മെറാക്കി കഫേ [ Meraki cafe]

പ്രണയത്തിന്റെ നാൽക്കവലയിൽ
നിന്ന് ഇടത്തേയ്ക്കു
തിരിഞ്ഞാൽ ഒരു
ചായപ്പീടിക.
ഹൃദയത്തിന്റെ ഞരമ്പിലൊരു പിടപ്പ്.
ഡെറ്റോളിൽ മുക്കിത്തുടച്ചപോലെ
ജനലിനപ്പുറം സന്ധ്യ.
അയഞ്ഞും മുറുകിയും
പശ്ചാത്തലത്തിൽ
ജുഗൽബന്ദി...
ഇടമുറിയാത്ത
ബൈപ്പാസിൽ
മുഖമില്ലാത്ത ജനാവലി.
ഒരു മൊട്ടത്തലയൻ മേശ,
അപ്പുറവുമിപ്പുറവും
ഞാനും നീയും.
അവന്റെ കണ്ണിലുടക്കിക്കിടന്ന
എനിക്കൊരു
നായയുടെ രൂപം.
ഇനിയും മുങ്ങിച്ചാവാതിരിക്കാൻ
അവന്റെ വിരലിൽപ്പിടിച്ചു.
അവൻ അറിയാത്തപോലെ,
‘‘എനിക്കൊരു കാശ്‌മീരിയൻ കവാഹ്’’
കൗമാരത്തിൽ പിടിച്ച എന്റെ
പ്രേമപ്പനിയെ തണുപ്പിച്ചുകൊണ്ട് ഞാൻ,
എനിക്കൊരു ബെൽജിയം ചോക്ലേറ്റ് കോഫി...
ആവിപറന്ന ചൂടിൽ
ചുണ്ടുകളെ പൊള്ളിച്ച
കവാഹ്
ഓർമയുടെ കണ്ണ് നീറ്റി.
അവനെ കുടിച്ചുവറ്റിച്ച
ബെൽജിയം ചോക്ലേറ്റിന്റെ കറ
ഒരിക്കലും ഒന്നിക്കാഞ്ഞ
ഭൂപടത്തെ പശതേച്ചൊട്ടിച്ചു.
സമയത്തിന്റെ കത്തി താഴ്ന്നിറങ്ങുന്നു.
ഇനി പോകാം.
രണ്ടുവഴിയിൽ രണ്ട് അപരിചിതർ.