ഇത്തിഹാദ്​ റെയിൽ

ഇത്തിഹാദ്​ റെയിൽ ഷാർജ യാത്ര എളുപ്പമാക്കും

ഷാർജ: രാജ്യം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇത്തിഹാദ്​ റെയിൽ പാതയിൽ പാസഞ്ചർ സർവീസുകൾ ആരംഭിക്കുന്നതോടെ ദുബൈ-ഷാർജ പാതയിലെ ഗതാഗതക്കുരുക്കിന്​​ പരിഹാരമാകുമെന്ന്​ പ്രതീക്ഷ. ഷാർജയിൽ ഇത്തിഹാദ്​ സ്​റ്റേഷൻ നിർമിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം കഴിഞ്ഞ വർഷമാണ്​ പുറത്തുവിട്ടത്​. എമിറേറ്റിൽ സ്​റ്റേഷൻ നിർമിക്കുന്നത്​ കൃത്യമായി ഏത്​ സ്ഥലത്താണെന്ന്​ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, യൂനിവേഴ്​സിറ്റി സിറ്റിക്ക്​ സമീപത്താണെന്ന്​ വ്യക്​തമാക്കിയിട്ടുണ്ട്​. നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രമായ ഇവിടെ ഇത്തിഹാദ്​ റെയിൽ സ്​റ്റേഷൻ വരുന്നത്​ വിദ്യാർഥികൾക്കും അനുഗ്രഹമായിരിക്കും. അതോടൊപ്പം ഷാർജ വിമാനത്താവളത്തിനും സമീപത്തായാണ്​ സ്​റ്റേഷൻ വരുന്നത്​. ഈ പശ്​ചാത്തലത്തിൽ എമിറേറ്റിന്‍റെ വികസനത്തിൽ കുതിച്ചുചാട്ടത്തിന്​ പുതിയ റെയിൽ പാത കാരണമാകുമെന്നാണ്​ കണക്കിലാക്കുന്നത്​. യൂനിവേഴ്​സിറ്റികളിലും കോളേജുകളിലും പ്രവേശനം വർധിക്കാനും മേഖലയിലെ പ്രോപ്പർട്ടി നിരക്ക്​ കൂടാനും ഷാർജ വഴിയുള്ള വിമാന യാത്രക്കാരുടെ എണ്ണം വർധിക്കാനും വിനോദ സഞ്ചാരികളുടെ എണ്ണം വർധിക്കാനും സാധ്യതയേറെയാണ്​.

ദുബൈയിൽ നിന്ന്​ ഷാർജയിലേക്കും തിരിച്ചും​ യാത്ര ചെയ്യാൻ ട്രെയിൻ സർവീസ്​ കൂടി വരുന്നതോടെ റോഡിൽ തിരക്കിന്​ ആനുപാതികമായ കുറവുണ്ടാകും. നിലവിൽ രാവിലെയും വൈകുന്നേരങ്ങളിൽ ഈ റൂട്ടിലുള്ള ഗതാഗതക്കുരുക്കിന്​ ആശ്വാസമാകാൻ ഇത്​ കാരണമാവുകയും ചെയ്യും. അടുത്ത വർഷം ഇത്തിഹാദ്​ റെയിൽ പാതയിൽ പാസഞ്ചർ സർവീസുകൾ ആരംഭിക്കു​മെന്നാണ്​ പ്രതീക്ഷിക്ക​പ്പെടുന്നത്​. അബൂദബി, ദുബൈ, ഷാർജ, ഫുജൈറ എന്നിങ്ങനെ നിലവിൽ നാല്​ പാസഞ്ചർ സ്​റ്റേഷനുകളാണ്​ നിലവിൽ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്​. കഴിഞ്ഞ മാസം റെയിൽപാതയിലെ നിർമാണവുമായി ബന്ധപ്പെട്ട്​ ആഗസ്റ്റ്​ 30വരെ ഷാർജയിലെ യൂനിവേഴ്​സിറ്റി പാലത്തിന്​ സമീപം ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചിരുന്നു.

അബൂദബിയിലെ അൽ സിലയിൽ നിന്ന്​ ഫുജൈറ വരെ നീണ്ടുനിൽക്കുന്നതാണ്​ നിലവിൽ നിർമാണം പൂർത്തിയായിക്കഴിഞ്ഞ റെയിൽ പാത. മണിക്കൂറിൽ 200 കി.മീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ട്രെയിനിന്​ കഴിയും. പ്രതിവർഷം 3.6 കോടി യാത്രക്കാർക്ക്​ ഇതുവഴി സേവനം ലഭിക്കുമെന്നാണ്​ പ്രതീക്ഷ. ഇത്തിഹാദ്​ റെയിൽ പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ പ്രമുഖ നഗരങ്ങൾ തമ്മിലുള്ള യാത്ര സമയം ഗണ്യമായി കുറയുകയും ചെയ്യും. അബൂദബിയിൽ നിന്ന്​ ദുബൈ യാത്രക്ക്​ 57 മിനിറ്റ്​ മാത്രം മതിയാകും. അബൂദബിയിൽ നിന്ന്​ ഫുജൈറയിലേക്ക്​ 105 മിനിറ്റിന്‍റെ യാത്ര മതി. വിവിധ എമി​റേറ്റുകളിലെ വിനോദ സഞ്ചാരമേഖലക്കും പദ്ധതി കരുത്തു പകരും.

Tags:    
News Summary - Etihad Rail to make Sharjah travel easier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.