പൊന്നമ്മയുടെ കാലം

മലയാള പുസ്തക പ്രസാധന ചരിത്രത്തിലെ സജീവമായ ഒരു സ്ത്രീ അധ്യായമാണ് പൊന്നമ്മ ഡി.സി. ഏപ്രിൽ 24ന് വിടപറഞ്ഞ അവർ, സ്ഥാപനത്തിന്റെ ആദ്യകാല സാരഥിയായി സാംസ്കാരിക ലോകത്തിൽ നടത്തിയ ഇടപെടലുകൾകൂടി വിവരിക്കുകയാണ് മകനും പ്രസാധകനുമായ ലേഖകൻ. ഒരു പൂവു കൊഴിയുന്ന ലാഘവത്തോടെ ഒടുവിൽ അമ്മ കടന്നുപോയി. ഏപ്രിൽ 24ന് പുലർച്ചെ അമ്മയുമായി രസകരമായി സംസാരിച്ച് ഒരു ചായയും കുടിച്ച് കോട്ടയം ദേവലോകത്തെ വീട്ടിൽനിന്നു കൊച്ചി വിമാനത്താവളത്തിലേക്ക് കാറിൽ യാത്ര തിരിച്ചതായിരുന്നു ഞാൻ. കൊച്ചിയിലെത്തുന്പോഴേക്കും ഫോൺസന്ദേശം വന്നു. അമ്മയുടെ മരണവാർത്തയായിരുന്നു അത്. അമ്മയുടെ ജീവിതകാലം ഒരത്ഭുതമായിട്ടാണ് പലപ്പോഴും...
Your Subscription Supports Independent Journalism
View Plansമലയാള പുസ്തക പ്രസാധന ചരിത്രത്തിലെ സജീവമായ ഒരു സ്ത്രീ അധ്യായമാണ് പൊന്നമ്മ ഡി.സി. ഏപ്രിൽ 24ന് വിടപറഞ്ഞ അവർ, സ്ഥാപനത്തിന്റെ ആദ്യകാല സാരഥിയായി സാംസ്കാരിക ലോകത്തിൽ നടത്തിയ ഇടപെടലുകൾകൂടി വിവരിക്കുകയാണ് മകനും പ്രസാധകനുമായ ലേഖകൻ.
ഒരു പൂവു കൊഴിയുന്ന ലാഘവത്തോടെ ഒടുവിൽ അമ്മ കടന്നുപോയി. ഏപ്രിൽ 24ന് പുലർച്ചെ അമ്മയുമായി രസകരമായി സംസാരിച്ച് ഒരു ചായയും കുടിച്ച് കോട്ടയം ദേവലോകത്തെ വീട്ടിൽനിന്നു കൊച്ചി വിമാനത്താവളത്തിലേക്ക് കാറിൽ യാത്ര തിരിച്ചതായിരുന്നു ഞാൻ. കൊച്ചിയിലെത്തുന്പോഴേക്കും ഫോൺസന്ദേശം വന്നു. അമ്മയുടെ മരണവാർത്തയായിരുന്നു അത്.
അമ്മയുടെ ജീവിതകാലം ഒരത്ഭുതമായിട്ടാണ് പലപ്പോഴും എനിക്കു തോന്നിയിട്ടുള്ളത്. രണ്ടു ഭൂമികകളിൽ ജീവിച്ച വ്യക്തിയായിരുന്നു അമ്മ. ഒന്ന് ഞങ്ങളുടെ അമ്മയായിട്ടുതന്നെ; ഡി.സി ബുക്സിന്റെ ആരംഭകാലത്ത് ‘ക്രൈസിസ് മാനേജരു’ടെ വേഷത്തിലുള്ള അമ്മയാണ് രണ്ടാമത്തേത്. കുടുംബത്തിനകത്തുനിന്നു തുടങ്ങി ഡി.സി ബുക്സ് എന്ന സ്ഥാപനം പടുത്തുയർത്തുന്നതുവരെ നീണ്ട ഒരു പ്രക്രിയയായിരുന്നു അത്. ഡി.സി ബുക്സിന്റെ സ്ഥാപകൻ ഡി.സി കിഴക്കെമുറിയായിരുന്നുവെങ്കിൽപോലും അതിന്റെ ആദ്യ കാലഘട്ടത്തിലെ ദൈനംദിന വ്യവഹാരങ്ങളിൽ വലിയൊരളവിൽ പൊന്നമ്മ ഡി.സിയും പ്രവർത്തിച്ചു. ഇത് ആ കാലഘട്ടത്തിലെ ഡി.സി കുടുംബാംഗങ്ങൾക്കെല്ലാം അറിയാവുന്ന കാര്യമാണ്.
