ഋതുക്കളെന്നപോലവർ

കാണുമ്പോഴൊക്കെ
പഴയൊരു പാട്ടോർമയുണരും.
മെലിഞ്ഞും തെളിഞ്ഞും
ഋതുക്കളിലെങ്ങനെയോ
അതുപോലുള്ളൊരുവളെ;
ഞാനവളെ ‘‘പുഴേ’’യെന്ന് വിളിക്കും
ഋതുക്കളെങ്ങനെയോ,
ചിലപ്പോളതുപോലെയവൾ
ചിരിക്കാതിരിക്കാം, ചിരിച്ചാൽ
പതിവിലധികം മഞ്ഞച്ചുപോയ
മുകൾനിരയിലുള്ള നടുവിലെ
രണ്ട് പല്ലുകൾ മാത്രം എന്നെ
ചില ഗൂഢാസക്തികളിൽ ഉന്മത്തനാക്കും.
കടന്നുപോകാനിടയുള്ളയിടങ്ങളിൽ
കാത്തുനിന്നു രഹസ്യമായി
ഞങ്ങൾ കാണാറുണ്ട്;
തമ്മിൽ തൊടാറുണ്ട്.
ചുണ്ടുകൾക്ക് മുകളിലുള്ള
വെള്ളപ്പാണ്ടിന്റെ യുദ്ധമുനയെ,
കൈമുട്ടിന് മുകളിലുള്ള
മൃദുലശീതളിമയെ;
വല്ലപ്പോഴെങ്കിലും അറിയാത്തപോലെ
ഇടംമുലയുടെ ശുഷ്കതയെ...
അപ്പോഴൊക്കെ വേനലിന്റെ
തീയുമ്മയേറ്റൊരുവളെപ്പോൽ
അവൾ വിളറും, എങ്കിലും ചിരിക്കും
അവളെന്നെയും തൊടും.
മെലിഞ്ഞ വിരലാൽ
അസാധാരണമാംവിധം
വയലിനിൽ ഓടുന്ന ബോപോലെ
അത്രയും തരളമായി
എന്റെ നരവീണ മുടിയിൽ, ബട്ടണുകളിൽ...
കവിളിൽ...
എന്നിട്ടവൾ
എന്നെ മഴേയെന്നു വിളിക്കും
ഞാനാകെ നിറഞ്ഞെന്നും
പരന്നൊഴുകണമെന്നും തുളുമ്പും.
കടന്നുപോകാറുള്ളിടങ്ങളിൽ
ഞങ്ങളിപ്പോൾ
കാത്തു നിൽക്കാറില്ല.
കാണാറില്ല; തൊടാറുമില്ല.
കടലിലേക്കൊഴുകേണ്ടതിനാൽ
പുഴേയെന്നും,
മേഘരൂപനാകേണ്ടതിനാൽ
മഴേയെന്നും
അഭിസംബോധന ചെയ്യാറേയില്ല.
ഹൃദയങ്ങൾക്ക് എത്രയെത്ര
അറകളാണെന്നോ..!
ഏതൊരു വിശുദ്ധപ്രണയത്തേയും
വീണ്ടെടുക്കാനാവാത്ത വിധം
മറവു ചെയ്യാൻ.