അജ്മാൻ: 2025ന്റെ ആദ്യ പകുതിയിൽ അജ്മാനിൽ ടാക്സി ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തി. ഈ കാലയളവില്‍ യാത്രക്കാരുടെ എണ്ണം 13,396,248 ആയി. 2024 ലെ ഇതേ കാലയളവിൽ ഇത് 12,803,214 ആയിരുന്നു. 4.63 ശതമാനത്തിന്റെ വർധനയാണ് ഈ കാലയളവില്‍ രേഖപ്പെടുത്തിയത്. ഈ വർഷം ആദ്യ പകുതിയിൽ ടാക്സി യാത്രകളുടെ എണ്ണവും 6,698,124 ആയി വർധിച്ചു. കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ ഇത് 6,401,608 ആയിരുന്നു, ഇത് 4.63 ശതമാനത്തിന്റെ സമാനമായ വർധനവാണ്.
അജ്മാനിലെ ഗതാഗത മേഖലയുടെ തുടർച്ചയായ വളർച്ചയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ കണക്കുകളെന്നും പൊതുജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സുരക്ഷിതവും കാര്യക്ഷമവുമായ ഗതാഗത സേവനങ്ങൾ നൽകുന്നതിനുമായി അതോറിറ്റി നടപ്പിലാക്കിയ നയങ്ങളുടെയും പ്രവർത്തന പദ്ധതികളുടെയും ഫലപ്രാപ്തിയെ സ്ഥിരീകരിക്കുന്നതായും അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റിയിലെ പബ്ലിക് ട്രാൻസ്പോർട്ട് ആൻഡ് ലൈസൻസിങ് ഏജൻസി എക്സിക്യൂട്ടിവ് ഡയറക്ടർ എൻജിനീയർ സാമി അലി അൽ ജല്ലാഫ് പറഞ്ഞു. വാഹന ഗുണനിലവാരം വർധിപ്പിച്ചും ഡ്രൈവർമാരുടെ കാര്യക്ഷമത ഉയർത്തിയും ഗതാഗത മാനേജ്മെന്റിൽ സ്മാർട്ട് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു കൊണ്ടും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിലും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
യാത്രക്കാരുടെ സുഖസൗകര്യങ്ങളും സുരക്ഷയും വർധിപ്പിക്കുന്ന നിരവധി സവിശേഷതകൾ അജ്മാൻ ടാക്സികളുണ്ട്. യാത്രകളുടെ കൃത്യതയും ഉപയോക്താക്കളുടെ സുരക്ഷയും ഉറപ്പാക്കാൻ സ്മാർട്ട് ട്രാക്കിങ് ഉപകരണങ്ങൾ വാഹനങ്ങളില്‍ സജ്ജീകരിച്ചിരിക്കുന്നു. സംയോജിത ഇലക്ട്രോണിക് പേയ്മെന്റ് സംവിധാനം, സുഖപ്രദമായ സീറ്റുകൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ഉയർന്ന നിലവാരമുള്ള മാനദണ്ഡങ്ങൾക്കനുസൃതമായി ഡ്രൈവർമാരെ പരിശീലിപ്പിക്കുന്നതിനും മുതിർന്ന പൗരന്മാർക്കും നിശ്ചയദാർഢ്യമുള്ള ആളുകൾക്കുമായി പ്രത്യേക വാഹനങ്ങൾ നൽകുന്നതിനും, ആനുകാലിക അറ്റകുറ്റപ്പണികൾക്കും അതോറിറ്റി പ്രതിജ്ഞാബദ്ധമാണ്. ടാക്സി സേവനങ്ങൾ ഗതാഗതത്തിൽ മാത്രം ഒതുങ്ങുന്നില്ലെന്നും വ്യക്തികളുടെയും പ്രാദേശിക സമ്പദ്വ്യവസ്ഥയുടെയും ചലനത്തെ പിന്തുണക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ ഒരു പ്രധാന ഭാഗമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറക്കുന്നതിന് ഇത് അവസരം നല്കുന്നു. സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്ക് സുരക്ഷിതമായും സുഖകരമായും അവരുടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാനും ഈ സേവനങ്ങള്‍ പ്രാപ്തമാക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.