കർക്കടക മാസത്തിൽ മുരിങ്ങയില കഴിക്കാമോ? അങ്ങനെ പറയുന്നതിന് കാരണമെന്താണ്...
text_fieldsകർക്കടക മാസം ആരംഭിച്ചിരിക്കുകയാണല്ലോ. മലയാളികൾക്ക് കർക്കടകം വെറും മഴക്കാലം മാത്രമല്ല, ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്ന കാലം കൂടിയാണ്. കർക്കടകത്തിൽ പ്രത്യേക ചികിത്സ നടത്തുന്നവരും പ്രത്യേക ഭക്ഷണക്രമം പാലിക്കുന്നവരുമെല്ലാം ഉണ്ട്. ആയുർവേദത്തിൽ സുഖചികിത്സയുടെ മാസമാണ് കർക്കടകം. പോഷകസമ്പുഷ്ടമായ കർക്കടകക്കഞ്ഞി തയാറാക്കുന്ന കാലമാണിത്. എന്നാൽ, ചില ഭക്ഷണങ്ങൾ കർക്കടകത്തിൽ ഒഴിവാക്കണമെന്ന് പറയാറുണ്ട്. അതിലൊന്നാണ് മുരിങ്ങ. ഏറെ പോഷകസമ്പന്നമാണ് മുരിങ്ങയെങ്കിലും കർക്കടകത്തിൽ മുരിങ്ങ കഴിക്കേണ്ട എന്നാണ് പഴമക്കാർ പറയുന്നത്. ഇതിന്‍റെ കാരണമായി പറയുന്നതിൽ പലതും വെറും വിശ്വാസങ്ങൾ മാത്രമാണെങ്കിലും മറ്റ് ചിലതിൽ അൽപം കാര്യവുമുണ്ട്.
കർക്കടകത്തിൽ മുരിങ്ങ മണ്ണിൽ നിന്നും വിഷാംശം വലിച്ചെടുത്ത് ശുദ്ധീകരിക്കുമെന്നും ഈ വിഷം ഇലയിൽ ശേഖരിക്കുമെന്നുമാണ് പറയപ്പെടുന്ന കാരണങ്ങളിലൊന്ന്. എന്നാൽ, ഇത് തെറ്റായ ധാരണയാണെന്നാണ് ഡോക്ടർമാർ ഉൾപ്പെടെ പലരും ചൂണ്ടിക്കാട്ടുന്നത്. കർക്കടകത്തിൽ മുരിങ്ങയിൽ വിഷാംശമായ 'കട്ട്' ഉണ്ടാകുമെന്ന് പഴമക്കാർ പറയുന്നു. മണ്ണിലെ വിഷാംശം വലിച്ചെടുക്കാനും വെള്ളം ശുദ്ധീകരിക്കാനും മുരിങ്ങക്ക് കഴിവുണ്ടെന്ന വിശ്വാസത്തിൽ ഇവ കിണറ്റിൻകരയിൽ നടാറുണ്ടായിരുന്നു. ഇത്തരത്തിൽ കർക്കടകത്തിൽ മുരിങ്ങയിൽ വിശാംഷം ഉണ്ടാകുമെന്ന് പറയുന്നത് ശരിയല്ല.
അതേസമയം, നമ്മുടെ ശരീരത്തിലും മുരിങ്ങയിലയിലും കർക്കടക മാസത്തിൽ ചില മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. കര്‍ക്കടകം മഴക്കാലം കൂടിയാതിനാൽ നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയകൾ സാവധാനമാകുന്ന കാലം കൂടിയാണ്. മുരിങ്ങയിലയിലാകട്ടെ, കൂടിയ അളവിൽ സെല്ലുലോസ് അടങ്ങിയതിനാൽ ശരീരത്തിന് ദഹിപ്പിക്കാൻ ഏറെ പണിയെടുക്കേണ്ടിവരും. ദഹനപ്രശ്നങ്ങളുള്ളവർ കർക്കടകത്തിൽ മുരിങ്ങ കഴിച്ചാൽ ദഹിക്കാതെ വയറുവേദന, വയറിളക്കം തുടങ്ങിയ അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്.
ഇതോടൊപ്പം തന്നെ മറ്റൊന്ന് കൂടി സംഭവിക്കുന്നുണ്ട്. മഴക്കാലത്ത് എല്ലാ ചെടികളിലും ഇലകൾ കൂടുതലായി ഉണ്ടാകുന്ന സമയമാണല്ലോ. മുരിങ്ങയിലും കൂടുതൽ ഇലകളുണ്ടാകും. ഈ സമയത്ത് മുരിങ്ങമരം ഇലകളിൽ ഐസോതയോസയനേറ്റ്സ് പോലുള്ള ചില രാസവസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇവ ഇലകൾക്ക് സാധാരണയിലും കൂടുതൽ കയ്പ് നൽകും. ഇതോടെ മുരിങ്ങയുടെ സാധാരണയുള്ള രുചിയിൽ മാറ്റം വരും.
