മനാമ: ബഹ്റൈനിലെ പ്രധാന റോഡുകളിൽ ട്രക്കുകൾക്കും മറ്റ് ഭാരവാഹനങ്ങൾക്കും വേഗപരിധി കുറക്കാൻ നിർദേശവുമായി ജനപ്രതിനിധികൾ. അടുത്തിടെയുണ്ടായ നിരവധി അപകടങ്ങളെത്തുടർന്ന് റോഡ് സുരക്ഷ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഹിദ്ദ് കൗൺസിലർ മുഹമ്മദ് അൽ മെഗാവിയാണ് നിർദേശത്തിന് നേതൃത്വം നൽകിയത്. നിർദേശം മുഹറഖ് മുനിസിപ്പൽ കൗൺസിൽ ഐകകണ്ഠ്യേന അംഗീകരിച്ച് മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക്കിന് കൈമാറിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുമായും തൊഴിൽമന്ത്രി ഇബ്രാഹിം അൽ ഖവാജയുമായും ഈ വിഷയം കൂടുതൽ വിലയിരുത്തുന്നതിന് ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷ. തുടർനടപടികൾ വേഗത്തിലായാൽ നിർദേശം ഉടൻ പ്രാബല്യത്തിൽ വന്നേക്കും.
കഴിഞ്ഞമാസങ്ങളിൽ ഭാരവാഹനങ്ങൾ ഉൾപ്പെട്ട നിരവധി റോഡപകടങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നു. അതിനെതുടർന്നാണ് നടപടി. ലോഡ് നിയമങ്ങൾ പാലിച്ചിട്ടും പല അപകടങ്ങളുമുണ്ടായത് വേഗപരിധി പുനർനിർണയിക്കേണ്ടതിന്റെ ആവശ്യകതയെയാണ് ചൂണ്ടിക്കാണിക്കുന്നത്.
ഞങ്ങൾ പ്രായോഗികവും പ്രതിരോധപരവുമായ ഒരു നടപടിയാണ് നിർദേശിക്കുന്നതെന്നും പ്രധാന മേഖലകളിൽ ട്രക്കുകൾക്കുള്ള വേഗപരിധി കുറക്കുന്നത് റോഡപകടങ്ങളുടെ തീവ്രതയും എണ്ണവും കുറക്കുമെന്നും മുഹമ്മദ് അൽ മെഗാവി സൂചിപ്പിച്ചു.
നിർദേശത്തിന് കൗൺസിൽ പൂർണ പിന്തുണ നൽകിയിട്ടുണ്ട്. കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാർ ഈ സംരംഭത്തെ പ്രശംസിക്കുകയും പൊതുസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മുൻകരുതലെടുക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.
നിർദേശം ബന്ധപ്പെട്ട മന്ത്രാലയങ്ങൾ അംഗീകരിക്കുകയാണെങ്കിൽ, ഡ്രൈ ഡോക്ക് ഹൈവേയും ഖലീഫ ബിൻ സൽമാൻ കോസ്വേയും പോലുള്ള പൈലറ്റ് സോണുകളിൽ ആരംഭിച്ച് പുതിയ വേഗപരിധി ഘട്ടംഘട്ടമായി അവതരിപ്പിക്കാനാണ് സാധ്യത. ബഹ്റൈനിലുടനീളമുള്ള മറ്റ് ഹൈവേകളിലേക്ക് ഈ നടപടി വ്യാപിപ്പിക്കുന്നതിനുമുമ്പ് ഫലങ്ങൾ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.