താണിറങ്ങാനിടം

അംഗഭംഗം
അതിജീവനം.
ഈ വൻ മാവിനാകും
മുറിവിൽനിന്ന് മുളകളുതിർക്കുവാൻ,
ചില്ലയേണികളിൽ ചറം നിറച്ച്
വാനത്തെ മൊത്തുവാൻ.
പ്രാണ നീരാട്ടിൽ
തായ്ത്തടി മൃദുലം
ഇടംതല വലംതല കൊട്ടി–
യുണർത്തുന്നു തളിർ തൂമകളെ.
ഇത്തിളുകൾ നിരന്ന്
കൊത്തിയൂറ്റിയിരുന്നു മാവിൻനീര്.
പൂക്കാതെയായ ചില്ലകൾ,
പാതിയ്ക്കൽ മുറിച്ചിട്ട ചില്ലകൾ,
നോക്കി ഞാനും ശുഭനിനവ് നെയ്യുന്നു.
മുറിവിലാണിപ്പോൾ മാവിന്റെ കണ്ണ്:
എത്രയാറ്റി ശമിപ്പിക്കണം
എത്ര മുളകൾ നിറയ്ക്കണം
പത്രപംക്തി ഏതേതു
ഛായയിൽ തുന്നണം...
ഒരു നീളൻ ഊഞ്ഞാൽ
മുന്നേയണിഞ്ഞ ശാഖയും മുറിഞ്ഞു
അതിലാടിയ കുഞ്ഞുങ്ങൾ മുതിർന്നു.
മുതിർന്നവരും മുറുക്കമഴിക്കാ–
നാടിയാശ്രയിച്ച ഊഞ്ഞാൽ.
ഊഞ്ഞാലിലാട്ടുന്നു
ത്രികാലങ്ങൾ നമ്മെ.
ആടിത്തീർന്നതും ആടാനുള്ളതും
ഇന്നിനു പിന്നോട്ട്, മുന്നോട്ട്.
ഇന്നിപ്പോൾ നീലാകാശഖണ്ഡം
തെല്ലുകൂടി എത്തിനോക്കുന്നു
മുറ്റത്ത്, മണലിൽ.
തുരിശുഴിഞ്ഞ തുഞ്ചങ്ങളിൽ
തളിർ പൊടിഞ്ഞുള്ള പ്രാണതോഷം.
പടി കയറി വീണ്ടും ഇലയിളക്കാൻ
ഈ ചാരുതരതരു തുടിയ്ക്കേ
ഒരു വിരൽത്താളം എന്നിൽ.
പതറലഴിച്ച് ഞാൻ കുറിക്കുന്നു:
മുറിവും മുളകളും
ഒരേ ബിന്ദുവിലമരുമ്പോൾ
ഖേദഹേതുക്കളെന്തിന്?
ഞൊണ്ടുകാലുള്ളൊരു *ലാമ
മലമുകളിൽ പറഞ്ഞു:
‘‘സന്തുഷ്ടൻ ഞാൻ!
വിശേഷിച്ച് മറ്റൊരു സാധ്യത
ഇല്ലെന്നിരിക്കേ!’’
അംഗഭംഗം അച്ഛിദ്രം.
ആകാശഗാംഭീര്യം താണിറങ്ങുന്നു
മേഘഛായകൾ മണലിൽ പൊഴിയുന്നു,
തളിർക്കാരണത്തിൽ
കാര്യം മാറ്റിയെഴുതുവാൻ.
താണിറങ്ങാനിടം നോക്കും
പക്ഷിച്ചിറകേ,
ഇലകളിളകും വരേയ്ക്കും
കാത്തുനിൽക്കുക.
===========
* പീറ്റർ മാത്തിസന്റെ യാത്രാഗ്രന്ഥമായ ‘മഞ്ഞുപുലി’യിൽ, പരിതാപത്തിന്റെയോ കയ്പിന്റെയോ ഒരു കണികയുമില്ലാതെ തന്റെ വളയൻകാലുകളെക്കുറിച്ച് പറയുന്ന ലാമ.