ഭക്ഷണത്തിൽ ഉപ്പ് എത്രയാകാം?
text_fieldsകണക്കുകൾ ഇങ്ങനെ; യാഥാർഥ്യം?
ലോകാരോഗ്യ സംഘടന പറയുന്നത്, പ്രതിദിനം ഒരാൾക്ക് ഉപയോഗിക്കാവുന്ന പരമാവധി ഉപ്പിന്റെ അളവ് അഞ്ച് ഗ്രാം ആണ്; എന്നുവെച്ചാൽ, രണ്ട് ഗ്രാം സോഡിയം (ഉപ്പ് എന്നത് 20 ശതമാനം സോഡിയവും ബാക്കി ക്ലോറൈഡുമാണ്). അമേരിക്കൻ ഹാർട് അസോസിയേഷൻ പറയുന്നത്, പ്രതിദിനം 1.5 ഗ്രാം സോഡിയം മതിയെന്നാണ്. പക്ഷേ, ഉപ്പുപയോഗത്തിൽ ആരും ലോകാരോഗ്യ സംഘടനയെ അനുസരിക്കുന്നില്ല. ആഗോളതലത്തിൽ പ്രതിദിനം ഒരാൾ ശരാശരി 9-12 ഗ്രാം ഉപ്പ് ഉപയോഗിക്കുന്നുണ്ട്; ഇന്ത്യയിൽ ഇത് 10.9 ഗ്രാം ആണ്.
അധികമായാൽ
ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, പക്ഷാഘാതം, വൃക്ക തകരാർ, ആമാശയ അർബുദം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകും. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിന്റെ ഒരു പഠനമനുസരിച്ച്, പ്രതിദിനം ഒരു ഗ്രാം സോഡിയം കുറക്കാനായാൽ 2030ഓടെ 90 ലക്ഷം ഹൃദയസംബന്ധിയായ രോഗങ്ങൾ മൂലമുള്ള മരണങ്ങൾ ഒഴിവാക്കാം. സോഡിയം അധികമായതിന്റെ ഫലമായുള്ള രോഗങ്ങളാൽ 2019ൽ 18 ലക്ഷം മരണങ്ങൾ സംഭവിച്ചതായി ലാൻസെറ്റ് പഠനത്തിൽ വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഒന്നര ലക്ഷം മരണം റിപ്പോർട്ട് ചെയ്തു.
എന്തു ചെയ്യാനാകും?
ഉപ്പ് കൃത്യമായ അളവിൽ നിയന്ത്രിക്കുക എന്നതുമാത്രമാണ് പരിഹാരം. ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പ് ഉപ്പ് അളന്ന് ഉപയോഗിക്കുക; അതുവഴി പ്രതിദിനം ഉപയോഗിക്കുന്ന ഉപ്പിന്റെ അളവ് അറിയാനാകും. വീട്ടിലെ അംഗങ്ങളുടെ എണ്ണമനുസരിച്ച് ഓരോദിവസവും ആവശ്യമായ ഉപ്പ് ആദ്യം മാറ്റിവെക്കുക. പാചകം ചെയ്യുമ്പോൾ മാറ്റിവെച്ച ഉപ്പ് ഉപയോഗിക്കാം.
ഭക്ഷണത്തിലേക്കുള്ള ഫ്ലേവർ എന്ന നിലയിൽ ഉപ്പുപയോഗം കുറക്കുക. പകരം മറ്റു ഫ്ലേവറുകൾ ഉപയോഗിക്കാം
പ്രോസസ്ഡ് ഫുഡ്, ഹോട്ടൽ ഭക്ഷണം എന്നിവ കുറക്കുക
കുറഞ്ഞ സോഡിയം അളവുള്ള പാക്ക്ഡ് ഭക്ഷണം മാത്രം വാങ്ങുക

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.