തിരുവനന്തപുരം: രണ്ട് സർവകലാശാലകളിൽ സ്ഥിരം വി.സി നിയമനത്തിന് സുപ്രീംകോടതി നേരിട്ട് സെർച്ച് കമ്മിറ്റി രൂപവത്കരിക്കാൻ നടപടി തുടങ്ങിയെങ്കിലും പ്രധാന സർവകലാശാലകൾ ഉൾപ്പെടെ 11 ഇടങ്ങളിലും വി.സി നിയമനം അനിശ്ചിതത്വത്തിൽ തന്നെ. കേരള ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വി.സി നിയമന തർക്കം പരിഗണനക്കെത്തിയപ്പോഴാണ് രണ്ടിടത്തും സ്ഥിരം വി.സി നിയമനത്തിന് സുപ്രീംകോടതി സെർച്ച് കമ്മിറ്റി രൂപവത്കരിക്കുന്നതിനുള്ള സാഹചര്യമൊരുങ്ങിയത്. സംസ്ഥാന സർക്കാറും ഗവർണറും നാല് പേരുകൾ വീതം സെർച്ച് കമ്മിറ്റിയിലേക്ക് നൽകാനാണ് കോടതി നിർദേശിച്ചത്.
നേരത്തെ പശ്ചിമബംഗാളിലെ വി.സി നിയമന തർക്കത്തിൽ സുപ്രീംകോടതി ഇടപെട്ട മാതൃകയിൽ തന്നെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വി.സി നിയമനം നടന്നേക്കാനുള്ള സാധ്യതയാണ് തെളിഞ്ഞത്. എന്നാൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന കാലിക്കറ്റ്, കേരള, എം.ജി, കണ്ണൂർ ഉൾപ്പെടെ 11 സർവകലാശാലകളിലും സ്ഥിരം വി.സിമാരില്ലാതായിട്ട് വർഷങ്ങളായി. ആരോഗ്യ സർവകലാശാലയിൽ മാത്രമാണ് നിലവിൽ സ്ഥിരം വി.സിയുള്ളത്. ഈ പദവിയിൽ തുടരുന്ന ഡോ. മോഹനൻ കുന്നുമ്മലിന് അഞ്ച് വർഷത്തേക്ക് കൂടി ചാൻസലറായ ഗവർണർ പുനർനിയമനം നൽകുകയായിരുന്നു. ഗവർണർ ചാൻസലറായ 14 സർവകലാശാലകളാണ് സംസ്ഥാനത്തുള്ളത്. ഇവയിൽ 13 ഇടത്തും സ്ഥിരം വി.സിയില്ല.
കേരള സർവകലാശാലയിൽ സ്ഥിരം വി.സിയില്ലാതായിട്ട് അടുത്ത ഒക്ടോബർ 24ന് മൂന്ന് വർഷമാകും. എം.ജി സർവകലാശാലയിൽ വി.സിയില്ലാതായിട്ട് കഴിഞ്ഞ മേയിൽ രണ്ട് വർഷം പിന്നിട്ടു. കാലിക്കറ്റിൽ കഴിഞ്ഞ ജൂലൈ 11ന് ഒരു വർഷം പൂർത്തിയായി. കണ്ണൂർ സർവകലാശാലയിൽ അടുത്ത നവംബർ 30ന് രണ്ട് വർഷമാകും. കാർഷിക സർവകലാശാലയിൽ ഒക്ടോബർ ഏഴിന് മൂന്ന് വർഷമാകും. ഫിഷറീസ് സർവകലാശാലയിൽ രണ്ടേമുക്കാൽ വർഷവും മലയാളം സർവകലാശാലയിൽ രണ്ടര വർഷവും കുസാറ്റിൽ രണ്ട് വർഷവും കാലടി, വെറ്ററിനറി, ഓപൺ സർവകലാശാലകളിൽ ഒന്നര വർഷവുമായി സ്ഥിരം വി.സിയില്ല.
സുപ്രീംകോടതി ഇടപെട്ട സാങ്കേതിക സർവകലാശാലയിൽ 2022 ഒക്ടോബർ 21 മുതലും ഡിജിറ്റൽ സർവകലാശാലയിൽ 2024 ഒക്ടോബർ 24 മുതലും സ്ഥിരം വി.സിയില്ല. ഈ സർവകലാശാലകളുടെ കാര്യത്തിൽ സുപ്രീംകോടതി ഇടപെടലിന്റെ സാഹചര്യത്തിൽ ചാൻസലറായ ഗവർണറും സർക്കാറും എന്ത് നിലപാട് സ്വീകരിക്കുന്നുവെന്നത് നിർണായകമാണ്. ഇവിടെയും വി.സി നിയമനത്തിനുള്ള വാതിൽ തുറക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
വി.സി നിയമനത്തിൽ സംഘ്പരിവാർ താൽപര്യം നടപ്പാക്കാൻ രാജ്ഭവൻ ഇറങ്ങിക്കളി തുടങ്ങിയതോടെയാണ് സർക്കാറും പ്രതിരോധ വഴികൾ തേടിയത്. സംസ്ഥാന സർക്കാർ നിയമനിർമാണത്തിലൂടെ രൂപംനൽകുകയും പ്രവർത്തന ഗ്രാന്റ് നൽകുകയും ചെയ്യുന്ന സർവകലാശാലകളിൽ സർക്കാറിന് അധികാരമൊന്നുമില്ലെന്നും ചാൻസലറാണ് അധികാരിയാണെന്നുമുള്ള വാദം ഉയർത്തിയാണ് രാജ്ഭവൻ പിടിമുറുക്കാൻ ശ്രമം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.