തൃശൂർ: തൃശൂർ ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് ദിവസവും പുറത്തുവരുന്നത് വോട്ടുകൊള്ളയുടെ പുതിയ വിവരങ്ങൾ. തദ്ദേശ തെരഞ്ഞെടുപ്പിനായി പുറത്തിറക്കിയ കരട് വോട്ടർപട്ടികയിലും ക്രമക്കേടുകളുണ്ടെന്ന് വ്യക്തമായി. ബി.ജെ.പി തൃശൂർ ജില്ല ഓഫിസിലെ വിലാസത്തിൽ പത്തു വോട്ട് ചേർത്തിട്ടുണ്ട്. തൃശൂർ നഗരത്തിനു പുറത്തും വ്യാജ വിലാസത്തിൽ വോട്ട് ചേർത്ത സംഭവങ്ങളും പുറത്തുവന്നു. നാട്ടിക മണ്ഡലത്തിലെ അവിണിശ്ശേരി പഞ്ചായത്തിൽ ബി.ജെ.പി നേതാവ് രക്ഷാകർത്താവായി 17 വോട്ടുകൾ ചേർത്ത സംഭവമാണ് തെളിവ് സഹിതം പുറത്തുവന്നത്.
ബി.ജെ.പി ജില്ല കമ്മിറ്റി ഓഫിസായ ദീൻ ദയാൽ സ്മൃതിവിലാസത്തിൽ 10 വോട്ടുകളാണ് ചേർത്തത്. ഇതിൽ എട്ടു പേരുടെ വിലാസവും രേഖപ്പെടുത്തിയിട്ടില്ല. വോട്ടർപട്ടിക പരിശോധനയിലാണ് ഈ ക്രമക്കേട് കണ്ടെത്തിയതെന്ന് സി.പി.ഐ സ്ഥാനാർഥിയായിരുന്ന വി.എസ്. സുനിൽകുമാർ പറഞ്ഞു. വീട്ടുനമ്പറിന്റെ സ്ഥാനത്ത് ‘ദീൻ ദയാൽ സ്മൃതി’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പി.എൻ. നിഖിൽ, പി.എൻ. ഖിനിൽ എന്നീ വോട്ടർമാരുടെ പിതാവിന്റെ പേര് നന്ദൻ എന്നാണ് ചേർത്തിരിക്കുന്നത്. രാമൻകുട്ടി നായർ, സെബാസ്റ്റ്യൻ വൈദ്യൻ, കെ.കെ. ബിജു, അരുൺ സി. മോഹൻ, സുസോബ്, കെ.പി. സുരേഷ് കുമാർ, കെ. സുനിൽകുമാർ, വി.ആർ. രാജേഷ് എന്നിങ്ങനെയാണ് ദീൻ ദയാൽ സ്മൃതി വിലാസത്തിൽ വോട്ട് ചേർത്തവരുടെ പേരുകൾ.
തൃശൂർ നഗരത്തിലെ ഫ്ലാറ്റുകളും അപ്പാർട്മെന്റുകളും കേന്ദ്രീകരിച്ചാണ് പ്രധാനമായും കള്ളവോട്ട് ചേർത്തിരുന്നതെന്നായിരുന്നു ഇതുവരെയുള്ള കണക്കുകൂട്ടൽ. എന്നാൽ, വോട്ടുകൊള്ള ഗ്രാമങ്ങളിലേക്കും വ്യാപിച്ചതായാണ് നാട്ടിക മണ്ഡലത്തിലെ അവിണിശ്ശേരി പഞ്ചായത്തിലെ കൃത്രിമ വോട്ട് ചേർക്കൽ വ്യക്തമാക്കുന്നത്. അവിണിശ്ശേരിയിലെ 69ാം നമ്പർ ബൂത്തിലാണ് ബി.ജെ.പി പ്രാദേശിക നേതാവ് സി.വി. അനിൽകുമാറിനെ രക്ഷാകർത്താവായി കാണിച്ച് 17 വോട്ടുകൾ ചേർത്തത്. 20കാരന്റെയും 61കാരന്റെയും രക്ഷാകർത്താവ് അനിൽകുമാർ തന്നെയാണ്. ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്താണ് അവിണിശ്ശേരി. അനിൽകുമാറിന്റെ തറവാട് വീടിന്റെ വിലാസം ഉൾക്കൊള്ളിച്ചാണ് 17 വോട്ട് രേഖപ്പെടുത്തിയത്. ഈ ബൂത്തിലെ ഏജന്റും അനിൽകുമാർതന്നെയായിരുന്നു.
