വെണ്ണ കഴിക്കുന്നത് കുറച്ചാൽ കൂടുതൽ കാലം ജീവിക്കാം
text_fieldsമിക്കവർക്കും ഏറെ ഇഷ്ടമാണ് ബട്ടർ (വെണ്ണ). വിവിധതരം ഭക്ഷണങ്ങൾക്കൊപ്പം പലരും കൂടുതൽ അളവിൽ ബട്ടർ ചേർക്കാറുമുണ്ട്. എന്നാൽ പുതിയ പഠനം സൂചിപ്പിക്കുന്നത്, നിങ്ങൾ എത്ര കുറച്ച് ബട്ടർ കഴിക്കുന്നുവോ അത്രയും ആരോഗ്യത്തിന് നല്ലതാണെന്നാണ്. അമേരിക്കൻ ഹാർട്ട് അസോസിയേഷനാണ് പഠനം നടത്തിയത്.
ബോസ്റ്റണിലെ ബ്രിഗാം ആൻഡ് വിമൻസ് ആശുപത്രിയിലെ ഗവേഷകർ മൂന്ന് പതിറ്റാണ്ടിലേറെ 221,054 പേരെ നിരീക്ഷിച്ച് ഡാറ്റ വിശകലനം ചെയ്യുകയായിരുന്നു. 33 വർഷത്തിനിടെ ഇതിൽ 50,932 പേർ മരിച്ചു. 12,241 പേർ കാൻസർ മൂലവും 11,240 പേർ ഹൃദ്രോഗം മൂലവുമാണ് മരിച്ചത്. ഇതിൽ ദിവസവും കൂടുതൽ അളവിൽ ബട്ടർ കഴിച്ചവരിൽ അകാല മരണത്തിനുള്ള സാധ്യത 15 ശതമാനമുണ്ടായിരുന്നു. ഒലിവ് ഓയിൽ അടക്കം സസ്യ എണ്ണകൾ ഉപയോഗിച്ചവരിൽ അകാല മരണത്തിനുള്ള സാധ്യത 16 ശതമാനം കുറവായിരുന്നെന്നും ഗവേഷകർ കണ്ടെത്തി.
അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഇ.പി.ഐ/ലൈഫ്‌സ്റ്റൈൽ സയന്റിഫിക് സെഷനുകളിൽ അവതരിപ്പിച്ച് ജാമ ഇന്റേണൽ മെഡിസിനിൽ പ്രസിദ്ധീകരിച്ചതാണ് ഈ റിപ്പോർട്ട്. ബട്ടർ ഉപയോഗം കുറയ്ക്കുകയും പകരം കൂടുതൽ സസ്യ എണ്ണകൾ ഉപയോഗിക്കുകയും ചെയ്യുന്നത് അകാല മരണത്തിനുള്ള സാധ്യത 17 ശതമാനം കുറയ്ക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. മാത്രമല്ല, കാൻസർ, ഹൃദ്രോഗ സാധ്യതയും കുറയ്ക്കുമത്രെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.