ലൈംഗികാതിക്രമം, സൈബർ ആക്രമണം തുടങ്ങിയവക്ക് ഇരയാകുന്നവർക്ക് അത്താണിയായി ബംഗളൂരുവിന്‍റെ ‘ബാറ്റ്മാൻ’
text_fieldsദുഷ‍്യന്ത് ദുബെ
ലൈംഗികാതിക്രമം, സൈബർ ആക്രമണം, ഗാർഹിക പീഡനം തുടങ്ങിയവക്ക് ഇരയാകുന്ന മനുഷ‍്യർക്ക് അത്താണിയായി ‘ബംഗളൂരുവിന്‍റെ ബാറ്റ്മാൻ’ എന്ന് നെറ്റിസൺസ് വിളിക്കുന്ന ഒരു യുവാവുണ്ട് ബംഗളൂരുവിൽ, ദുഷ‍്യന്ത് ദുബെ.
ബംഗളൂരു ആസ്ഥാനമായുള്ള അദ്ദേഹത്തിന്‍റെ സംരംഭം അയ്യായിരത്തിലധികം മനുഷ‍്യർക്ക് നിയമസഹായവും കൗൺസലിങ്ങും സുരക്ഷിത താമസസൗകര്യവും സൗജന്യമായി നൽകിയിട്ടുണ്ട്.
st.broseph എന്ന ഇൻസ്റ്റഗ്രാം പേജിൽ അദ്ദേഹം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചും സ്ത്രീചൂഷണത്തെ കുറിച്ചുമുള്ള വിഡിയോകൾ പങ്കുവെക്കാൻ തുടങ്ങി. അതോടെ ഇത്തരം കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർ സമീപിക്കാൻ തുടങ്ങി.
കാലക്രമേണ അദ്ദേഹത്തെ സമീപിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചു. ഇതോടെ 2020ൽ അവർക്ക് എല്ലാ തരത്തിലുള്ള പിന്തുണയും നൽകാനായി സിറ്റിസൺസ് ഫോർ ചേഞ്ച് ഫൗണ്ടേഷൻ രൂപവത്കരിച്ചു.
ബംഗളൂരുവിലെ മാത്രമല്ല, മുംബൈ, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലെയും ഡിജിറ്റൽ സാക്ഷരത കുറവായ ഗ്രാമപ്രദേശങ്ങളിലെയുമെല്ലാം മനുഷ‍്യർക്കുനേരെ ദുഷ‍്യന്ത് ദുബെയുടെ സഹായഹസ്തങ്ങൾ നീണ്ടു.
തന്നെ സമീപിക്കുന്നവർക്ക് താൽക്കാലിക സഹായം മാത്രമല്ല അദ്ദേഹം നൽകുന്നത്. കൗൺസലിങ് ആവശ‍്യമുള്ളവർക്ക് അതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയും കോടതിയിൽ പോകാൻ ആരുമില്ലാത്തവർക്ക് കൂട്ടിന് വളന്‍റിയർമാരെ പറഞ്ഞയച്ചും താമസസ്ഥലം ഇല്ലാത്തവർക്ക് അതിനുള്ള സൗകര്യം ഒരുക്കിയും അദ്ദേഹവും സിറ്റിസൺസ് ഫോർ ചേഞ്ച് ഫൗണ്ടേഷനും ബാറ്റ്മാനെപ്പോലെ നിരാലംബരായ മനുഷ‍്യരെ ചേർത്തുപിടിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.