ഉദാഹരണമായി ഒന്നു രണ്ടു കാര്യങ്ങൾ പറയാം: ഡി.സി ബുക്സിന്റെ ആരംഭവുമായി ടി. രാമലിംഗം പിള്ളയുടെ നിഘണ്ടുക്കൾക്ക് വലിയ പങ്കുണ്ട്. ഡി.സി കിഴക്കെമുറി, സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ (SPCS) സെക്രട്ടറിയായിരുന്ന ഘട്ടത്തിൽ ടി. രാമലിംഗം പിള്ളയുടെ ഒരു നിഘണ്ടു പ്രസിദ്ധീകരിക്കാനുള്ള തീരുമാനത്തിലെത്തുകയുണ്ടായി. അതിന്റെ തുക മുൻകൂറായി ആ കുടുംബത്തിന് കൊടുക്കാനുള്ള ധാരണയാവുകയുംചെയ്തു. പിന്നീട് ഡയറക്ടർ ബോർഡിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായതോടെ നിഘണ്ടുവിന്റെ പ്രസിദ്ധീകരണത്തിൽനിന്ന് എസ്.പി.സി.എസ് പിന്മാറി. രാമലിംഗം പിള്ളയുടെ പേരക്കിടാവിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ആ കുടുംബത്തിന് പണത്തിന്റെ അത്യാവശ്യമുണ്ടായിരുന്നു.

വൈക്കം മുഹമ്മദ് ബഷീർ, തകഴി എന്നിവർക്കൊപ്പം ഡി.സി കിഴക്കെമുറിയും പൊന്നമ്മ ഡി.സിയും. സമീപം ബഷീറിന്റെ മകൻ അനീസ്
എസ്.പി.സി.എസിൽനിന്നുള്ള ഈ തുകയിലായിരുന്നു അവരുടെ പ്രതീക്ഷ. അതു കിട്ടാതായതോടെ അവർ വലിയ നിരാശയിലായി. സംഘത്തിന്റെ സെക്രട്ടറി എന്ന നിലയിൽ വാക്കു പാലിക്കാൻ സാധിച്ചില്ലെങ്കിലും സാമാന്യം വലിയ ആ തുക രാമലിംഗം പിള്ളയുടെ കുടുംബത്തിനു നൽകാൻ വ്യക്തിപരമായി ഡി.സി കിഴക്കെമുറി തയാറായി. സെക്രട്ടറി എന്നനിലയിൽ ശ്രമം പരാജയപ്പെട്ടുവെങ്കിലും വ്യക്തി എന്ന നിലയിൽ വാക്കു പാലിക്കുന്നതിൽ അദ്ദേഹം വിജയിച്ചു. വിവാഹച്ചെലവിന്റെ സന്ദിഗ്ധാവസ്ഥക്കു പരിഹാരമായി, പകരം ഡിക്‌ഷ്നറിയുടെ പ്രസിദ്ധീകരണാവകാശം രാമലിംഗം പിള്ളയുടെ കുടുംബം ഡി.സി കിഴക്കെമുറിക്ക് രേഖാമൂലം നൽകുകയുംചെയ്തു. ഡയറക്ടർ ബോർഡംഗങ്ങളുടെ ഐക്യമില്ലായ്മ സാഹിത്യപ്രവർത്തക സഹകരണസംഘത്തിന് നഷ്ടമായി കലാശിച്ചെങ്കിലും പിന്നീട് ഡി.സി ബുക്സിന് അതു നേട്ടമായി മാറി.
