എസ്. ജയശങ്കർ
ന്യൂഡൽഹി: റഷ്യൻ എണ്ണ വാങ്ങുന്നതിന് പിഴയായി യു.എസ് ഇന്ത്യക്കുമേൽ ചുമത്തുന്ന തീരുവ യുക്തിരഹിതവും ന്യായീകരിക്കാൻ കഴിയാത്തതുമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. പാശ്ചാത്യരാജ്യങ്ങളിൽനിന്നുള്ള സമ്മർദത്തിനുമുന്നിൽ ഇന്ത്യ തലകുനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ചരക്കുകൾക്ക് 50 ശതമാനം വരെ അധിക തീരുവ വരെ ചുമത്തിയത് ഒഴിവാക്കാൻ ഇന്ത്യ യു.എസുമായി നടത്തുന്ന ചർച്ചകൾ പുരോഗമിക്കവെയാണ് വിദേശകാര്യമന്ത്രിയുടെ പ്രസ്താവന. തീരുവയിൽ യു.എസുമായുള്ള ചർച്ച തുടരുമെങ്കിലും രാജ്യത്തെ കർഷകരുടെയും ചെറുകിട ഉത്പാദകരുടെയും താത്പര്യങ്ങൾ സംരക്ഷിച്ച് മാത്രമായിരിക്കും തീരുമാനം എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
റഷ്യൻ ഇന്ധനം വാങ്ങുന്നതിന് ഇന്ത്യയെ കുറ്റപ്പെടുത്തുന്ന യു.എസ്, റഷ്യൻ ഊർജം ഇറക്കുമതി ചെയ്യുന്ന യൂറോപ്യൻ രാജ്യങ്ങളോടും ചൈനയോടും വ്യത്യസ്ത സമീപനമാണ് സ്വീകരിക്കുന്നത് -ജയ്ശങ്കർ കൂട്ടിച്ചേർത്തു. ഇന്ത്യയിൽനിന്ന് സംസ്കൃത എണ്ണയോ ഉൽപന്നങ്ങളോ വാങ്ങാൻ ആരും ആരെയും നിർബന്ധിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ലോക വിഷയങ്ങളിൽ ട്രംപിന്റെ ഇടപെടലുകൾ പാരമ്പര്യത്തിൽനിന്ന് വഴിമാറി നടത്തമാണെന്നും ലോകം മുഴുക്കെ ഇതേ വിഷയം നേരിടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ‘നിലവിലെ പ്രസിഡന്റിനെ പോലെ വിദേശനയം ഇങ്ങനെ പരസ്യമായി കൈകാര്യം ചെയ്യുന്ന യു.എസ് പ്രസിഡന്റുമാരെ കണ്ടിട്ടില്ല.
കച്ചവടക്കണ്ണുള്ള അമേരിക്കൻ ഭരണകൂടത്തിന് വേണ്ടി പ്രവർത്തിക്കുന്ന ആളുകൾ മറ്റുള്ളവർ വ്യവസായം നടത്തുന്നതിനെ കുറ്റപ്പെടുത്തുന്നത് തമാശയാണ്. ഇന്ത്യയുടെ എണ്ണയോ മറ്റ് സംസ്കൃത വസ്തുക്കളോ വാങ്ങുന്നതിൽ പ്രശ്നമുണ്ടെങ്കിൽ അത് വാങ്ങാതിരിക്കാം. ആരും നിർബന്ധിക്കുന്നില്ല. അതിനാൽ തന്നെ ഇഷ്ടമില്ലെങ്കിൽ വാങ്ങണ്ട’’- അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ കണക്കിലെടുത്ത് ആഗസ്റ്റ് 25 മുതൽ യു.എസിലേക്ക് പാർസലുകൾ സ്വീകരിക്കുന്നത് ഇന്ത്യ പോസ്റ്റ് നിർത്തലാക്കി. കത്തുകൾ, രേഖകൾ, 100 ഡോളർവരെ മൂല്യമുള്ള സമ്മാനങ്ങൾ എന്നിവ ഒഴികെ ഒന്നും സ്വീകരിക്കില്ല. 800 ഡോളർവരെ മൂല്യമുള്ള വസ്തുക്കൾക്ക് നിലവിലുണ്ടായിരുന്ന നികുതി ഇളവ് പിൻവലിച്ച് ജൂലൈ 30ന് യു.എസ് ഉത്തരവിറക്കിയിരുന്നു.
ആഗസ്റ്റ് 29 മുതൽ യു.എസിൽ പോസ്റ്റലായി എത്തുന്ന എല്ലാ വസ്തുക്കൾക്കും കസ്റ്റംസ് തീരുവ അടക്കണം. 100 ഡോളറിൽ താഴെ മൂല്യമുള്ളവക്ക് മാത്രമാകും ഇളവ് തുടരുക. ഉത്തരവ് പ്രകാരം അന്താരാഷ്ട്ര കമ്പനികൾക്കും യു.എസ് കസ്റ്റംസ് വിഭാഗം അംഗീകരിച്ച ‘യോഗ്യരായ മറ്റു കക്ഷികൾക്കും’ മാത്രമേ പോസ്റ്റൽ വസ്തുക്കൾ ഏറ്റുവാങ്ങാനും കസ്റ്റംസ് തീരുവ അടക്കാനും പറ്റൂ. ഈ കക്ഷികൾക്ക് അംഗീകാരം നൽകുന്നത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിൽ യു.എസിലേക്ക് പാർസലുകൾ കൊണ്ടുപോകാനാകില്ലെന്ന് വിമാനക്കമ്പനികൾ അറിയിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ പോസ്റ്റ് തീരുമാനം. നേരത്തേ പാർസൽ ബുക്ക് ചെയ്ത് അയക്കാനാകാത്തവർക്ക് തുക തിരിച്ചുനൽകും. ഫ്രാൻസ്, ജർമനി, ബെൽജിയം, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളും സമാന നടപടി പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.