തൊടുപുഴ: ഇടുക്കി ജില്ലയിലെ ബിവറേജസ് ഔട്ട് ലെറ്റുകളിൽ പ്രത്യേക ഇനം മദ്യം കൂടുതലായി വിൽക്കുന്നതിനു ജീവനക്കാർക്കു കൈക്കൂലി നൽകാനായി സ്വകാര്യ കമ്പനി കൊണ്ടുവന്ന അരലക്ഷം രൂപ വിജിലൻസ് പരിശോധനയിൽ പിടിച്ചെടുത്തു.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊച്ചറ ബിവറേജസ് ഔട്ട് ലെറ്റിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പണം കണ്ടെടുത്തത്. ഓണ നാളുകളിലെ ഉയർന്ന മദ്യ കച്ചവടം കണക്കിലെടുത്ത് സ്വകാര്യ മദ്യ കമ്പനികളുടെ ചില ബ്രാൻഡിൽപ്പെട്ട മദ്യത്തിന് കൂടുതൽ വിൽപന ലഭിക്കുന്നതിനായി ഔട്ട് ലെറ്റുകളിൽ മുൻ നിരയിൽ പ്രദർശിപ്പിക്കുന്നതിനും ചില ബ്രാൻഡിൽപ്പെട്ട മദ്യത്തിന്റെ വിൽപന വർധിപ്പിക്കുന്നതിന് ഉദ്യോഗസ്ഥർ പ്രത്യേക താൽപര്യം കാണിക്കാനും വേണ്ടിയാണ് സ്വകാര്യ മദ്യ കമ്പനികൾ പണം നൽകുന്നത്.
കൊച്ചറ ബിവറേജസ് ഔട്ട് ലെറ്റിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനകത്ത് നിന്നു സ്വകാര്യ മദ്യ കമ്പനിയിലെ ജീവനക്കാരെയും ഔട്ട് ലെറ്റിന്റെ താൽക്കാലിക ഷോപ്പ് ഇൻ ചാർജ് വഹിക്കുന്ന എൽ.ഡി ക്ലർക്കിനെയും പിടികൂടി. പാരിതോഷികമായി ഉദ്യോഗസ്ഥർക്ക് നൽകാനായി എത്തിച്ച അരലക്ഷം രൂപ കാറിനുള്ളിൽ നിന്നു കണ്ടെടുത്തു. കാറിനകത്തുണ്ടായിരുന്ന സ്വകാര്യ മദ്യ കമ്പനികളുടെ ജീവനക്കാരുടെ കൈയിൽനിന്ന് ഇടുക്കി ജില്ലയിലെ മറ്റ് 12 ബീവറേജസ് ഔട്ട് ലെറ്റുകളിൽ 81,130 രൂപ വിതരണം ചെയ്തതിന്റെ രേഖകളും വിജിലൻസ് പിടിച്ചെടുത്തു. വ്യാഴാഴ്ച രാവിലെ 11.30ന് ആരംഭിച്ച മിന്നൽ പരിശോധന വൈകിട്ട് 03.30നാണ് അവസാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.