ദുബൈ: എമിറേറ്റിൽ സാമൂഹിക സേവനത്തിനുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമായ കമ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റി (സി.ഡി.എ)യിൽ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ വർധന. പ്ലാറ്റ്ഫോമിൽ ഇതിനകം രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഏതാണ്ട് 59,000 ആണ്. 2024ന്റെ ആദ്യ പാദത്തിൽ മാത്രം 18,000 സന്നദ്ധ പ്രവർത്തകർ ചേർന്ന് നടത്തിയത് അഞ്ച് ലക്ഷം മണിക്കൂർ സേവനങ്ങളാണ്. ഇതിന്റെ മൂല്യം ഏതാണ്ട് നാലു കോടി ദിർഹത്തിന് തുല്യമാണ്. സി.ഡി.എയിലെ വിദഗ്ധ സേവന രംഗത്തും വളർച്ച പ്രകടമാണ്. 500ലധികം വിദഗ്ധരായ വളന്റിയർമാർ ചേർന്ന് പൂർത്തിയാക്കിയത് 100ലധികം വ്യത്യസ്ത ദൗത്യങ്ങളാണ്. 8000 മണിക്കൂറാണ് ഈ രംഗത്ത് ഇവർ ചെലവിട്ടത്. 2024ൽ സന്നദ്ധ സേവനങ്ങൾക്കായി സി.ഡി.എ വളന്റിയർമാർ ആകെ ചെലവിട്ട സമയം 10 ലക്ഷം മണിക്കൂർ വരും. ഇത് പൊതുജനങ്ങളുടെ ഈ രംഗത്തുള്ള ആവേശവും കൂടുതൽ സമഗ്രവും സേവനാധിഷ്ഠിതവുമായ ഒരു സമൂഹത്തിനായുള്ള പിന്തുണയുമാണ് പ്രതിഫലിപ്പിക്കുന്നത്.
ഈ സാഹചര്യത്തിന് അനുസരിച്ച് ‘സന്നദ്ധസേവനത്തിനായുള്ള ബോധവത്കരണം, എൻഗേജ്മെന്റ് പദ്ധതി’ എന്ന തലക്കെട്ടിൽ സി.ഡി.എ പുതിയ സംരംഭത്തിനും തുടക്കമിട്ടിരിക്കുകയാണ്. എല്ലാ പ്രായക്കാർക്കുമിടയിൽ സന്നദ്ധ പ്രവർത്തനത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ വളർത്തുന്നതിലൂടെ പൗര പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നതാണ് ഇതിന്റെ ലക്ഷ്യം. സന്നദ്ധ പ്രവർത്തനങ്ങളുടെ പ്രാധാന്യവും സാഹചര്യവും ഉയർത്തിക്കാണിക്കുക മാത്രമല്ല ഇതിന്റെ ഉദ്ദേശ്യം. മറിച്ച് പൊതുജനങ്ങൾക്ക് സന്നദ്ധപ്രവർത്തനങ്ങളുടെ അവകാശവും ഉത്തരവാദിത്തവും ബോധ്യപ്പെടുത്തി നൽകുകയുമാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.