യുദ്ധങ്ങളും കഠിന രോഗങ്ങളും ഇല്ലാത്ത ലോകം സാധ‍്യമാണോ?... സാധ‍്യമെന്ന് കുഞ്ഞുങ്ങൾ പഠിപ്പിച്ചു തരുന്നു, ഈ ഉദാഹരണത്തിലൂടെ
text_fieldsപഠനമുറിയിലെ ഭൂപടത്തിൽ ഇത്തിരിപ്പൊട്ട് പോലുള്ള ദേശങ്ങൾ കൗതുകത്തോടെ നോക്കി കളിച്ചും രസിച്ചുമിരിക്കുകയായിരുന്നു മക്കൾ. കുഞ്ഞുങ്ങളല്ലേ, അതിനിടയിൽ എന്തോപറഞ്ഞ് പിടിവലിയായി, ഭൂപടം കീറിപ്പോയി, കരച്ചിലായി.
ബഹളം കേട്ട് വന്ന പിതാവ് ഏറെ നേരം പണിപ്പെട്ടെങ്കിലും പഴയരൂപത്തിൽ ഒട്ടിച്ചുചേർക്കാനാവാതെ പരാജിതനായി തന്‍റെ തിരക്കുകളിലേക്ക് മടങ്ങി.
അൽപം കഴിഞ്ഞപ്പോഴുണ്ട് കുട്ടികളുടെ മൂലയിൽനിന്ന് കൈകൊട്ടിച്ചിരിയുടെ ശബ്ദം. വന്നുനോക്കിയ മാതാപിതാക്കളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഭൂപടം കൃത്യമായി ഒട്ടിച്ചുചേർത്തുവെച്ച് വീണ്ടും നാടുകൾ തിരയുന്നു മക്കൾ. ഇതെങ്ങനെ സാധിച്ചു? ആശ്ചര്യം അടക്കാനാവാതെ പിതാവ് ചോദിച്ചു.
കുട്ടികളിലൊരുവൾ പറഞ്ഞു: ‘‘ഭൂപടത്തിന് പിറകിൽ ഒരു മനുഷ്യന്‍റെ ചിത്രമുണ്ടായിരുന്നു. ഞങ്ങൾ ആ രൂപത്തിൻ പ്രകാരം ചേരുംപടി ചേർത്ത് ഒട്ടിച്ചുനോക്കി. അപ്പോൾ ഭൂപടവും കൃത്യമായി’’.
ഒരു കടലാസ് ഭൂപടത്തെച്ചൊല്ലിയാണ് കുട്ടികൾ അടികൂടിയതെങ്കിൽ അതിൽ കാണുന്ന ഭൂപ്രദേശങ്ങളുടെ പേരിലാണ് മുതിർന്നവരുടെ അടിപിടി. യുദ്ധമെന്നും സംഘർഷമെന്നും ഭീകരവിരുദ്ധ പോരാട്ടമെന്നുമെല്ലാം പേരിട്ട് വിളിക്കുന്ന സർവനാശത്തിന്‍റെ തീക്കളി മനുഷ്യരാശിയെ കാർന്നുതിന്നുന്ന കാൻസറാണ്. അതിനുള്ള പ്രതിവിധി നേരത്തേ പറഞ്ഞ കുഞ്ഞുങ്ങൾ പഠിപ്പിച്ചു തരുന്നുണ്ട് നമുക്ക്.
വാശികൾക്കും വക്കാണങ്ങൾക്കുമിടയിൽ ചിന്നിച്ചിതറിപ്പോകുന്നത് കേവലമൊരു കടലാസ് കഷണമോ ഭൂമിയുടെ തുണ്ടമോ അല്ല, മനുഷ്യരാണ് എന്ന പാഠം, അവരെ ഒരുമിപ്പിക്കാൻ സാധിച്ചാൽ ഭൂമിയിൽ സന്തോഷം വീണ്ടെടുക്കാൻ സാധിക്കുമെന്ന സത്യം. വീട്ടിനുള്ളിൽ, മൊഹല്ലയിൽ, ഗ്രാമത്തിൽ, പഞ്ചായത്തിൽ... എവിടെയും ഒന്ന് ശ്രമിച്ചുനോക്കാവുന്നതേയുള്ളൂ.
ഒരിറ്റ് ശ്വാസത്തിനുവേണ്ടി ലോകം കൈകാലിട്ടടിച്ച മഹാമാരിക്കാലം ഇന്നും ഒരു ഭീതിദമായ ഓർമയാണെങ്കിലും നമുക്കതിനെ അതിജയിക്കാൻ കഴിഞ്ഞു. പുതിയ മാരികൾ പുറപ്പെടുന്നുവെന്ന് കേൾക്കുമ്പോൾ ഉൾക്കിടിലമുണ്ടെന്നത് നേരാണെങ്കിലും അതിനെയും മറികടക്കുമെന്ന ആത്മവിശ്വാസമുണ്ട്, അതിനെയിപ്പോൾ ഊട്ടിയുറപ്പിക്കുന്നു കാൻസർ ചികിത്സാ രംഗത്തുനിന്ന് കേൾക്കുന്ന പ്രതീക്ഷയുടെ വർത്തമാനങ്ങൾ.
ജീവിതത്തെയും അതിന്‍റെ സന്തോഷങ്ങളെയും ഞെരിച്ചില്ലാതാക്കുന്ന മാരകവ്യാധിയുടെ മരണനിഴലിൽനിന്നുള്ള മുക്തി ലോകം കാലങ്ങളായി തേടിക്കൊണ്ടിരിക്കുകയാണ്. യുദ്ധങ്ങളും കഠിന രോഗങ്ങളും ഇല്ലാത്ത ലോകം എന്ന പറച്ചിലിനുപോലും നമ്മുടെ മനസ്സുകളിൽ പുഞ്ചിരി വിരിയിക്കാൻ കെൽപുണ്ട്.
കാറ്റിലും മഴയിലും പൊഴിയാതെനിന്ന് ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷയെ വീണ്ടെടുത്തു നൽകിയ ഒ. ഹെൻറി കഥയിലെ അവസാന ഇലയെന്ന പോലെ നാളെയെ കാത്തിരിക്കാൻ കരുത്തുനൽകുന്ന ചലനങ്ങൾ ഇനിയുമേറെയുണ്ടാവട്ടെ ഉലകിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.