തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് അന്വേഷണത്തിൽ കുരുങ്ങിയ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് എത്രയും വേഗം ക്ലീൻചിറ്റ് നൽകി ഡി.ജി.പി പദവിയിലേക്കും തുടർന്ന് സംസ്ഥാന പൊലീസ് മേധാവി പദവിയിലേക്കും എത്തിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെയും അദ്ദേഹത്തിന്റെ ഓഫിസിന്റെയും ചട്ടവിരുദ്ധ ഇടപെടലുകളാണ് വിജിലൻസ് കോടതിയിൽനിന്ന് ഏൽക്കേണ്ടിവന്ന കനത്ത പ്രഹരത്തിന് പിന്നിൽ.
തൃശൂർ പൂരം കലക്കൽ, ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം എന്നീ വിഷയങ്ങളിൽ അജിത്കുമാർ പലതരത്തിലുള്ള അന്വേഷണം നേരിടുമ്പോഴാണ് അദ്ദേഹത്തെ ഡി.ജി.പി പദവിയിലേക്ക് ഉയർത്താനുള്ള ശിപാർശ കഴിഞ്ഞ ഡിസംബർ 18ന് മന്ത്രിസഭ അംഗീകരിച്ചത്. ആരോപണങ്ങൾ നിലനിൽക്കെ അജിത്കുമാറിന് സ്ഥാനക്കയറ്റം നൽകുന്നതിലെ അനൗചിത്യം മന്ത്രിസഭ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ ചൂണ്ടിക്കാട്ടിയെങ്കിലും എതിർപ്പുകൾ അവഗണിച്ച് മുഖ്യമന്ത്രി മുന്നോട്ടുപോകുകയായിരുന്നു. അജിത്കുമാറിനെതിരെ ആരോപണങ്ങളല്ലാതെ കേസുകളൊന്നുമില്ലെന്നതിനാൽ സ്ഥാനക്കയറ്റം നിഷേധിക്കാൻ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് ഡോ. ഷേഖ് ദർവേഷ് സാഹിബ് വിരമിക്കുമ്പോൾ എം.ആർ. അജിത്കുമാറിനെ കൊണ്ടുവരുന്നതിന് വിജിലൻസ് അന്വേഷണം തടസ്സമായിരുന്നു. അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനെ സംസ്ഥാന പൊലീസ് മേധാവി പട്ടികയിലേക്ക് യു.പി.എസ്.സി ശിപാർശ ചെയ്യില്ല.
ഇത് മനസ്സിലാക്കി കഴിഞ്ഞ മാർച്ച് 20നാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകി തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് എസ്.പി ഷിബു പാപ്പച്ചൻ മുൻ ഡയറക്ടറായിരുന്ന യോഗേഷ് ഗുപ്തക്ക് റിപ്പോർട്ട് സമർപ്പിച്ചത്. പി.വി. അൻവറിന്റെ പരാതികളിൽ കഴമ്പില്ലെന്നും പലതും ആരോപണം മാത്രമാണെന്നുമായിരുന്നു കണ്ടെത്തൽ. എന്നാൽ, അന്വേഷണ റിപ്പോർട്ടിൽ വ്യക്തതയും കൃത്യതയും ഇല്ലാത്തതിനാൽ വിജിലൻസ് ഡയറക്ടറായിരുന്ന യോഗേഷ് ഗുപ്ത ഫയൽ മടക്കി കൂടുതൽ അന്വേഷണത്തിന് നിർദേശം നൽകി. പക്ഷേ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് യോഗേഷ് ഗുപ്തക്ക് മേൽ സമർദം ചെലുത്തി അദ്ദേഹത്തെക്കൊണ്ട് ഫയൽ അംഗീകരിപ്പിച്ച് ആഭ്യന്തര വകുപ്പിന് കൈമാറുകയും ഏപ്രിൽ 15ന് റിപ്പോർട്ടിൽ മുഖ്യമന്ത്രി ഒപ്പുവെക്കുകയും ചെയ്തതോടെയാണ് ക്ലീൻ ചിറ്റ് സർക്കാർ തലത്തിൽ അംഗീകരിക്കപ്പെട്ടത്.
ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ഡി.ജി.പിയുടെയും അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് വിജിലൻസിന്റെയും അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ അജിത്കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതി മെഡലിന് ശിപാർശ ചെയ്തുകൊണ്ടുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ കത്തും ഏറെ വിവാദമായിരുന്നു. സംസ്ഥാന പൊലീസ് മേധാവി തെരഞ്ഞെടുപ്പ് വരുമ്പോൾ യു.പി.എസ്.സിക്ക് മുന്നിൽ കാണിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ആറാം തവണയും മെഡലിനായി ഷേഖ് ദർവേഷ് സാഹിബ് ശിപാർശ നൽകിയത്. എന്നാൽ, ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് അജിത്കുമാറിന് എതിരായതോടെ ശിപാർശ കത്ത് കേന്ദ്രം തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.