അതിനിടെ, തദ്ദേശതെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടികയിൽ ഒരു വീട്ടിൽ 113 വോട്ടർമാർ ഉൾപ്പെട്ടതായും കണ്ടെത്തി. തൃശൂർ കോർപറേഷനിലെ കൃഷ്ണപുരം ഡിവിഷനിൽ 21/1073 വീട്ടിൽ അയിനിംകുളത്ത് മോഹനന്റെ വീട്ടിലാണ് 113 വോട്ടുകളുള്ളത്. 2020ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നടത്തറ ഡിവിഷനിൽ ഉൾപ്പെട്ടിരുന്ന ഈ വീട്ടിൽ അഞ്ചു വോട്ട് മാത്രമാണുണ്ടായിരുന്നത്. അതിനിടെ, ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് വി. ആതിരയുടെ വിലാസത്തിൽ അഞ്ചു വോട്ടാണ് ചേർത്തിരിക്കുന്നത്. ഇതിൽ ഒരാൾ സംസ്ഥാന വൈസ് പ്രസിഡന്റും മലപ്പുറം തിരൂർ സ്വദേശിയും തൃശൂർ തെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ ചുമതലക്കാരിൽ പ്രധാനിയുമായ വി. ഉണ്ണികൃഷ്ണനാണ്.
ലോക്സഭ പാഠമായി; ‘തദ്ദേശ’ത്തിൽ ജാഗ്രത പുലർത്തി മുന്നണികൾ; കരട് പട്ടിക പുറത്തുവന്നതോടെ അപേക്ഷാപ്രവാഹം
തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ വ്യാപക ക്രമക്കേട് നടന്നതോടെ തദ്ദേശതെരഞ്ഞെടുപ്പിൽ ജാഗ്രത ശക്തമാക്കി ഇടതുമുന്നണിയും യു.ഡി.എഫും. കരട് വോട്ടർപട്ടിക സൂക്ഷ്മപരിശോധനക്കു വിധേയമാക്കുകയാണ് മുന്നണികൾ. ബി.ജെ.പിയും സജീവമായി രംഗത്തുണ്ട്. ഇതോടെ കരട് പട്ടിക പുറത്തുവന്നശേഷം അപേക്ഷകൾ പ്രവഹിച്ചു. തൃശൂർ ജില്ലയിൽ മാത്രം 3.16 ലക്ഷം പേരാണ് പുതുതായി പേരുചേർക്കാൻ അപേക്ഷ നൽകിയത്.
വോട്ടർപട്ടികയുടെ 13 ശതമാനത്തോളം പേർ പുതുക്കാൻ മാത്രം അപേക്ഷിച്ചു. ക്രമക്കേട് പുറത്തുവന്നശേഷമുള്ള ദിവസങ്ങളിൽ വോട്ടർപട്ടിക പുതുക്കാൻ വൻതോതിലാണ് അപേക്ഷകൾ പ്രവഹിച്ചത്. ഒഴിവാക്കാനുള്ള അപേക്ഷകളുടെ എണ്ണത്തിലും ഗണ്യമായ വർധനയുണ്ടായി. 67,351 പേരാണ് ഒഴിവാക്കാൻ അപേക്ഷിച്ചത്. സി.പി.എമ്മും സി.പി.ഐയും കോൺഗ്രസും ബി.ജെ.പിയുമെല്ലാം വാർഡുകളിൽ വോട്ട് ചേർക്കാനും വെട്ടിക്കാനും ഒരുപോലെ മത്സരിക്കുകയായിരുന്നു. പതിവിനു വിപരീതമായി കോൺഗ്രസ് ഇത്തവണ ഏറെ സജീവമായിരുന്നു.
ബൂത്ത് കമ്മിറ്റികളിലടക്കം താഴേത്തട്ട് മുതൽ പ്രവർത്തനം സജീവമാക്കി. ആഗസ്റ്റ് 30ന് അന്തിമ പട്ടിക നിലവിൽ വരുമ്പോൾ തൃശൂരിലെ വോട്ട് അട്ടിമറിയുടെ കണക്ക് അറിയാമെന്നും നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ തൃശൂർ ജില്ലയിൽ 26.67 ലക്ഷം വോട്ടർമാരും തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് പട്ടികയിൽ 25.92 ലക്ഷം വോട്ടർമാരുമാണ് ഉൾപ്പെട്ടിരിക്കുന്നത്. 75,000ത്തോളം വോട്ടർമാരുടെ കുറവാണുള്ളത്. വോട്ടർ പട്ടികയിൽ പേരുചേർക്കാൻ 3,16,437 പേരാണ് ഓൺലൈനിലൂടെ അപേക്ഷിച്ചിരിക്കുന്നത്. പേര് ഒഴിവാക്കാൻ 67,351 പേരും അപേക്ഷ നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.