ഷിംല: സമൂഹ മാധ്യമങ്ങളിൽ ഒരാൾ ‘പാകിസ്താൻ സിന്ദാബാദ്’ എന്ന് കുറിപ്പിട്ടാൽ അത് ദേശദ്രോഹമാകുമോ? സ്വന്തം രാജ്യത്തെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനയോടെ അല്ലാതെയുള്ള ഇത്തരം മുദ്രാവാക്യങ്ങളൊന്നും ദേശദ്രോഹക്കുറ്റമായി കാണാനാവില്ലെന്നാണ് ഹിമാചൽ പ്രദേശ് ഹൈകോടതിയുടെ നിരീക്ഷണം. പാകിസ്താൻ സിന്ദാബാദ് എന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് ദേശദ്രോഹിയെന്ന് ആരോപിച്ച് പൊലീസ് കോടതിയിലെത്തിച്ച സുലൈമാൻ എന്നയാൾക്ക് ജസ്റ്റിസ് രാകേഷ് കൈന്ത്‍ല ജാമ്യം നൽകുകയും ചെയ്തു.
ഹിമാചലിലെ പവോന്ത സാഹിബ് എന്ന ചെറുനഗരത്തിൽ പഴക്കച്ചവടക്കാരനാണ് സുലൈമാൻ. എ.ഐ ടൂൾ ഉപയോഗിച്ച് ജനറേറ്റ് ചെയ്ത നരേന്ദ്ര മോദിയുടെ ചിത്രത്തിനൊപ്പം ‘പാകിസ്താൻ സിന്ദാബാദ്’ എന്ന അടിക്കുറിപ്പോടെ ഇയാൾ ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു. തൊട്ടടുത്തുള്ള മറ്റൊരു പഴക്കച്ചവടക്കാരൻ നൽകിയ പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ 152ാം വകുപ്പ് രേഖപ്പെടുത്തി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. രാജ്യത്തിന്റെ അഖണ്ഡതയെയും ഐക്യത്തെയും അപകടപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് ഈ വകുപ്പിന് കീഴിൽവരുക. അറസ്റ്റ് ചെയ്യപ്പെട്ട സുലൈമാൻ ജാമ്യത്തിനായാണ് ഹൈകോടതിയെ സമീപിച്ചത്.
ആഗസ്റ്റ് 19നായിരുന്നു ജാമ്യാപേക്ഷയിൽ വാദം. നിരപരാധിയാണെന്നും തന്റെ പോസ്റ്റ് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുകയാണെന്നുമാണ് സുലൈമാൻ കോടതിയിൽ ബോധിപ്പിച്ചത്. സ്വന്തം രാജ്യത്തെ അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റിൽ ഒന്നുമില്ലെന്നും കേവലം മറ്റൊരു രാജ്യത്തെ പ്രകീർത്തിക്കുന്നത് രാജ്യദ്രോഹമല്ലെന്നും കോടതി പറഞ്ഞു. നിലവിലെ ഇന്ത്യ-പാക് സംഘർഷ സാഹചര്യത്തിൽ ഇത് ദേശദ്രോഹമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇത് തള്ളിയ കോടതി സുലൈമാന് ജാമ്യം അനുവദിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.