ഈ രണ്ട് കാരണങ്ങളും ഒരുമിച്ചതോടെയാണ് പഴമക്കാർ കർക്കടകത്തിൽ മുരിങ്ങയിൽ വിഷം വരുമെന്നും കഴിക്കരുത് എന്നുമുള്ള നിഗമനത്തിലെത്തിയത്. ഇത് കൂടാതെ മറ്റ് ചില കാരണങ്ങളുമുണ്ട്. കർക്കടകത്തിൽ അന്തരീക്ഷത്തിലെ ഈർപ്പവും കുറഞ്ഞ താപനിലയുമെല്ലാം ചേർന്ന് മുരിങ്ങയിലയിൽ പൂപ്പലിന്‍റെയും മറ്റ് സൂക്ഷ്മജീവികളുടെയും വളർച്ചക്കുള്ള സാധ്യതയുണ്ട്. മുരിങ്ങ ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി വൃത്തിയാക്കി ഉണക്കിയില്ലെങ്കിൽ പണികിട്ടും. ഇതും കർക്കടകത്തിൽ മുരിങ്ങ കഴിക്കരുത് എന്ന് പറയുന്നതിനുള്ള കാരണമാണ്.
നല്ല ദഹനശക്തിയുള്ള വ്യക്തികൾക്ക് കർക്കടകത്തിലും മുരിങ്ങ കഴിക്കുന്നതിന് യാതൊരു കുഴപ്പവുമില്ലെന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. നന്നായി കഴുകി വൃത്തിയാക്കി ഉണക്കി വേണം ഉപയോഗിക്കാൻ. ഇനി അഥവാ, ദഹനശക്തി കുറഞ്ഞവരാണെങ്കിലോ, കഴിക്കുമ്പോൾ വയറുവേദന, വയറിളക്കം പോലെ കുഴപ്പങ്ങളുണ്ടാകുന്നവരാണെങ്കിലോ, മുരിങ്ങ ഇക്കാലയളവിൽ ഒഴിവാക്കുകയും ചെയ്യാം. ഇതെല്ലാം ദഹനശേഷിയെ ആശ്രയിച്ചിരിക്കുന്ന കാര്യങ്ങളാണ്.
മുരിങ്ങയിലയുടെ ആരോഗ്യഗുണങ്ങൾ
പ്രോട്ടീൻ, കാൽസ്യം, അവശ്യ അമിനോ ആസിഡുകൾ, ഇരുമ്പ്, വിറ്റാമിൻ സി, എ ധാതുക്കൾ തുടങ്ങിയ പോഷക ഘടകങ്ങളെല്ലാം അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് മുരിങ്ങയില. കൂടാതെ, ആന്റിഫംഗൽ, ആന്റി വൈറൽ, ആന്റീഡിപ്രസന്റ്, ആന്റി ഇൻഫ്ലമേറ്ററി സവിശേഷതകൾ അടങ്ങിയിരിക്കുന്ന ഒരു ഭക്ഷണമാണ് മുരിങ്ങയില. മുരിങ്ങയില കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല...
- മുരിങ്ങയില ശരീരത്തിന്റെ ഊർജ്ജ നില വർധിപ്പിക്കും. തളർച്ച, ക്ഷീണം എന്നിവയിൽ നിന്നും സംരക്ഷിക്കുന്നു. മുരിങ്ങ ഇലകളിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നത് ബലഹീനത കുറയ്ക്കാൻ സഹായിക്കുന്നു.
- മുരിങ്ങയിലകളിൽ ശക്തമായ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാൻ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു.
- രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ മുരിങ്ങയില സഹായിക്കുന്നു. ഇത് പ്രമേഹ സാധ്യത കുറയ്ക്കും. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്ന ക്ലോറോജെനിക് ആസിഡ് എന്ന സംയുക്തം ഇതിൽ അടങ്ങിയിട്ടുണ്ട്.
- ഹൃദയത്തെ സംരക്ഷിക്കാൻ മികച്ചൊരു ഭക്ഷണമാണ് മുരിങ്ങയില. മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ മുരിങ്ങയില ഹൃദയത്തെ സംരക്ഷിക്കുകയും ഹൃദയത്തിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
- അസ്ഥികളുടെ ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ ഉറവിടമാണ് മുരിങ്ങ ഇല സന്ധിവാതം തടയാനും ഓസ്റ്റിയോപൊറോസിസിനെതിരെ പോരാടാനും സഹായിക്കുന്നു. ഇത് എല്ലുകളെ ശക്തമാക്കി നിർത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.