പറഞ്ഞുവരുന്നത് പൊന്നമ്മ ഡി.സിയെക്കുറിച്ചാണല്ലോ. രാമലിംഗം പിള്ളയുടെ കുടുംബത്തിന് ഇത്രയും വലിയ ഒരു തുക സ്വന്തമായി നൽകാനുള്ള ബാങ്ക് ബാലൻസൊന്നും ഡി.സി കിഴക്കെമുറിക്ക് ഉണ്ടായിരുന്നില്ല. പക്ഷേ, അദ്ദേഹത്തിന് അതെങ്ങനെ സാധിച്ചു? അവിടെയാണ് ഞാൻ നേരത്തേ അമ്മയെക്കുറിച്ച് പറഞ്ഞ വിഷയം പ്രസക്തമാവുന്നത്. പണം സംഘടിപ്പിക്കുന്നത് അമ്മയാണ്. സ്വന്തം സഹോദരങ്ങളടക്കമുള്ള ബന്ധുബലത്തിൽനിന്നാണ് അമ്മ ആ തുക സ്വരൂപിച്ചെടുത്തത്. ഡി.സി കിഴക്കെമുറി എന്ന സാംസ്കാരിക പ്രവർത്തകന് പൊതുരംഗത്തുണ്ടായിരുന്ന വിശ്വാസ്യത സംരക്ഷിക്കുവാനായി ഭാര്യ എന്ന നിലയിൽ പൊന്നമ്മ ഡി.സി നിർവഹിച്ച പ്രധാനപ്പെട്ട ദൗത്യങ്ങളിലൊന്നായിരുന്നു അത്. സ്വയം തിരിച്ചറിഞ്ഞുകൊണ്ടു നടത്തിയ ‘ഒരു ക്രൈസിസ് മാനേജ്മെന്റ്’.
സാഹിത്യപ്രവർത്തക സഹകരണസംഘത്തിൽനിന്നു വിരമിച്ചശേഷം ജീവിതത്തിന്റെ ഒരു വഴിത്തിരിവിലായിരുന്നു ഡി.സി കിഴക്കെമുറി. ഡി.സി ബുക്സ് തുടങ്ങാനുള്ള ആലോചനയൊന്നും ആദ്യഘട്ടത്തിൽ അദ്ദേഹത്തിനുണ്ടായിരുന്നില്ല. അധ്യാപകന്റെ വേഷം അഴിച്ചുവെച്ചാണ് കെ.ജെ. തോമസുമായി ചേർന്ന് കളരിക്കൽ ബസാറിൽ നാഷനൽ ബുക് സ്റ്റാൾ തുടങ്ങിയത്. അതിനുശേഷമായിരുന്നു സാഹിത്യപ്രവർത്തക സഹകരണസംഘം സ്ഥാപിക്കാനിറങ്ങിയത്. ഇനിയെന്ത്? കൃഷിയിലോ അത്തരത്തിലുള്ള ഏതെങ്കിലും പ്രവർത്തനത്തിലോ ശ്രദ്ധിക്കാനായിരുന്നു പരിപാടി. എന്നാൽ തകഴിയടക്കമുള്ള ചിലരുടെ നിർബന്ധത്തിനു വഴങ്ങി വീണ്ടും പുസ്തകപ്രസാധനരംഗത്തേക്ക് കടക്കുകയായിരുന്നു. വലിയ രീതിയിലുള്ള സാന്പത്തികഭദ്രതയൊന്നും ഇല്ലായിരുന്ന ഡി.സി കിഴക്കെമുറിക്ക് സ്വന്തം ഉത്തരവാദിത്തത്തിൽ ഒരു പ്രസാധനസംരംഭം ആരംഭിക്കുകയെന്നത് വലിയൊരു വെല്ലുവിളിയായിരുന്നു.
സാന്പത്തികം മാത്രമല്ല തടസ്സം. പ്രസിദ്ധരായ എഴുത്തുകാരുടെയെല്ലാം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നത് എസ്.പി.സി.എസാണ്. ബഷീറും തകഴിയും കേശവദേവും ലളിതാംബിക അന്തർജനവും സി.ജെ. തോമസുമടക്കമുള്ള മഹാരഥരുടെയെല്ലാം ഗ്രന്ഥങ്ങൾ അവിടെയാണ്. അവരുടെയെല്ലാം പുസ്തകങ്ങൾ നിർബന്ധപൂർവം വാങ്ങിയെടുക്കാൻ ഡി.സി കിഴക്കെമുറിക്ക് സാധിക്കും. വ്യക്തിബന്ധങ്ങൾ അത്രക്ക് ദൃഢമാണ്. പക്ഷേ, അദ്ദേഹത്തിന്റെ നൈതികതയിൽ അത്തരമൊരു ഉദ്ദേശ്യമേ ഉൾപ്പെട്ടില്ല (പിന്നീട് അവരെല്ലാം സ്വമേധയാ ഡി.സിയുടെ ഭാഗമായി എന്നത് ചരിത്രം). അപ്പോൾ പ്രസിദ്ധീകരണത്തിന്റെ പുതിയ മേഖലകൾ അന്വേഷിച്ചു കണ്ടുപിടിക്കേണ്ടുന്ന ബാധ്യതയും അദ്ദേഹത്തിനുണ്ടായി. പുസ്തകപ്രസാധനം രാമലിംഗം പിള്ളയുടെ നിഘണ്ടുവിൽ ആരംഭിക്കാനിടയായത് ആ കാരണംകൊണ്ടാണ്. ആദ്യം ശൈലീ നിഘണ്ടുവും പിന്നീട് മൂന്നു വാല്യം നിഘണ്ടുക്കളും.
