മലയാളത്തെ തൊട്ടറിഞ്ഞ ഈണങ്ങൾ
text_fieldsഎസ്.പി. വെങ്കിടേഷിനെ ഞാൻ ആദ്യം കാണുന്നത് സംഗീത സംവിധായകൻ ശ്യാമിന്റെ സഹായിയും ഓർക്കസ്ട്ര കണ്ടക്ടറുമായിട്ടാണ്. ഒരേ സമയം ഒന്നിലധികം വാദ്യോപകരണങ്ങൾ അസാമാന്യമായി കൈകാര്യം ചെയ്യുന്നയാളായിരുന്നു വെങ്കിടേഷ്. ‘ശ്യാമ’ എന്ന സിനിമയിൽ വെങ്കിടേഷ് ഒരുക്കിയ പശ്ചാത്തല സംഗീതം വളരെ മെലോഡിയസ് ആയിരുന്നു. ഇത് കേട്ടിട്ടാണ് ഡെന്നീസ്ജോഫും തമ്പി കണ്ണന്താനവും ‘രാജാവിന്റെ മകൻ’ സിനിമയുടെ സംഗീത സംവിധാനം അദ്ദേഹത്തെ ഏൽപ്പിച്ചത്. വെങ്കിടേഷ് സ്വതന്ത്ര സംഗീത സംവിധായകനായി പ്രവർത്തിച്ച ആദ്യ ചിത്രത്തിൽ തന്നെ ഞങ്ങൾക്ക് ഒരുമിക്കാൻ കഴിഞ്ഞു. പിന്നീട് ഭൂമിയിലെ രാജാക്കൻമാർ, വഴിയോരക്കാഴ്ചകൾ, നായർ സാബ്, ധ്രുവം, സൈന്യം, ഭാര്യ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു.
‘രാജാവിന്റെ മകൻ’ മുതൽ എല്ലാ ചിത്രങ്ങളിലും പാട്ടുകൾ ട്യൂണിട്ട ശേഷം എഴുതുകയായിരുന്നു. മലയാളത്തിന്റെ ഒരു ഛന്ദസ്സിലായിരുന്നില്ല വെങ്കിടേഷിന്റെ ഈണങ്ങൾ. മലയാളികളല്ലാത്ത സംഗീത സംവിധായകരെ അവരുടെ ഭാഷയിലെ ഈണത്തിന്റെ ഒരു രീതിയാകും നയിക്കുന്നത്. ‘രാജാവിന്റെ മകനി’ലെ ‘വിണ്ണിലെ ഗന്ധർവീണകൾ പാടുന്ന’ എന്ന ഗാനം ശ്രദ്ധിച്ചാൽ ഇത് മനസ്സിലാകും. മലയാളത്തിന്റെ ഒരു പമ്പരാഗത രീതിയിലായിരുന്നില്ല അതിന്റെ സംഗീതം. അതുകൊണ്ടുതന്നെ അത് തികച്ചും വ്യത്യസ്തവുമായി. ആ ഒരു വ്യത്യാസം വെങ്കിടേഷിന്റെ ആദ്യ കാല ഈണങ്ങളിലെല്ലാം പ്രകടമായിരുന്നു. പിന്നീട് ‘കിലുക്ക’ത്തിലെ ‘പനിനീർ ചന്ദ്രികേ...’, ‘ ധ്രുവ’ത്തിലെ ‘കറുകവയൽ കുരുവീ...’, ‘തുമ്പിപ്പെണ്ണേ വാ വാ’ പോലുള്ള മലയാളിത്തമുള്ള, ആസ്വാദകരുടെ ചങ്കിിൽ കൊള്ളുന്ന ഈണങ്ങൾ വെങ്കിടേഷിൽ നിന്ന് പിറന്നു. ഒരു മലയാളിയല്ല ചിട്ടപ്പെടുത്തിയത് എന്ന് ആർക്കും വിശ്വസിക്കാൻ കഴിയാത്ത തരത്തിലായിരുന്നു ആ പാട്ടുകളുടെ ഈണം. വെങ്കിടേഷ് എന്ന സംഗീത സംവിധായകനിലെ പ്രതിഭയെ ഞാൻ ഏറ്റവും വിലമതിക്കുന്നത് ഞങ്ങൾ ഒരുമിച്ച നായർ സാബ്, സൈന്യം പോലുള്ള ചിത്രങ്ങളിലെ പാട്ടുകളിലൂടെയാണ്. ‘സൈന്യ’ത്തിന് ഞാനും എസ്.എൻ സ്വാമിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. അതിലെ പാട്ടുകളെക്കുറിച്ച് എനിക്ക് ആദ്യമേ കൃത്യമായ ധാരണയുണ്ടായിരുന്നു.
