ബാത്റൂമിന് ഗ്ലാസ് ഡോർ നൽകുന്നത് സേഫാണോ? -വീടിന്‍റെ എക്സ്റ്റീരിയറിലും ഇന്‍റീരിയറിലും ഗ്ലാസ് ഫിറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
text_fieldsവീടിന്‍റെ എക്സ്റ്റീരിയറിന്‍റെയും ഇന്‍റീരിയറിന്‍റെയും ഭംഗിയും പ്രൗഢിയും കൂട്ടുന്നതിൽ ഗ്ലാസിന് വലിയ റോളുണ്ട്. ബാൽക്കണി, ഗോവണി തുടങ്ങി റൂഫിലും ഫ്ലോറിലും വരെ ഗ്ലാസ് ഉപയോഗിച്ചുവരുന്നു.
വാതിലും ജനലും
പുറത്തേക്കുള്ള വാതിലുകൾ ഗ്ലാസ് ഉപയോഗിച്ച് നിർമിക്കുന്നത് സുരക്ഷിതമല്ല. എന്നാൽ, അകത്ത് ഉപയോഗിക്കാം. സ്വകാര്യത വലിയ ആവശ‍്യമില്ലാത്ത അടുക്കളക്കും കോർട്ട് യാർഡിനും ഗ്ലാസ് ഡോർ നൽകാം.
ബെഡ് റൂമുകൾക്കും ബാത്റൂമിനും നൽകുമ്പോൾ സുതാര്യമാകാതിരിക്കാൻ ശ്രദ്ധിക്കുക. ഫ്രെയിം നൽകി നിർമിക്കുന്നതാണ് സുരക്ഷിതം. അഴികളില്ലാതെ ഗ്ലാസ് മാത്രം ഉപയോഗിച്ച് ജനൽ നിർമിക്കുന്നവരുമുണ്ട്.
ബാൽക്കണി
ബാൽക്കണിയുടെ കൈവരിയായോ സീലിങ് വരെ മുട്ടിച്ചോ ഗ്ലാസ് നൽകാം. ടഫൻഡ് ലാമിനേറ്റഡ് ഗ്ലാസാണ് ഇവിടെ ഉപയോഗിക്കേണ്ടത്. നിലത്ത് നേരിട്ട് ഫിറ്റ് ചെയ്യുന്നതിനു പകരം ഫ്രെയിം കൊടുക്കുന്നതാണ് സുരക്ഷിതം.
ബാൽക്കണിയുടെ റൂഫിങ്ങിലും ഗ്ലാസ് നൽകി റിച്ച് ലുക്ക് നൽകുന്നവരുണ്ട്. കനമുള്ള ഗ്ലാസാണ് റൂഫിൽ നൽകുക.
സ്റ്റെയർകേസ്
കൈവരിയിൽ ഗ്ലാസ് നൽകുന്നത് ഇന്‍റീരിയർ ഭംഗി കൂട്ടും. ഇവിടെയും ഫ്രെയിം കൊടുക്കുന്നതാണ് സുരക്ഷിതം.
റൂഫിങ്
റൂഫിങ്ങിൽ ഗ്ലാസ് പരീക്ഷിക്കുന്നത് പ്രധാനമായും കോർട്ട് യാർഡിലാണ്. ആ ഇടത്തെ മനോഹരമാക്കുന്നതിനൊപ്പം പ്രകാശം കടന്നുവരാനും ഇത് ഉപകരിക്കും.
ബാത്റൂം
ഡ്രൈ-വെറ്റ് ഏരിയകൾ വേർതിരിക്കാൻ ഗ്ലാസ് പാർട്ടീഷൻ ചെയ്യാറുണ്ട്. ഗ്ലാസ് ഉപയോഗിച്ച് ഷവർ കാബിനറ്റും നിർമിക്കാറുണ്ട്. ടഫൻഡ്/ലാമിനേറ്റഡ് ഗ്ലാസാണ് ബാത്റൂമിൽ ഉപയോഗിക്കേണ്ടത്.
ഫ്ലോറിങ്
ലിവിങ് ഏരിയയിൽ താഴെ ജലാശയം നിർമിച്ച് അതിന് മുകളിൽ ഗ്ലാസ് ഇട്ട് ഫ്ലോറിങ് ചെയ്യുന്നവരുണ്ട്. ബെഡ്റൂമുകളിലെ ഫ്ലോറിലും ഗ്ലാസ് നൽകുന്നതും ട്രെൻഡാണ്.
ശ്രദ്ധിക്കാം, ഇക്കാര്യങ്ങൾ
● കനമുള്ള, ചൂടിനെ അതിജീവിക്കുന്ന ടഫൻഡ് ഗ്ലാസ് അല്ലെങ്കിൽ ടെംപേർഡ് ഗ്ലാസ്, ലാമിനേറ്റഡ് ഗ്ലാസ് എന്നിവ മാത്രം ഉപയോഗിക്കുക. ഗ്ലാസ് പൂർണമായി സുരക്ഷിതമല്ല എന്നതും ഓർക്കുക.
● കുട്ടികളും പ്രായമായവരും തെന്നി വീണ് ഗ്ലാസിലിടിച്ച് അപകടമുണ്ടാകാൻ സാധ‍്യതയുള്ള ഇടങ്ങളിൽ ഒരു കാരണവശാലും സാധാരണ ഗ്ലാസ് ഉപയോഗിക്കരുത്.
● ചവിട്ടുന്നതോ അപകടസാധ്യതയുള്ളതോ ആയ സ്ഥലങ്ങളിൽ കുറഞ്ഞത് 12 എം.എം കനമുള്ള ടഫൻഡ് ഗ്ലാസ് മാത്രം ഉപയോഗിക്കുക.
● പുറത്തെ കാറ്റ് കൂടുതലായി ലഭിക്കുന്ന തെക്കുപടിഞ്ഞാറ് ഭാഗത്ത് ഗ്ലാസ് സ്ഥാപിക്കുമ്പോൾ ചൂട് കുറക്കാനുള്ള പരിഹാരവും കാണണം.
● ഗ്ലാസ് ഇടുന്ന ഭാഗങ്ങളിൽ ആവശ‍്യത്തിന് വെന്‍റിലേഷനും ക്രോസ് വെന്‍റിലേഷനും നിർമിച്ച് ചൂട് കുറക്കാം. ചൂട് കടത്തിവിടാത്ത യു.വി പ്രൊട്ടക്ഷനുള്ള ഗ്ലാസുകൾ വിപണിയിലുണ്ട്. ഇവക്ക് വില കൂടുതലാണ്.
● സ്വകാര്യത ലഭിക്കാൻ ടിന്‍റഡ് ഗ്ലാസ് ഉപയോഗിക്കാം. അല്ലെങ്കിൽ ഗ്ലാസിൽ ഫ്രോസ്റ്റിങ്ങോ സ്റ്റിക്കറോ നൽകാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.