വാഴൂർ സോമൻ
തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സി.പി.ഐ നേതാവും ട്രേഡ് യൂണിയനിസ്റ്റും പീരുമേട് എം.എൽ.എയുമായ വാഴൂർ സോമന്‍റെ സംസ്കാരം വ്യാഴാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ നടക്കും. ഇന്ന് രാത്രി എട്ടുമണി വരെ സി.പി.ഐ ആസ്ഥാനമായ തിരുവനന്തപുരത്തെ എം.എൻ. സ്മാരകത്തിൽ ഭൗതികശരീരം പൊതുദർശനത്തിന് വെക്കും.
പൊതുദർശനം പൂർത്തിയാക്കിയ ശേഷം കർമമണ്ഡലമായ ഇടുക്കി ജില്ലയിലെ പീരുമേട്ടിലേക്ക് ഭൗതികശരീരം കൊണ്ടു പോകും. വ്യാഴാഴ്ച രാവിലെ 11 മുതൽ വണ്ടിപ്പെരിയാർ ടൗൺഹാളിൽ പൊതുദർശനം നടക്കും. തുടർന്ന് വൈകിട്ട് നാലു മണിയോടെ വാളാർഡിയിലെ വീട്ടുവളപ്പിൽ ഭൗതികശരീരം സംസ്കരിക്കും.
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഹൃദയാഘാതത്തെ തുടർന്നാണ് പീരുമേട് എം.എൽ.എയായ വാഴൂർ സോമൻ അന്തരിച്ചത്. തിരുവനന്തപുരം പി.ടി.പി നഗറിൽ ഇടുക്കി ജില്ല റവന്യൂ അസംബ്ലിയുടെ യോഗത്തിൽ സംസാരിച്ച ശേഷം പുറത്തേക്ക് വരുമ്പോൾ വാഴൂർ സോമൻ കുഴഞ്ഞുവീഴുകയായിരുന്നു. ശാരീരികക്ഷീണം അനുഭവപ്പെടുന്നതായി പറഞ്ഞതിന് പിന്നാലെ എം.എൽ.എയെ റവന്യൂ മന്ത്രി കെ. രാജന്‍റെ വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സി.പി.ഐ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയുടെ സമുന്നത നേതാവായിരുന്നു വാഴൂർ സോമൻ. തൊഴിലാളികൾക്കൊപ്പം നിന്ന് ഇടുക്കി ജില്ലയിൽ സംഘടന കെട്ടിപ്പടുക്കാൻ ശ്രമിച്ച നേതാവാണ്. തൊഴിലാളി സമരങ്ങളിൽ പങ്കെടുത്ത് നിരവധി തവണ പൊലീസിന്‍റെ മർദനമേറ്റിട്ടുണ്ട്. ഇതിന്‍റെ ശാരീരിക പ്രശ്നങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നു.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പീരുമേട്ടിൽ നിന്ന് വാഴൂർ സോമൻ കന്നിയങ്കത്തിൽ നിയമസഭാംഗമായത്. പീരുമേട്ടിൽ നിന്ന് ഹാട്രിക് വിജയം നേടിയ ഇ.എസ്. ബിജിമോളുടെ പിൻഗാമിയായാണ് സോമന് പതിനഞ്ചാം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
വാഴൂരിൽ കുഞ്ഞുപാപ്പന്റെയും പാർവതിയമ്മയുടെയും ഏഴ് മക്കളിൽ ആറാമനായി 1952ലാണ് സോമന്‍റെ ജനനം. വാഴൂരിലും സോവ്യറ്റ് യൂനിയന്റെ തലസ്ഥാനമായിരുന്ന മോസ്കോയിലുമായി പഠനം പൂർത്തിയാക്കി. പിന്നീട് പീരുമേട്ടിലെ തോട്ടം തൊഴിലാളികൾക്കിടയിൽ കഴിഞ്ഞ നാല് പതിറ്റാണ്ടിലധികമായി പ്രവർത്തനരംഗത്ത് സജീവമായി.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന് 1977 മുതൽ ഹൈറേഞ്ച് എസ്റ്റേറ്റ് ലേബർ യൂനിയൻ സെക്രട്ടറിയായി തുടർന്നു. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് ബിജിമോളുടെ പിൻഗാമിയായി മത്സരരംഗത്തേക്ക് വരുന്നത്. 2005ൽ ജില്ല പഞ്ചായത്ത് അംഗമായി വണ്ടിപ്പെരിയാർ ഡിവിഷനിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2016ൽ സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ ചെയർമാനായി സോമനെ പാർട്ടി നിയോഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.