എത്ര കേമത്തം പറഞ്ഞാലും യന്ത്രങ്ങൾക്ക് കിനാവ് കാണാനോ കനിവ് പുലർത്താനോ കഴിയില്ല... ഓരോ കരിയറിലും മനുഷ്യപ്പറ്റുകൊണ്ട് കൈയൊപ്പ് ചാർത്താം
text_fieldsനിറവയറുമായി മുത്തശ്ശിയെ കാണാനെത്തി ഒരു യുവതി. തനിക്ക് നല്ലൊരു അമ്മയാവാൻ സാധിക്കുമോ എന്നായിരുന്നു അവൾക്കറിയേണ്ടത്. കൈകൾ പിടിച്ചു തൊടിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. തന്നോളം പ്രായമുള്ള മാവും പ്ലാവും പുതുതായി നട്ട പൂച്ചെടികളുമെല്ലാം പേര് പറഞ്ഞു പരിചയപ്പെടുത്തിക്കൊടുത്തു മുത്തശ്ശി.
‘‘നോക്കൂ, ഈ ചെടിയിൽ പൂവിടണമെങ്കിൽ നല്ല സൂര്യപ്രകാശം കിട്ടണം, അപ്പുറത്തു കാണുന്ന മരുക്കള്ളിച്ചെടി തുള്ളി വെള്ളമില്ലെങ്കിലും വളരും, ഈ ചെടിയാകട്ടെ ഇളവെയിൽ തട്ടിയാൽത്തന്നെ വാടി ഉണങ്ങും...’’
ഒരേ പ്രകൃതിയിൽ വളരുന്ന ഓരോ ചെടികൾക്കും പ്രകൃതം വ്യത്യസ്തമായിരിക്കും. എല്ലാ കുഞ്ഞുങ്ങളും ശുദ്ധ പ്രകൃതത്തിലാണ് പിറക്കുക. അവർക്കായി കഴിയുന്നത്ര അനുകൂല സാഹചര്യമൊരുക്കുകയും പൂർണമായും കനിവോടെയും കരുതലോടെയും വർത്തിക്കുകയുമാണ് നമുക്ക് ചെയ്യാനാവുക.
പുതിയ കാലത്തെ ഏറ്റവും നല്ല ഉപരിപഠന-കരിയർ സാധ്യത ഏതെന്നു തേടുന്നവർക്കും മുത്തശ്ശി പറഞ്ഞ ഉപമയിൽ ഉത്തരമുണ്ട്. ഏത് പൂവിനാണ് ഏറ്റവും ഭംഗിയെന്ന് നിർണയിക്കാനാവാത്ത വിധത്തിൽ പല നിറ പൂക്കൾ നിറഞ്ഞ ഉദ്യാനം പോലെ ഒട്ടേറെ പഠന വഴികൾ നമുക്കു മുന്നിലുണ്ട്. അവയിൽനിന്നുള്ള തിരഞ്ഞെടുപ്പ് സങ്കീർണമാണ്. ആകയാൽ ഇനിയുള്ള ഓരോ കാൽചുവടും മണ്ണറിഞ്ഞുകൊണ്ടുതന്നെയാവണം.
മനുഷ്യർ ചെയ്തിരുന്ന ജോലികൾ പലതും യന്ത്രങ്ങൾ ഏറ്റെടുത്ത കാലമാണിത്. മനുഷ്യനെക്കാൾ വേഗത്തിലും കൃത്യതയിലും അവ വേല ചെയ്യുമെന്നാണ് തൊഴിൽ കമ്പോളത്തിൽ മുഴങ്ങിക്കേൾക്കുന്ന അശരീരി. പക്ഷേ, എത്ര കേമത്തം പറഞ്ഞാലും യന്ത്രങ്ങൾക്ക് കിനാവ് കാണാനോ കനിവ് പുലർത്താനോ കഴിയില്ല, അത് മനുഷ്യർക്കേ സാധിക്കൂ.
ഇന്ന് നമ്മൾ കാണുന്ന സ്വപ്‍നത്തുണ്ടുകൾ കൊണ്ടാണ് നാളെയുടെ ലോകം കെട്ടിപ്പടുക്കാനുള്ളത്. ആകയാൽ ഏതു വഴി തിരഞ്ഞെടുത്താലും സ്വപ്‌നങ്ങൾ തുടരുക, അലിവ് കൈവിടാതിരിക്കുക, ഓരോ കരിയറിലും മനുഷ്യപ്പറ്റുകൊണ്ട് കൈയൊപ്പ് ചാർത്തുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.