മാതാപിതാക്കളെ വെട്ടിക്കൊന്നത് ഇറച്ചിവെട്ടുന്ന കത്തികൊണ്ട്, പിന്നാലെ സഹോദരിയെ ഫോൺ വിളിച്ച് വിവരം പറഞ്ഞു; മുമ്പ് മർദിച്ചപ്പോൾ പൊലീസ് ഇടപെട്ട് താക്കീത് ചെയ്തുവിട്ടു

ആലപ്പുഴ: മദ്യലഹരിയില്‍ പിതാവിനെയും മാതാവിനെയും കൊലപ്പെടുത്തിയ ബാബു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്ന് പൊലീസ്. നേരത്തെ മാതാപിതാക്കളെ മർദിച്ചപ്പോൾ പൊലീസ് ഇടപെടുകയും താക്കീത് നൽകി വിട്ടയക്കുകയും ചെയ്തിരുന്നു. ഇന്നലെയും മദ്യപിച്ചെത്തിയ ബാബു വഴക്കുണ്ടാക്കി, മാതാപിതാക്കളുടെ ജീവനെടുക്കുകയായിരുന്നു. ആലപ്പുഴ നഗരസഭ മന്ദിരം വാര്‍ഡില്‍ പനവേലിപുരയിടത്തില്‍ തങ്കരാജ് (65), ഭാര്യ ആഗ്നസ് (60) എന്നിവരെയാണ് മകന്‍ ബാബു (35) വെട്ടിക്കൊലപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രി 9.30ഓടെയായിരുന്നു സംഭവം.

ഇറച്ചിവെട്ടുകാരായ തങ്കരാജും മകന്‍ ബാബുവും തമ്മിലുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. മദ്യലഹരിയിലെത്തിയ ബാബു പിതാവുമായി വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ഇറച്ചിവെട്ടുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. തടയാന്‍ ശ്രമിച്ച ആഗ്നസിനെയും വെട്ടി.

ഇരുവരെയും ആക്രമിച്ചശേഷം ഇയാൾ ഭർതൃവീട്ടിൽ കഴിയുന്ന സഹോദരിയെ ഫോണിൽ വിളിച്ച് താൻ മാതാപിതാക്കളെ കുത്തിക്കൊന്നുവെന്ന് അറിയിച്ചു. ബഹളം കേട്ട് അയൽക്കാർ ഓടിയെത്തുമുമ്പ് ഇയാൾ സ്ഥലം വിട്ടു. അയല്‍വാസികളാണ് പൊലീസില്‍ വിവരമറിയിച്ചത്. രക്തത്തിൽ കുളിച്ചു കിടന്ന ആഗ്നസിനെയും തങ്കരാജിനെയും പൊലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ ആണ് സമീപത്തെ ബാറിൽ നിന്ന് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാൾ പൂർണമായും മദ്യലഹരിയിൽ ആണെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിനുശേഷം ബാബുവിനെ ബാറില്‍നിന്ന് നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരുടെയും മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.

Tags:    
News Summary - alappuzha familicide twin murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.