വി.ഡി. സതീശൻ

യു.ഡി.എഫ് വന്നാൽ മാധ്യമപ്രവർത്തക പെൻഷൻ വർധിപ്പിക്കും -വി.ഡി. സതീശൻ

തിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും അപ്പോൾ മാധ്യമപ്രവർത്തകർക്ക് പെൻഷൻ വർധനവും ആരോഗ്യ ഇൻഷുറൻസും നടപ്പാക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സീനിയർ ജേണലിസ്‌റ്റ്‌ ഫോറം കേരള സംഘടിപ്പിച്ച മുതിർന്ന മാധ്യമ പ്രവർത്തകരുടെ അഖിലേന്ത്യ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഞാൻ പറയുന്ന ഇക്കാര്യം നിങ്ങൾക്ക് രേഖപ്പെടുത്തി വെക്കാമെന്നും ഭരണത്തിൽ വരുമ്പോൾ നേരിട്ട് ചോദിക്കാമെന്നും സതീശൻ പറഞ്ഞു. ലോക വ്യാപകമായി ഏകാധിപതികളായ ഭരണാധികാരികൾ ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരെ വേട്ടയാടുകയാണ്. മാധ്യമങ്ങളെ മറ്റൊരു സർക്കാർ വകുപ്പായി മാറ്റാനാണ് കേന്ദ്ര സർക്കാർ ശ്രമം.

ഇ.ഡിയുടെ ഭീഷണി ഭയന്ന് പ്രമുഖ മാധ്യമസ്ഥാപനങ്ങൾ പോലും ഇതിനെതിരെ പ്രതികരിക്കുന്നില്ല. സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശനം വിലക്കിയതും സർക്കാർ വിരുദ്ധ വാർത്തയുടെ ഉറവിടം കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിച്ചതും മാധ്യമസ്വാതന്ത്ര്യത്തിന് വിലക്ക് ഏർപ്പെടുത്തുന്ന നടപടിയാണ്. ഒരുമാസം തടവിൽ കഴിഞ്ഞാൽ ജനപ്രതിനിധിയെയും മന്ത്രിയെയും അയോഗ്യരാക്കുന്ന കേന്ദ്ര നിയമ നീക്കം തികച്ചും ജനാധിപത്യ വിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

എസ്​.ജെ.എഫ്.കെ വൈസ് പ്രസിഡന്റ് ടി. ശശി മോഹൻ, കെ.യു.ഡബ്യൂ.ജെ ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ, ജെ. അജിത് കുമാർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - If UDF comes to power, journalist pensions will be increased - V.D. Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.