ഡി.സി ബുക്സിന്റെ പ്രാരംഭപ്രവർത്തനങ്ങളുടെ ‘എക്സിക്യൂഷൻ’ പ്രവർത്തനങ്ങളിൽ പൊന്നമ്മ ഡി.സി സജീവമായി നിന്നു. 1975 മുതൽ അമ്മ അതിന്റെ ഭാഗമാണ്. കെ.കെ റോഡിൽ ബസേലിയസ് കോളജിന്റെ മുൻവശത്തെ ഒരു വാടകമുറിയിൽ സ്വന്തമായി ഒരു ട്രഡിൽ പ്രസ് ആരംഭിച്ചപ്പോൾ നിയന്ത്രണം അമ്മക്കായിരുന്നു. പ്രസ് ജീവനക്കാരും ട്രേഡ് യൂനിയനുകളുമെല്ലാം പരസ്പരം ബന്ധപ്പെടുന്ന ആ മേഖല കൈകാര്യം ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമേയല്ല. 1970കളിൽ അത്തരമൊരു സംവിധാനത്തിന്റെ സാരഥ്യത്തിൽ ഒരു സ്ത്രീക്ക് പിടിച്ചുനിൽക്കാനായി എന്നത് ചെറിയ ഒരു കാര്യമല്ല. ജോസഫ് പുത്തൻതറ, മുട്ടന്പലം സത്യൻ, ഡി. ശ്രീകുമാർ എന്നിവർ പ്രൊഡക്‌ഷൻ മാനേജർമാരായി അക്കാലത്ത് പ്രവർത്തിച്ചവരാണ്. അപ്പോഴും പ്രസിനകത്ത് ഒരു ‘ഹ്യൂമൻ റിസോഴ്സ് സ്പർശം’ ഉണ്ടാക്കാൻ പൊന്നമ്മ ഡി.സിക്കു സാധിച്ചു.

ഡി.സി കിഴക്കെമുറിയും പൊന്നമ്മ ഡി.സിയും
1975-80 വര്‍ഷങ്ങള്‍ സംഘര്‍ഷഭരിതമായ ഒരു രാഷ്ട്രീയകാലം കൂടിയായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനവും അതിന്റെ ഭയപ്പാടുണ്ടാക്കിയ നിശ്ശബ്ദതയും, അതു പിന്‍വലിച്ചശേഷമുള്ള കലാപകലുഷിതമായ തെരുവുകളും പൊട്ടിത്തെറിച്ചുനിന്ന കുറച്ചു വര്‍ഷങ്ങള്‍. ഡി.സി ബുക്‌സിന്റെ തുടക്കവും വളർച്ചയും അതോടൊപ്പംതന്നെയായിരുന്നു. എസ്.പി.സി.എസിനെ (S.P.C.S) കൂടാതെ വലിയ വലിയ പ്രസാധനശാലകള്‍ വേറെയും അന്ന് കേരളത്തിലുണ്ട്. കറന്റ് ബുക്‌സും എച്ച് ആൻഡ് സിയും സി.ഐ.സി.സിയും മാതൃഭൂമിയും പൂർണയും വീനസും അടക്കമുള്ള പലരും. അവര്‍ക്കിടയില്‍ ഡി.സി ബുക്സ് അടിത്തറ ഉറപ്പിച്ചുകൊണ്ടിരിക്കുന്ന, വളർന്നുവരുന്ന ഒരു സ്ഥാപനം മാത്രമായിരുന്നു. ഒരു പ്രസും ഒരു ഓഫിസും അതിനകത്ത് കുറെ ജീവനക്കാരും. ജീവനക്കാരെ കുടുംബാംഗങ്ങളാക്കി മാറ്റുന്ന മനുഷ്യവിഭവശേഷി പ്രവര്‍ത്തനം ആ ഘട്ടത്തില്‍ അത്യാവശ്യമാണ്. പൊന്നമ്മ ഡി.സിയുടെ ദൗത്യവും അതായിരുന്നു. ഡി.സി ബുക്സ് എന്ന പ്രസാധനശാലയുടെ വിജയരഹസ്യത്തിന്റെ അടിത്തറ പാകുന്നതില്‍ പ്രധാനപ്പെട്ട ഒരു പങ്ക് വഹിച്ചതും ആ പ്രവര്‍ത്തനംതന്നെ.
