കൈക്കോട്ട്
text_fieldsവെറുമൊരായുധം മാത്രമല്ല കൈക്കോട്ട്
മണ്ണിലും മനസ്സുകളിലുമാണ്ടു പോയ
വരണ്ട ചിന്തകളെയുണർത്തുന്ന
മാറ്റത്തിൻ്റെ ശബ്ദമാണ്
തടിയുമിരുമ്പുമൊന്നാകുന്ന
പ്രത്യാശകളുടെ മുഷ്ടികയാണ്
വിയർപ്പിൽ നിന്നുയരുന്ന കരുത്താണതിന്
ഈർഷ്യയിരുൾ മൂടിയ പാതകളെയത്
ചെത്തി മിനുക്കുന്നു
വിദ്വേഷങ്ങളെ വേരറ്റു വീഴ്ത്തി
പകയാർത്തു വളരുന്ന പാടങ്ങളിൽ
പ്രേമത്തിൻ വിത്തുകൾ വിതക്കുന്നു
ഓർമ്മകളെ കൊയ്തെടുക്കുന്നു
തളർച്ചകളുടെ വെയിലിൽ തളർന്നാലും
തളിർക്കുവാനിടമുണ്ടെന്ന നിശബ്ദ
സത്യത്തെ പുറത്തെടുക്കുന്നു
സ്പർദ്ധ മേയും മേടുകളിൽ കൈക്കോട്ടൊരു
പ്രതിജ്ഞയാണ്
നീയും ഞാനുമെന്ന ഭിന്നതയകറ്റി
നാമെന്നൊരൊറ്റവാക്കിൽ
മനുഷ്യരാകാനുള്ള പ്രതിജ്ഞ
വെറുമൊരു പണിയായുധമല്ല കൈക്കോട്ട്
നിർമാർജ്ജനം മാത്രമല്ല മനുഷ്യ
മനസ്സുകളുടെ ശുദ്ധീകരണവും ദൗത്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.