പാലക്കാട്: യുവനടിയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഓഫിസിലേക്ക് മഹിള മോർച്ച, ഡി.വൈ.എഫ്.ഐ സംഘടനകൾ നടത്തിയ പ്രതിഷേധമാർച്ചുകളെ തുടർന്ന് സംഘർഷം. കോഴികളുമായെത്തിയ മഹിള മോർച്ച പ്രവർത്തകർ പ്രതിഷേധിച്ചതിനു പിന്നാലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർകൂടി എത്തിയതോടെ എം.എൽ.എ ഓഫിസ് റോഡിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു. ഇത് മറികടക്കാൻ ഇരു സംഘടനക്കാരും ശ്രമിച്ചത് നേരിയ സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി.
‘ഹു കെയേഴ്‌സ്’ എന്നെഴുതിയ പൂവന്‍കോഴിയുടെ ചിത്രങ്ങൾ ഉയര്‍ത്തിപ്പിടിച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിള മോർച്ച പ്രവർത്തകർ എത്തിയത്. പ്രതിഷേധക്കാർ കൈയിലിരുന്ന രണ്ടു കോഴികളെ പറത്തിവിട്ടു. ബാരിക്കേഡ് വെച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും സംഘര്‍ഷവുമുണ്ടായി. എം.എൽ.എ ബോര്‍ഡില്‍ കോഴിയെ കെട്ടിത്തൂക്കുകയും ചെയ്തു. പാലക്കാട് എം.എൽ.എയെ പേടിച്ച് സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് ബി.ജെ.പി പാലക്കാട് ഈസ്റ്റ് ജില്ല അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ പറഞ്ഞു. ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് ടി. ബേബി അധ്യക്ഷത വഹിച്ചു.
പിന്നാലെ രാഹുലിന്റെ രാജി ആവശ്യപ്പെട്ട് എത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മണപ്പുള്ളിക്കാവിലെ എം.എൽ.എ റോഡ് എന്നെഴുതിയ ബോർഡിൽ ടാർ ഒഴിച്ചു. വഴിയിൽ നിരത്തിവെച്ചിരുന്ന ബാരിക്കേഡിനു മുകളിൽ കയറി ബാനർ നിരത്തി പ്രതിഷേധിച്ചു. ബാരിക്കേഡ് മറികടന്ന പ്രവർത്തകരെ പൊലീസ് നീക്കി. രാഹുലിനെ സംരക്ഷിക്കുന്ന ഷാഫി പറമ്പിൽ എം.പിയെയും വി.ഡി. സതീശനെയും തിരിച്ചറിയണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ജില്ല സെക്രട്ടറി കെ.സി. റിയാസുദ്ദീൻ പറഞ്ഞു. ജില്ല പ്രസിഡന്റ് ആർ. ജയദേവൻ, ജില്ല ട്രഷറർ എം. രൺദീഷ്, സംസ്ഥാന കമ്മിറ്റി അംഗം എസ്. ഷക്കീർ, പി.എം. ആർഷോ തുടങ്ങിയവർ നേതൃത്വം നൽകി. വൈകീട്ട് അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ നടത്തിയ പ്രതിഷേധ മാർച്ച് കെ. ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.