ഇന്നത്തേതിലും വളരെ വ്യത്യസ്തമായ സാമൂഹിക ചുറ്റുപാടുകളാണ് 1970കള്‍. ദാരിദ്ര്യം പ്രകടമായിത്തന്നെ ആര്‍ക്കും ബോധ്യപ്പെടുമായിരുന്ന സാമൂഹികാവസ്ഥ. ഏതു വ്യവസായശാലയിലെയും തൊഴിലാളികളില്‍ അതു പ്രകടവുമായിരുന്നു. കേരളത്തിന്റെ സാംസ്‌കാരിക-സാമ്പത്തിക രംഗങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടായിക്കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. അപ്പോള്‍ ഒരു സ്ഥാപനം വ്യക്തികളില്‍ മാത്രമല്ല, അവരുടെ കുടുംബങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായിവരും. ജീവനക്കാര്‍ക്കു മാത്രമല്ല, അവരുടെ കുടുംബാംഗങ്ങള്‍ക്കും പലതും പറയാനുണ്ടാവും. അക്കാലത്ത് ഓരോ വീടിനെയും കേള്‍ക്കുകയും അറിയുകയുംചെയ്തു പൊന്നമ്മ ഡി.സി. അവര്‍ പൊന്നമ്മയെയും തിരിച്ചറിയാന്‍ തുടങ്ങി. പൊന്നമ്മ ഡി.സിയെ അവര്‍ അമ്മാമ്മ എന്നു വിളിച്ചു.
അമ്മയെക്കുറിച്ചുള്ള മകന്റെ വൈകാരികമായ വിശകലനമെഴുത്തല്ല ഇത്. ഡി.സി പ്രസിനെ നയിച്ച ഒരു വനിതയെക്കുറിച്ചുള്ള എന്റെ ഓർമകളും അവരെക്കുറിച്ച് പഴയകാല ഡി.സി കുടുംബാംഗങ്ങളില്‍നിന്നു കേട്ടറിഞ്ഞ ചില വസ്തുതകളും ഇവിടെ അവതരിപ്പിച്ചു എന്നു മാത്രം. അതോടൊപ്പംതന്നെ വീടിനകത്ത് മറ്റൊരു റോളിലും അമ്മ പ്രത്യക്ഷപ്പെട്ടിരുന്നു. ‘ഡി.സി ഹൗസി’ലെ ആതിഥേയയുടെ റോളായിരുന്നു അത്. ഡി.സി കിഴക്കെമുറിയുടെ സാമൂഹികജീവിതത്തിന്റെ ഭാഗമായി കേരളത്തിലെ അക്കാലത്തെ പ്രമുഖരായ ഏതാണ്ടെല്ലാവരും ഞങ്ങളുടെ സന്ദര്‍ശകരായിരുന്നു. പല കാലങ്ങളില്‍, പല തലമുറകളോടൊപ്പം ആതിഥേയത്വം വഹിക്കുക എന്നതും അമ്മയുടെ സ്വാഭാവികമായ ഒരു ജീവിതരീതിയായി മാറി. ഡി.സി കിഴക്കെമുറിയുടെ സാമൂഹിക ജീവിതത്തിന്റെ വിജയത്തില്‍ അമ്മയുടെ ചിട്ടയോടെയും സമചിത്തതയോടെയും ഉള്ള ‘ആതിഥേയ’ക്ക് വലിയ പങ്കുണ്ട്. അദ്ദേഹത്തിന്റെ കാലംവരെ മാത്രമല്ല, സ്വന്തം മരണത്തിന്റെ തലേദിവസം വരെയും അതു തുടര്‍ന്നു.