ബോംബ് ഭീഷണി പരമ്പര തുടരുന്നു; ഡൽഹിക്കും ബംഗളൂരുവിനും പിന്നാലെ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫിസിനും സെക്രട്ടേറിയറ്റിനും വ്യാജ ബോംബ് ഭീഷണി

ഗാന്ധിനഗർ: ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഓഫിസിനും ഗാന്ധിനഗറിലെ സംസ്ഥാന സെക്രട്ടേറിയറ്റിനും നേരെ ബോംബ് ഭീഷണി. ഇമെയിൽ സന്ദേശം വഴിയാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചത്. ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്പെഷ്യൽ ഓപറേഷൻസ് ഗ്രൂപ്പ് (എസ്.ഒ.ജി), ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് (ബി.ഡി.ഡി.എസ്), ഡോഗ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. സംശയാസ്പദമായി ഒന്നും കണ്ടെത്താനാകാത്തതിനാൽ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

ജൂലൈ 17ന് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനാണ് ഇമെയിൽ ലഭിച്ചത്. അതിൽ മുഖ്യമന്ത്രിയുടെ ഓഫിസിലും സെക്രട്ടേറിയറ്റ് സമുച്ചയത്തിലും സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ദിവ്യപ്രകാശ് ഗോഹിൽ പറഞ്ഞു. ഭാരതീയ ന്യായ സംഹിത, ഇൻഫർമേഷൻ ടെക്നോളജി ആക്ട് എന്നിവ പ്രകാരം അജ്ഞാതനായ വ്യക്തിക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടന്നും പൊലീസ് വ്യക്തമാക്കി. ഏതാനും സ്കൂളുകൾ, കീഴ്ക്കോടതികൾ, ഗുജറാത്ത് ഹൈകോടതി എന്നിവക്കും അടുത്തിടെ ഇത്തരം വ്യാജ ബോംബ് ഭീഷണികൾ ലഭിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി ബംഗളൂരുവിലെ സ്കൂളുകളുകൾക്കും ഡൽഹിയിലെ നിരവധി സ്കൂളുകൾക്കും കോളജുകൾക്കും വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇമെയിലുകൾ വഴിയാണ് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നത്.

'സ്കൂളിനുള്ളിൽ ബോംബുകൾ' എന്ന തലക്കെട്ടോടെയായിരുന്നു ബംഗളൂരുവിലെ സ്കൂളുകളുകൾ ഇമെയിൽ ലഭിച്ചത്. അതത് സ്കൂളുകളുടെ ക്ലാസ് മുറികളിൽ നിരവധി സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചതായും സന്ദേശത്തിൽ അവകാശപ്പെട്ടിരുന്നു. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ വ്യാജമാണെന്ന് തെളിയുകയായിരുന്നു. ഡൽഹിയിലും സ്കൂളുകൾക്ക് ലഭിച്ച ഭീഷണിയെ തുടർന്ന് വിദ്യാർഥികളെയും മറ്റും ഒഴിപ്പിച്ചിരുന്നു. സ്കൂളുകൾക്ക് ലഭിക്കുന്ന ഇത്തരം ഭീഷണി സന്ദേശങ്ങൾ കാരണം മാതാപിതാക്കളും ജനങ്ങും പരിഭ്രാന്തിയിലാണ്.

Tags:    
News Summary - Gujarat CMO and secretariat get hoax bomb threat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.