ഒറ്റപ്പാലം: ഫോണെടുത്ത് ഒന്ന് നമ്പർ ഡയൽ ചെയ്യുകയേ വേണ്ടൂ, വീട്ടുമുറ്റത്തെത്തും നല്ല കിടിലൻ സദ്യ. തൂശനിലയും കുത്തരിച്ചോറുമടക്കം വിഭവ സമൃദ്ധമായ സദ്യയുമായി റസ്റ്റോറന്റുകളും കാറ്ററിങ് സ്ഥാപനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. സദ്യവട്ടങ്ങളുടെ എരിവും പുളിയുമുള്ള പരസ്യങ്ങളുമായി കാറ്ററിങ് സ്ഥാപനങ്ങളുടെ കിടമത്സരവും ഇക്കൂട്ടത്തിൽ കാണാം. പൂക്കളം കഴിഞ്ഞാൽ ഓണത്തിന് ഏറെ പ്രാധാന്യമുള്ളത് വിഭവസമൃദ്ധമായ സദ്യയെന്നാണ് പഴമക്കാരുടെ വാദം. തൂശനിലയിൽ പരമ്പരാഗത രീതിയിലുള്ള സദ്യവട്ടങ്ങളാണ് ഓണത്തിന് പറഞ്ഞിട്ടുള്ളത്.
അടുക്കളയിൽ വെന്തുരുകാതെ സദ്യവട്ടങ്ങൾ ഊൺ മേശയിലെത്തിക്കുന്ന കാറ്ററിങ് സ്ഥാപനങ്ങളുടെ സേവനത്തോടുള്ള മലയാളിയുടെ ആഭിമുഖ്യം കൂടിവരുന്നതായാണ് ഇത്തരം സ്ഥാപനങ്ങളുടെ വർധന ചൂണ്ടിക്കാണിക്കുന്നത്. മെഗാ സദ്യയും മിനി സദ്യയും വിളംബരം ചെയ്ത് കാറ്ററിങ് സ്ഥാപനങ്ങൾ കച്ചവടം പൊടിപൊടിക്കാനുള്ള ഒരുക്കത്തിലാണ്. രണ്ട് തരം പായസം ഉൾപ്പെടെ 20 ഇനങ്ങളാണ് മെഗാ സദ്യയിലുള്ളത്. അഞ്ച് പേർക്ക് 1,750 രൂപയാണ് വില.
മിനി സദ്യയിൽ ഒരു പായസം ഉൾപ്പെടെ 12 ഇനങ്ങൾ മാത്രമാണുണ്ടാവുക. ഇതിന് അഞ്ച് പേർക്ക് 1250 നൽകിയാൽ മതി. 23 ഇനങ്ങളുള്ള മറ്റൊരു സ്ഥാപനത്തിന്റെ മൂന്ന് പേർക്കുള്ള സദ്യക്ക് 899 രൂപയാണ് വില. അഞ്ച് പേർക്ക് 1399 രൂപയും 10 പേർക്ക് 2599 രൂപയും നൽകണം. കൂട്ടുകറി, അവിയൽ, കാളൻ, പുളിയിഞ്ചി, ഓലൻ തുടങ്ങിയവ ആവശ്യാനുസരണം വാങ്ങാനും ഇവിടങ്ങളിൽ സൗകര്യമുണ്ട്. പാലട പ്രഥമൻ ലിറ്ററിന് 240 രൂപയും പരിപ്പ് പ്രഥമന്‍ 220 രൂപയുമാണ് വില. അണുകുടുംബങ്ങളാണ് വിശേഷാവസരങ്ങളിൽ കൂടുതലായും കാറ്ററിങ് സ്ഥാപനങ്ങളെ ആശ്രയിക്കുന്നത്. ഓണാവധിക്ക് വിരുന്ന് പാർക്കാൻ തയാറായി എത്തുന്ന ബന്ധങ്ങൾ ഇല്ലാതായതും കാറ്ററിങ് സ്ഥാപനങ്ങളുടെ സേവനങ്ങൾക്ക് സ്വീകാര്യതയേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.