ലഖ്നോ: ടിക്കറ്റുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യു.പിയിൽ സി.ആർ.പി.എഫ് ജവാന് കൻവാരിയ തീർഥാടകരുടെ മർദനം. മിർസാപൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കാവിവസ്ത്രം ധരിച്ച കൻവാരിയ തീർഥാടകർ സി.ആർ.പി.എഫ് ജവാനെ മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബ്രഹ്മപുത്ര മെയിൽ ട്രെയിനിൽ കയറുന്നതിന് വേണ്ടിയാണ് ജവാന്എത്തിയത്. ഇതിനിടെ കൻവാരിയ തീർഥാടകരുമായി തർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് ഇയാളെ തീർഥാടകർ വലിച്ചിഴച്ച് കൊണ്ടുപോയി മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
സി.ആർ.പി.എഫ് ജവാനെ ആക്രമിക്കുന്നുവെന്ന വിവരത്തെ തുടർന്ന് ആർ.പി.എഫ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. അന്വേഷണത്തിനൊടുവിൽ കൻവാരിയ തീർഥാടകരായ ഏഴ് പേരെ അറസ്റ്റ് ചെയ്തുവെന്ന് ഇൻസ്പെക്ടർ ചാൻമാൻ സിങ് തോമർ അറിയിച്ചു.
കടയുടമയുടെ പേര് പ്രദർശിപ്പിച്ചില്ലെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം കൻവാർ തീർഥാടകർ കട തകർത്തിരുന്നു. മീരാപുര്‍ ഹൈവേയിലെ സയ്‍നി ഭട്ട ചൗക്കിൽ "ലക്കി ശുദ്ധ് ധാബ ഭോജനാലയ'മാണ് ഉടമകള്‍ മുസ്ലിങ്ങളാണെന്ന് ആരോപിച്ച് അക്രമികള്‍ തകർത്തത്.
ഞായറാഴ്‌ചയാണ് സംഭവം. ഇവിടെനിന്ന് ഭക്ഷണം കഴിച്ചിറങ്ങിയശേഷം സമീപത്തെ മറ്റൊരു ഹോട്ടൽ ഉടമയ്ക്കൊപ്പം എത്തിയാണ് കൻവാര്‍ തീര്‍ഥാടകര്‍ അതിക്രമം കാട്ടിയത്. ജീവനക്കാരനെയും മര്‍ദിച്ചു. ഭക്ഷണത്തിൽ ഉള്ളി ഉപയോഗിച്ചുവെന്നാരോപിച്ച് മുസഫർനഗറിൽ കഴിഞ്ഞദിവസം കൻവര്‍ തീര്‍ഥാടകര്‍ കട തകർത്തിരുന്നു.
കൻവർ തീര്‍ഥാടന റൂട്ടുകളിലെ ഭക്ഷണക്കടകളിൽ ഉടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന കഴിഞ്ഞവര്‍ഷത്തെ യുപി, ഉത്തരാഖണ്ഡ് ബിജെപി സര്‍ക്കാരുകൾ ഉത്തരവ് സുപ്രീംകോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.