കെ.എൻ. രാജണ്ണ
ബംഗളൂരു: വോട്ടുമോഷണ വിഷയത്തിൽ തെരഞ്ഞെടുപ്പ് കമീഷനും ബി.ജെ.പിക്കുമെതിരെ കാമ്പയിനുമായി പ്രതിഷേധം കടുപ്പിക്കുന്നതിനിടെ കോൺഗ്രസിന് കല്ലുകടിയായി കർണാടകയിലെ മുതിർന്ന മന്ത്രിയുടെ വിവാദ പരാമർശം.
ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കളിയാക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയ സഹകരണ മന്ത്രി കെ.എൻ. രാജണ്ണയെ പാർട്ടി നേതൃത്വത്തിന്റെ ആവശ്യത്തെ തുടർന്ന് മന്ത്രിസഭയിൽനിന്ന് പുറത്താക്കി. അടിയന്തര വിജ്ഞാപനത്തിൽ ഗവർണർ താവർചന്ദ് ഗഹ് ലോട്ട് ഒപ്പുവെച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായികൂടിയാണ് തുമകൂരു മധുഗിരിയിൽനിന്നുള്ള മുതിർന്ന നേതാവായ രാജണ്ണ.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗളൂരു സെൻട്രൽ ലോക്സഭ മണ്ഡലത്തിലെ മഹാദേവപുര മണ്ഡലത്തിൽ വോട്ടു ക്രമക്കേട് നടന്നതിന്റെ തെളിവുകൾ രാഹുൽ ഗാന്ധി പുറത്തുവിട്ടിരുന്നു. മന്ത്രി രാജണ്ണ ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, കർണാടകയിൽ കോൺഗ്രസ് സർക്കാർ ഭരണത്തിലിരിക്കെയാണ് ഈ ക്രമക്കേട് നടന്നതെന്ന് വിമർശിച്ചിരുന്നു.
‘‘കരട് വോട്ടർ പട്ടിക തയാറാക്കിയപ്പോൾ നമ്മളെല്ലാവരും ഉറങ്ങുകയായിരുന്നോ? ക്രമക്കേടുകൾ നടന്നു എന്നത് ശരിയാണ്. എന്നാൽ, ഇത് കൺമുന്നിലാണ് നടന്നത്. അതു തടയാനാവാത്തതിൽ നമ്മൾ ലജ്ജിക്കണം. നമുക്ക് കണ്ടെത്താൻ കഴിയാതിരുന്നത് നാണക്കേടാണ്. അപ്പോൾ നിശ്ശബ്ദരായി ഇരുന്നിട്ട് ഇപ്പോൾ ശബ്ദമുയർത്തുകയാണ്’’ -രാജണ്ണ കുറ്റപ്പെടുത്തി.
മന്ത്രിയുടെ പരാമർശത്തിന് പിന്നാലെ അദ്ദേഹത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കർണാടക കോൺഗ്രസിൽ ഒരു വിഭാഗം രംഗത്തുവന്നു. വിഷയത്തിൽ നേരിട്ടിടപെട്ട ഹൈകമാൻഡ് മന്ത്രിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.