മസ്കത്ത്: ചെറിയ ഇടവേളക്കുശേഷം വീണ്ടും കുതിച്ചുയർന്ന് വിനിമയ നിരക്ക്. ഒരു റിയാലിന് 226.25 രൂപ എന്ന നിരക്കാണ് ബുധനാഴ്ച ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകിയത്. കറൻസികളുടെ നിരക്കുകൾ കാണിക്കുന്ന അന്താരാഷ്ട്ര പോർട്ടലായ എക്സ് ഇ കറൻസി കൺവെർട്ടർ ഒരു റിയാലിന്റെ വിനിമയ നിരക്ക് 228 രൂപയിലധികമാണ് ബുധനാഴ്ച കാണിച്ചത്. വിനിമയ നിരക്ക് പുതിയ ഉയരത്തിൽ എത്തിയത് മലയാളികളടക്കമുള്ള ഇന്ത്യൻ പ്രവാസികൾക്ക് സന്തോഷം പകരുന്നതാണ്.
മാസാവസാനമായതിനാൽ വരും ദിവസങ്ങളിൽ എല്ലാവർക്കും ശമ്പളം ലഭിച്ചുതുടങ്ങും. അതുകൊണ്ടുതന്നെ ഉയർന്ന നിരക്കിൽ പണമയക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പലരും. വിനിമയനിരക്ക് ഉയന്നെങ്കിലും പണമിടപാട് സ്ഥാപനങ്ങളിൽ കാര്യമായി തിരക്കൊന്നും കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടിരുന്നില്ല. ശമ്പളം ലഭിക്കാത്തതാണ് കാരണമെന്നും വരുംദിവസങ്ങളിൽ ആളുകൾ പണമയക്കാൻ എത്തുമെന്നാണ് കരുതുന്നതെന്നും പണമിടപാട് സ്ഥാപനങ്ങളിൽനിന്നുള്ളവർ പറഞ്ഞു.
അതേസമയം, കൂടുതൽ ഉയർന്ന നിരക്കിനായി കാത്തിരിക്കുന്നവരുമുണ്ട്. ജൂൺ 20ന് വിനിമയനിരക്ക് 225ൽ എത്തിയിരുന്നു. പിന്നീട് പല ദിവസങ്ങളിലുമായി താഴോട്ടായിരുന്നു നിരക്ക്. മിക്ക ദിവസങ്ങളിൽലും 222നും 223നും ഇടയിലായിരിന്നു നിരക്ക്. എന്നാൽ ജൂലൈ 20ന് ശേഷം നേരിയ ഉയർച്ചയുണ്ടായി 224ൽ എത്തിയിരുന്നു. പിന്നീട് പതിയെ ഉയർന്ന് 228വരെ എത്തുകയായിരുന്നു.
ഇന്ത്യൻ കയറ്റുമതിയിൽ യു.എസ് ഉയർന്ന താരിഫ് നിരക്ക് ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന ആശങ്കയാണ് ഇന്ത്യൻരൂപയുടെ ദുർബലാവസ്ഥക്ക് കാരണമായത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയും രാജ്യാന്തര ക്രൂഡ് ഓയിൽ വിലയിലെ കുതിപ്പും രൂപക്ക് ആഘാതമായി. ഇതോടെ ബുധനാഴ്ച യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ മാർച്ച് പകുതിക്ക് ശേഷമുള്ള ഏറ്റവും ദുർബലമായ നിലയിലേക്ക് താഴ്ന്നു.
ബുധനാഴ്ച യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കഴിഞ്ഞ മാർച്ചിനുശേഷം ആദ്യമായി 87ന് താഴേക്ക് ഇടിഞ്ഞു. 24 പൈസ താഴ്ന്ന് 87.15ലാണ് ബുധനാഴ്ച രൂപ വ്യാപാരം ആരംഭിച്ചത്.
ഇതിനുപിറകെ രൂപയുമായുള്ള വിനിമയനിരക്കിൽ ജി.സി.സി രാജ്യങ്ങളിലെ കറൻസികൾ ഉയർച്ച കൈവരിച്ചു. കുവൈത്ത്, യു.എ.ഇ,സൗദി, ഖത്തർ, ബഹ്റൈൻ കറൻസികൾ ഉയർന്ന വിനിമയ നിരക്കാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്.അയക്കുന്ന പണത്തിന് കൂടുതൽ നിരക്ക് ലഭിക്കുമെന്നതിനാൽ വിനിമയ നിരക്ക് ഉയരുന്നത് പ്രവാസികൾക്ക് ആശ്വാസമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.