ന്യൂഡൽഹി: ഹിന്ദുക്കൾ ഭൂരിപക്ഷമായതിനാലാണ് ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് സുരക്ഷയുള്ളതെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജ്ജു. ന്യൂനപക്ഷങ്ങൾക്ക് സ്വാതന്ത്ര്യവും സുരക്ഷയും ലഭിക്കാനുള്ള കാരണം ഇവിടെ ഹിന്ദുവിഭാഗം ഭൂരിപക്ഷമായതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
രാജ്യത്ത് എന്തെങ്കിലും നിഷേധിക്കപ്പെട്ടതിന്റെ പേരിൽ ന്യൂനപക്ഷ സമുദായത്തിലെ ഒരാൾ ഇന്ത്യയ്ക്ക് പുറത്തേക്ക് കുടിയേറാൻ തയ്യാറായ ഒരു കേസ് പോലും താൻ കണ്ടിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് പിന്തുണയുള്ള ഇടതുപൊതുബോധം ന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുകയാണെന്നും കശാപ്പ് ചെയ്യപ്പെടുന്നുവെന്ന പ്രചാരണം നിരന്തരമായി നടത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്തരം പ്രചാരണങ്ങൾ ഒരിക്കലും രാജ്യത്തെ സഹായിക്കില്ല. താൻ മന്ത്രിയായിരുന്നപ്പോൾ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യ സ്വർഗമാണെന്ന മുൻ മന്ത്രി മുക്താർ അബ്ബാസ് നഖ്‍വിയുടെ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോൾ ഇവിടത്തെ ജനങ്ങൾ നിമങ്ങൾ അനുസരിക്കുന്നവരും മതേതരത്വത്തിൽ വിശ്വസിക്കുന്നുവരാണ്. നമുക്ക് ഇവിടെ ഒരു ഭരണഘടനയുണ്ട്. അതിനാൽ ന്യൂനപക്ഷമെന്നോ ഭൂരിപക്ഷമെന്നോ വിശ്വാസമില്ലാതെ എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.
ടിബറ്റിൽ ചൈനീസ് അധിനിവേശത്തെ തുടർന്ന് പ്രശ്നങ്ങളുണ്ടായപ്പോൾ അവർ ഇന്ത്യയിലേക്കാണ് വന്നത്. മ്യാൻമറിൽ ജനാധിപത്യ പ്രക്ഷോഭങ്ങളെ തുടർന്ന് തർക്കങ്ങളുണ്ടായപ്പോഴും അവർ ഇന്ത്യയിലേക്കാണ് വന്നത്. ശ്രീലങ്കയിലെ തമിഴൻമാരും ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളും ഇന്ത്യയിലേക്കാണ് എത്തിയത്. ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യ സുരക്ഷിതസ്ഥലമായത് കൊണ്ടാണ് ഇവരെല്ലാം ഇന്ത്യയിലേക്ക് എത്തിയതെന്നും കിരൺ റിജിജ്ജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.