടിന്നോളവും ദുഃസ്വപ്നമകറ്റിയനിദ്രയുടെയർത്ഥഗതിയും
സ്വാസ്ഥ്യവുമറിഞ്ഞിട്ടില്ലിന്നോളവും
അന്നേ മരിച്ചവൾ കുന്തി
ചുമന്നു തീരാത്തൊരു കുറ്റബോധത്തിനെയിരുചുമലിലുമേറ്റിയുരുകി പ്പൊലിഞ്ഞവൾ
ഇന്നിതായീയവസാനമാത്രയിൽ
ഇക്കനത്തയിരുട്ടിൻ്റെയുഗ്രവിശപ്പിൻ്റെ യന്നമായി നിൽക്കുന്നു നിന്നരുകിൽ
ചോരയ്ക്കു ചോരകണക്കുതീർക്കുന്നതിനർത്ഥം ഗ്രഹിയാതെ
പറയാൻ കഴിയാതെ ശിലപോലെയായവൾ
അഗ്നിശിലപോലെയുരുകിപ്പിടഞ്ഞവൾ
കെട്ടുപോയീയമാവാസിയിൽ
മാഞ്ഞുപോയൊരാ സൂര്യതേജസ്സിനെ
ചേർത്തുപിടിച്ചണച്ചൊരു
നിൻ കരസ്പന്ദനമെങ്കിലുമെനിയ്ക്കായി നൽകുകയിത്തിരി നേരം
ചുരത്തിക്കുതിയ്ക്കുന്നൊരീ ക്ഷീരധാരയടങ്ങട്ടെയൊരു നേർത്ത തേങ്ങലായി
ഞാനുമൊരു കറുത്ത നക്ഷത്രമാവട്ടെ ചർമണ്വതീ!

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.