മനാമ: രാജ്യത്തെ തൊഴിലിടങ്ങളിലെ മെഡിക്കൽ സഹായവും അടിയന്തര ചികിത്സ പ്രോട്ടോകോളുകളും ശക്തിപ്പെടുത്താനുള്ള പുതിയ നിയമങ്ങൾ നിലവിൽ വന്നു. ആരോഗ്യമന്ത്രി ഡോ. ജലീല അൽ സയ്യിദയാണ് മന്ത്രിതല ഉത്തരവ് (3822) പുറത്തിറക്കിയത്. നിയമം വെള്ളിയാഴ്ച പ്രാബല്യത്തിൽ വന്നെങ്കിലും സ്വകാര്യമേഖലക്ക് അവധിദിവസമായതിനാൽ ഔദ്യോഗികമായി ശനിയാഴ്ച മുതലാണ് നടപ്പാക്കിയത്.
തൊഴിൽസുരക്ഷ ശക്തിപ്പെടുത്തുകയാണ് ഉത്തരവിന്റെ പ്രധാന ലക്ഷ്യം. പ്രഥമശുശ്രൂഷാ ലഭ്യത ഉറപ്പാക്കുക, മെഡിക്കൽ തയാറെടുപ്പുകൾ മെച്ചപ്പെടുത്തുക, ആരോഗ്യപരമായ അടിയന്തര സാഹചര്യങ്ങളോടുള്ള പ്രതികരണം വേഗത്തിലാക്കുക എന്നിവ ഉത്തരവിൽ നിർബന്ധമാക്കി.
ജിംനേഷ്യങ്ങളിലും ഫിറ്റ്നസ് സെന്റററുകളിലും ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്ററുകൾ നിർബന്ധമാക്കാൻ ജനറൽ സ്പോർട്സ് അതോറിറ്റി അടുത്തിടെ സ്വീകരിച്ച നടപടികളുമായും ഈ ഉത്തരവ് യോജിക്കുന്നുണ്ട്. തൊഴിൽപരവും വിനോദപരവുമായ ചുറ്റുപാടുകളിൽ പ്രതിരോധ, ജീവൻരക്ഷാ നടപടികളിൽ രാജ്യം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ സൂചന കൂടിയാണിത്.
1976ലെ സോഷ്യൽ ഇൻഷുറൻസ് നിയമം, 2012ലെ സ്വകാര്യമേഖല തൊഴിൽ നിയമം, 2018ലെ പൊതുജനാരോഗ്യ നിയമവും അതിന്റെ 2021ലെ എക്സിക്യൂട്ടീവ് ബൈലോകളും 2013ലെ തൊഴിൽസുരക്ഷാ നിയന്ത്രണ ഉത്തരവ് എന്നീ നിയമങ്ങളെ അടിസ്ഥാനമാക്കി കൂടിയാണ് പുതിയ ഉത്തരവ്.
പുതിയ നിയമങ്ങൾ ലംഘിക്കുന്ന തൊഴിലുടമകൾക്ക് 2012ലെ സ്വകാര്യമേഖല തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 192 അല്ലെങ്കിൽ പൊതുജനാരോഗ്യനിയമത്തിലെ ആർട്ടിക്കിൾ 129 പ്രകാരം പിഴ ചുമത്തും.
ഈ ഉത്തരവ് 1976ലെ പ്രഥമശുശ്രൂഷാ കിറ്റുകളെക്കുറിച്ചുള്ള പഴയനിയമം ഔദ്യോഗികമായി റദ്ദാക്കുകയും ആധുനിക വൈദ്യശാസ്ത്രരീതികൾക്ക് അനുസൃതമായി നിലവാരം അപ്ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
തൊഴിലുടമകൾ ഉറപ്പാക്കേണ്ട കാര്യങ്ങൾ
- ഓരോ തൊഴിലിടത്തിലും മതിയായ പ്രഥമശുശ്രൂഷാ സംവിധാനങ്ങൾ ഒരുക്കുക
- പ്രഥമശുശ്രൂഷാ കിറ്റുകൾ ലഭ്യമാക്കുക (ഓരോ 100 തൊഴിലാളികൾക്കും അല്ലെങ്കിൽ അതിൽ കുറഞ്ഞവർക്കും ഒരു കിറ്റ്).
- അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള പദ്ധതികൾ (സമീപത്തുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ ഭൂപടങ്ങളും ബന്ധപ്പെടാനുള്ള വിവരങ്ങളും ഉൾപ്പെടെ) തയാറാക്കുക.
- ഓരോ 20 ജീവനക്കാർക്കും കുറഞ്ഞത് ഒരു യോഗ്യതയുള്ളതും പരിശീലനം ലഭിച്ചതുമായ പ്രഥമശുശ്രൂഷാ പ്രവർത്തകനെ നിയമിക്കുക. ഇവരുടെ പേരുകൾ ഒരു പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം.
- കിറ്റുകളുടെ ലഭ്യതയും വിവര റിപ്പോർട്ടിങ്ങും നിരീക്ഷിക്കാൻ ഒരു ജീവനക്കാരനെ ചുമതലപ്പെടുത്തുക.
- കിറ്റുകളിലെ ഉള്ളടക്കങ്ങൾ ഇടക്കിടെ പരിശോധിക്കുന്നത് നിർബന്ധമാണ്, കൂടാതെ രേഖകൾ സൂക്ഷിക്കുകയും വേണം.
- പരിക്കേറ്റ തൊഴിലാളികൾക്ക് ഉടനടി വൈദ്യസഹായം വിളിച്ചുവരുത്താനും ആരോഗ്യകേന്ദ്രങ്ങളിലേക്ക് കൃത്യസമയത്ത് എത്തിക്കാനും തൊഴിലുടമകൾക്ക് ബാധ്യതയുണ്ട്.
- എമർജെൻസി എക്സിറ്റ്, ആരോഗ്യകേന്ദ്രങ്ങളുടെ ബന്ധപ്പെടാനുള്ള വിവരങ്ങൾ, പ്രഥമശുശ്രൂഷ കിറ്റുകളുടെ സ്ഥാനങ്ങൾ എന്നിവ ഉൾപ്പെടെ അടിയന്തര സാഹചര്യങ്ങളോട് പ്രതികരിക്കുന്നതിനുള്ള ഒരു വിശദമായ പദ്ധതി ആവശ്യമാണ്.
പ്രഥമശുശ്രൂഷ കിറ്റുകളിൽ ശ്രദ്ധിക്കേണ്ടത്
ക്ലാസ് എ കിറ്റുകൾ (ഓഫിസുകൾ അല്ലെങ്കിൽ റീട്ടെയിൽ സ്റ്റോറുകൾ പോലുള്ള കുറഞ്ഞ/ഇടത്തരം അപകടസാധ്യതയുള്ള ചുറ്റുപാടുകൾക്ക്)16 പശയുള്ള ബാൻഡേജുകൾ
- ആന്റിബയോട്ടിക് ഓയിന്റ്മെന്റുകളും ആന്റിസെപ്റ്റിക്കുകളും
- പൊള്ളലിനുള്ള ഡ്രെസിങ്ങുകൾ
- സി.പി.ആർ മാസ്കുകൾ
- കണ്ണ് കഴുകാനുള്ള ലായനി
- ഒരു ഫോയിൽ പുതപ്പ്
- കത്രിക
- മെഡിക്കൽ ഗ്ലൗസുകൾ
- ഒരു പ്രഥമശുശ്രൂഷാ ഗൈഡ്
- എ.ഇ.ഡി (ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ)-ഓപ്ഷണൽ
- ക്ലാസ് ബി കിറ്റുകൾ (ഫാക്ടറികൾ അല്ലെങ്കിൽ നിർമാണമേഖലകൾ പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള സ്ഥലങ്ങൾക്ക്)
- ക്ലാസ് എയിലെ എല്ലാ ഇനങ്ങളും ക്ലാസ് ബി കിറ്റുകളിൽ കൂടിയ അളവിൽ വേണം
- അധിക ട്രോമ പാഡുകൾ
- സ്ലിന്റുകൾ (splints)
- ടൂർണിക്കെറ്റുകൾ
- കുറഞ്ഞത് എട്ട് മെഡിക്കൽ ഗ്ലൗസുകൾ
- നീണ്ട പശയുള്ള ടേപ്പുകൾ
- ഇരട്ട കോൾഡ് പാക്കുകൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.