Begin typing your search above and press return to search.
ഉയർപ്പ്
Posted On date_range 30 Jun 2025 10:15 AM IST
Updated On date_range 30 Jun 2025 10:15 AM IST

കണ്ണുതുറന്നുറങ്ങാനിരുന്നു.
രണ്ടു കിണർ കവിഞ്ഞുടൽ നനഞ്ഞു.
ഉപ്പോടുപ്പ് ചേർന്നുഴറാതിരുന്ന്
ഭൂമിയെ നനച്ചു തളർന്നുപോയി.
ചെരിഞ്ഞിരുന്ന് നിവർന്നയാകാശത്തിൽ
ലംബമായൊരു രാജ്യം വരച്ചു.
ഉപ്പിനുപ്പിനെക്കാൾ മധുരവും
ചെരിവിന് നിവർപ്പിനെക്കാൾ നിവർപ്പുമാകയാൽ
തീവണ്ടിയെക്കാൾ
നീളത്തിൽ ഉറക്കമോരിയിട്ടാർത്തു.
കണ്ണു വിഴുങ്ങും മുന്നേ
ഇല്ലായ്മയുടെ കയറു മുറുകും മുന്നേ
വിശപ്പ് വേദനകൾ ചുരത്തിപ്പടർന്ന് കാടായി.
രാജ്യങ്ങളുടെ ഗ്രാഫിൽ
യുദ്ധങ്ങളുടെ ആക്സിസിൽ
തുറന്ന കണ്ണുകൾ
പൂഴിയിലേക്ക് ഊളിയിട്ട്
മൂന്ന് ശവങ്ങളുടെ കുഞ്ഞിപ്പല്ലുകളുമായ്
മൂന്നാംനാളുയർത്തു വന്നു.