മുംബൈ: ബി.ജെ.പിയുടെ വോട്ടുകൊള്ള വിവാദം ഇന്ത്യയെ പിടിച്ചുലക്കുമ്പോഴും ഒരക്ഷരം പോലും മിണ്ടാതെ മൗനം അവലംബിക്കുന്ന അണ്ണാ ഹസാരെക്കെതിരെ പൂണെയിൽ ബാനറുകൾ. ‘അണ്ണാ, ഇനിയെങ്കിലും ഉണരൂ. കുംഭകർണ്ണൻ പോലും രാവണനും ലങ്കയ്ക്കും വേണ്ടി ഗാഢനിദ്രയിൽ നിന്ന് ഉണർന്നു, അപ്പോൾ രാജ്യത്തിനായി നിങ്ങൾക്ക് ഉറക്കമുണർന്നു കൂടേ’ -എന്നാണ് ബാനറുകളിലുള്ളത്. മൻമോഹൻ സർക്കാറിനെതിരെ തെരുവുകളിൽ സമരം നയിച്ചാണ് അണ്ണ ഹസാരെ പ്രശസ്തനായത്. എന്നാൽ, മോദി സർക്കാറിന്റെ ക്രമക്കേടുകൾക്കെതിരെ കണ്ണടക്കുന്ന സമീപപനമാണ് സ്വീകരിക്കുന്നത്.
ഡൽഹിയിലെ ജന്തർ മന്തറിൽ ഹസാരെയുടെ ‘മാജിക്’ വീണ്ടും കാണാൻ രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകൻ സമീർ ഉത്തരകറിന്റെ പേരിലുള്ള ബാനറുകളിൽ പറയുന്നു. തെരഞ്ഞെടുപ്പ് ക്രമക്കേടുകൾക്കെതിരെ ശബ്ദമുയർത്താനും പ്രക്ഷോഭം നയിക്കാനും ഹസാരെയോട് ആഹ്വാനം ചെയ്യുന്നുമുണ്ട്. എന്നാൽ, തനിക്ക് കഴിയുന്നതെല്ലാം താൻ ചെയ്തുവെന്നും ഇനി യുവാക്കൾ മുന്നോട്ട്വരേണ്ട സമയമാണിതെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഹസാരെ പറഞ്ഞു.
‘ഞാൻ മുൻകൈയെടുത്ത് 10 നിയമങ്ങൾ കൊണ്ടുവന്നു. ആളുകളെല്ലാം ഉറങ്ങുമ്പോൾ 90 വയസ്സിന് ശേഷവും ഞാൻ തന്നെ എല്ലാം ചെയ്യണമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ, ആ പ്രതീക്ഷ തെറ്റാണ്. ഞാൻ അന്ന് ചെയ്തത് ഇനി യുവാക്കൾ മുന്നോട്ട് കൊണ്ടുപോകണം’ -ഹസാരെ പറഞ്ഞു. സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ്ണ പതാക ഉയർത്തിപ്പിടിച്ചാൽ മാത്രം പോരാ എന്നും അദ്ദേഹം യുവാക്കളെ ഓർമ്മിപ്പിച്ചു. ‘പൗരന്മാർ എന്ന നിലയിൽ നമുക്ക് കടമകളില്ലേ? വിരൽ ചൂണ്ടിയാൽ മാത്രം ഒന്നും നേടാനാവില്ല. ഇത്രയും വർഷത്തെ പോരാട്ടത്തിനു ശേഷവും സമൂഹം ഉണർന്നിട്ടില്ല’ -ഹസാരെ പറയുന്നു. ഗാന്ധിയൻ ആദർശങ്ങൾ സ്വീകരിക്കാനും സാമൂഹികവും സാമ്പത്തികവുമായ വിഷയങ്ങൾക്കെതിരെ പോരാടാനും അദ്ദേഹം യുവാക്കളോട് അഭ്യർഥിച്ചു.
അതിനിടെ, അണ്ണാ ഹസാരെക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ഡോ. ജിന്‍റോ ജോൺ രംഗത്തുവന്നു. ഗാന്ധി സ്വതന്ത്രമാക്കിയ ഇന്ത്യയെ സംഘ്പരിവാർ അടിമത്തത്തിലേക്ക് കൊണ്ടുപോയി കൊടുത്തത് ഗാന്ധിത്തൊപ്പി വച്ച അണ്ണാ ഹസാരെയുടെ നേതൃത്വത്തിലാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. ആട്ടിൻതോലിട്ട അണ്ണാഹസാരെയെ പോലുള്ള സംഘ്പരിവാർ ചെന്നായ്ക്കളാണ് ഇന്ത്യയെ മോദിയുടെ കൊള്ളസംഘത്തിന്റെ കയ്യിലേൽപ്പിച്ചത്. കഴിഞ്ഞ 11 വർഷങ്ങൾക്കിടയിലെ എണ്ണിയാലൊടുങ്ങാത്ത ജനകീയ പ്രശ്നങ്ങൾ കാണാതെ ഒളിവിലിരുന്ന് അണ്ണാഹസാരെ ചെയ്യുന്നതും പണ്ട് ആർ.എസ്.എസ് ചെയ്തത് തന്നെ.
വോട്ട് മോഷണം, വോട്ടിങ് മെഷീൻ കൃത്രിമം, കുതിരക്കച്ചവടം തുടങ്ങി മോഷ്ടിച്ചെടുത്ത വിജയവുമായി മോദിയും ബി.ജെ.പിയും രാജ്യത്തെ കോടതികളും ഇലക്ഷൻ കമീഷനും അടക്കമുള്ള സകല ഭരണഘടന സ്ഥാപനങ്ങളെയും സംഘ്പരിവാർ വത്ക്കരിച്ചത് അണ്ണാഹസാരെ അറിഞ്ഞില്ലെന്നും ജിന്‍റോ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.