കൊച്ചി : അശ്ലീല പ്രദർശനത്തിലൂടെ പണം സമ്പാദിക്കുന്നുവെന്നാരോപിച്ച് നടി ശ്വേത മേനോന് എതിരെ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികൾ ഹൈകോടതി സ്റ്റേ ചെയ്തു. കേസെടുക്കാൻ നിർദേശിച്ച് പരാതി പൊലീസിന് കൈമാറിയ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രഥമദൃഷ്ട്യാ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് വിയിരുത്തിയാണ് ജസ്റ്റിസ് വി.ജി. അരുണിന്‍റെ ഇടക്കാല ഉത്തരവ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്വേത നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിക്രമങ്ങൾ സംബന്ധിച്ച് മജിസ്ട്രേറ്റ് കോടതിയിൽനിന്ന് റിപ്പോർട്ടും തേടി.
തോപ്പുംപടി സ്വദേശി മാർട്ടിൻ മേനാച്ചേരിയുടെ പരാതിയിലാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിടുകയും തുടർന്ന് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തത്. നടി അഭിനയിച്ച സിനിമകളിലേയും പരസ്യങ്ങളിലേയും ലൈംഗിക ദൃശ്യങ്ങൾ ഇന്റർനെറ്റിൽ തുടരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
അനാശാസ്യ നിരോധന നിയമവും ഐ.ടി നിയമവും അനുസരിച്ചാണ് കേസെടുത്തത്. എഫ്.ഐ.ആറിൽ ഉന്നയിക്കുന്ന കുറ്റങ്ങൾ നിലനിൽക്കാത്തതാണെന്നായിരുന്നു ഹരജിയിലെ വാദം. 15ന് നടക്കേണ്ട ‘അമ്മ’ സംഘടനയുടെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനിടെയാണ് ഇത്തരമൊരു സംഭവമെന്നതിൽനിന്ന് പരാതി ദുരുദ്ദേശ്യപരമാണെന്ന് വ്യക്തമാണെന്നും നടി ബോധിപ്പിച്ചു.
ഹരജിക്കാരിയുടെ ആരോപണത്തിൽ പ്രഥമദൃഷ്ട്യ കഴമ്പുണ്ടെന്ന് കോടതി വിലയിരുത്തി. തിടുക്കത്തിൽ പരാതി പൊലീസിന് കൈമാറിയതിൽനിന്ന് നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് മനസ്സിലാകുന്നത്. തുടർന്നാണ് മജിസ്ട്രേറ്റ് കോടതിയിൽനിന്ന് വിശദീകരണം തേടിയത്. സർക്കാറിന്‍റേയും പരാതിക്കാരന്‍റേയും വിശദീകരണവും തേടിയിട്ടുണ്ട്.
അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നതാണ് ശ്വേത മേനോനെതിരായ പരാതി. കൊച്ചി സെന്‍ട്രല്‍ പൊലീസ് ആണ് നടിക്കെതിരെ കേസ് എടുത്തത്. മാർട്ടിൻ മേനാച്ചേരി എന്നയാൾ നൽകിയ പരാതിയിലാണ് കേസ്. ഐ.ടി നിയമത്തിലെ 67 (എ) വകുപ്പ് പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണ് കേസ്. അശ്ലീല രംഗങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു എന്ന് പരാതിയിലുണ്ട്.
അതേസമയം, മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ഭാരവാഹി തെരഞ്ഞെടുപ്പിൽ നിന്ന് ജഗദീഷ് പിൻമാറിയതോടെ പ്രസിഡന്‍റ് സ്ഥാനത്തക്ക് ശ്വേത മോനോൻ എത്താൻ സാധ്യത കൂടിയിരുന്നു. എന്നാൽ കേസ് തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല.
ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ എന്നിവരും പ്രസിഡന്‍റ് സ്ഥാനത്തേക്ക് നൽകിയ പത്രിക പിൻവലിച്ചതോടെ മത്സരം ശ്വേതയും ദേവനും തമ്മിലായി. പ്രസിഡന്റ് ഉൾപ്പെടെ സ്ഥാനങ്ങളിലേക്ക് നാമനിർദേശപത്രിക സമർപ്പിച്ച പലരും മറ്റ് സ്ഥാനങ്ങളിലേക്കും പത്രിക നൽകിയിട്ടുണ്ട്. 73ഓളം പത്രികകളാണ് ലഭിച്ചത്. ആഗസ്റ്റ് 15നാണ് വോട്ടെടുപ്പ്. വൈകുന്നേരത്തോടെ ഫലപ്രഖ്യാപനവുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.