കാതിൽ മൂളുന്നത്

*കാതിലാരാണ് മൂളുന്നത്,
കാറ്റോ ജലമോ
അഗ്നിയോ പ്രപഞ്ചമോ?
സ്മരണികകൾ ചിലത് അടയ്ക്കുവാനോ
വിസ്മൃതികൾ ചിലത് തുറക്കുവാനോ
അതോർമിപ്പിക്കുന്നു?
യാത്രാനന്തരങ്ങളിൽ വീടണയേ,
എലികൾ പാഞ്ഞിടമെന്ന്
കൂറകൾ വിളഞ്ഞിടമെന്ന്
പായലും പൂപ്പലും ധിക്കാരം കാണിച്ചിടമെന്ന്
സർവയിടവും പരതുംപോലെ
പ്രജ്ഞയിലൊരു പരതിനോട്ടം.
കടലോ ഇരമ്പുന്നു
ശ്രോത്രങ്ങൾക്കകമേ?
ജലയിരമ്പ പിന്നണിയിൽ
മുൻകാല പ്രാചീനതയി-
ലലയിട്ടു ചരിച്ചൊരു
ജലജീവിജന്മത്തിൻ
സ്മൃതി പൊടുന്നനെ
വിരി കുടഞ്ഞുണർന്നതോ?
മറ്റാർക്കും പങ്കുകൊള്ളാനാവാത്ത
മറ്റെങ്ങുമുയരാത്ത സ്വരസ്ഥായി,
വിപുലനാദം, അതിനേർമയിലെ-
യംബരദൂതുകളോ?
കാതിലെയിരമ്പം ഓർമപ്പെടുത്തലാണ്.
പഞ്ചഭൂതങ്ങൾ നിന്നെ പൊത്തിപ്പിടിക്കേ
അഴിയലിൻ കഥയറിയിക്കാതെ
വളർച്ചകൾ നിന്നെ വളർത്തിയതിൻ
തുലനക്കേടിനു പ്രതിക്രിയയായ്
ഈ മുന്നറിയിപ്പിൻ മണിനാദം.
കാതിലൂടെയകക്കാമ്പോളം.
പന്തൽപ്പുറമേറി പാഞ്ഞുപടരും
വള്ളിപ്പടലുപോലെയൊന്ന്
പിരിയൻ കാലുകളുമായ്
ചുറ്റിപ്പടരുന്നു പ്രജ്ഞയിൽ.
ഈ ആയുഷ്പാതിയിലെന്താണ്
മൊട്ടിടുന്നത്?
ഈ അടഞ്ഞു കാണും ചെപ്പ്
സുഗന്ധച്ചെപ്പെന്നോ!
അകമേ വളർന്ന പൂവുകൾ
പരിമളം തുറക്കുകയോ!
കാതിൽ മുഴങ്ങുമിരമ്പം
ശുഭമെന്നോ?
പ്രപഞ്ചമേ നീ മുഴങ്ങിക്കൊൾക,
ഇന്ദ്രിയദ്വാരങ്ങൾ വകഞ്ഞ്.
---------------
(*tinnitus എന്ന കാതിലിരമ്പം .ഈയവസ്ഥയെ ലഘുവാക്കി കാണാനുള്ള ശ്രമങ്ങളിൽ മേതിലിന്റെ ‘19’ എന്ന ഗ്രന്ഥത്തിലെ വാക്കുകളും ഉപാധിയായി: ‘‘ചെവികളിലെ ഈ വിഭ്രമം കാരണം, ഫാനിന്റെ കറക്കം എന്റെ ചെവികളിൽ ഒരു സംഘഗാനമായി മാറുന്നു. അടുത്തുള്ള സ്കൂളിലെ പെൺകുട്ടികൾ പാടുന്നൊരു നഴ്സറിപ്പാട്ട്, അല്ലെങ്കിൽ അകലെയെവിടെയോ ഒരു കാട്ടിലെ ആദിവാസികൾ പാടുന്നൊരു പഴമ്പാട്ട്’’)