എസ്.പി. വെങ്കിടേഷും ഷിബു ചക്രവർത്തിയും ഒരു പാട്ടിന്റെ കമ്പോസിങ് വേളയിൽ
ഒരു പാൻ ഇന്ത്യൻ സ്പേസിൽ മിലിട്ടറി പൈലറ്റ് വിദ്യാർഥികൾ പാടുന്ന ഗാനം എത്തരത്തിലുള്ളതായിരിക്കും എന്ന ചിന്തയിൽ നിന്നാണ് ‘ബാഗി ജീൻസും ഷൂസുമണിഞ്ഞ്....’ എന്ന ഗാനം ഉണ്ടായത്. അവരുടെ സ്വപ്നങ്ങളും കാഴ്ചകളും വ്യത്യസ്തമായിരിക്കും എന്ന ഉത്തമബോധ്യത്തിൽ റാപ്പ് മ്യൂസിക്കിന്റെ ശൈലിയിൽ പാട്ട് ഒരുക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. അതിൽ ഒരുപാട് കാര്യങ്ങൾ പറയാൻ പറ്റും. അന്ന് മലയാളത്തിൽ റാപ്പില്ല. ഇന്ത്യയിൽ തന്നെ കുറവാണെന്ന് പറയാം. ലിബറലൈസേഷനെക്കുറിച്ച് ഒരുപാട് ചൂടുപിടിച്ച ചർച്ചകൾ നടക്കുന്ന കാലം. ‘വീ വാണ്ട് ലിബറലൈസേഷൻ’ എന്നൊക്കെയുള്ള വരികളുമായി ഇറങ്ങിയ പാട്ടിൽ ‘പാറി നടക്കും പക്ഷികളൊന്നും വേളി കഴിക്കാറില്ല, കൂടെയുറങ്ങാൻ മാര്യേജ് ആക്ടും താലിയുമൊന്നും വേണ്ട’ എന്നിങ്ങനെ പൊതുവേദിയിൽ പറയാൻ ധൈര്യപ്പെടാത്ത പല കാര്യങ്ങളും പറഞ്ഞുവെച്ചിരുന്നു. അങ്ങനെ എഴുതാനുള്ള ഇടം ഉണ്ടാക്കി തന്നത് വെങ്കിടേഷ് ആണ്.
മലയാളി അല്ലാത്ത ഒരാൾ മലയാളിയുടെ സ്വപ്നവും ആശ്വാസവുമായി മാറി എന്ന് പറയുന്നത് വലിയൊരു കാര്യമാണ്. ‘പത്താം നിലയിലെ തീവണ്ടി’ ആണ് ഞങ്ങൾ ഒരുമിച്ച അവസാന ചിത്രം. അടിമുടി തമിഴനായിട്ടുള്ള ഒരു മനുഷ്യൻ. അദ്ദേഹം ഉണ്ടാക്കുന്ന സംഗീതത്തിന് ആ രൂപവുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല. സംഗീതം അതിരുകൾ ഭേദിക്കുമ്പോഴും വെങ്കിടേഷ് താൻ നിൽക്കുന്ന തനത് പാരമ്പര്യത്തിൽ ജീവിച്ചു. ഓരോ ചിത്രം കഴിയുമ്പോഴും അദ്ദേഹം മലയാളിയെ അങ്ങേയറ്റം തൊട്ടറിഞ്ഞിരുന്നു. മലയാളിക്ക് ചേരുന്ന സംഗീതം എന്താണെന്ന് തിരിച്ചറിഞ്ഞു. അതാണ് അദ്ദേഹത്തെ നിലനിർത്തിയത്. മലയാളത്തിലേക്ക് നല്ല പാട്ടുകളുമായി തിരിച്ചുവരണമെന്ന് അദ്ദേഹം ഒരുപാട് ആഗ്രഹിച്ചിരുന്നു. ‘ഷിബു എന്നാ സൗഖ്യമാ’ എന്ന് ചോദിച്ച് ഇനി വെങ്കിടേഷിന്റെ വിളി എത്തില്ല എന്നത് ഞാൻ വേദനയോടെ അറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

