തിരുവനന്തപുരം: ഇന്ത്യയിലെ പൗരസ്ത്യ കൽദായ സുറിയാനി സഭ മുൻ അധ്യക്ഷൻ ഡോ. മാർ അപ്രേം മെത്രാപോലീത്തയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കല്‍ദായ സഭയെ കഴിഞ്ഞ അരനൂറ്റാണ്ടിലധികം നയിച്ച ആര്‍ച്ച് ബിഷപ്പ് മാര്‍ അപ്രേം മെത്രാപ്പോലീത്തയുടെ വേര്‍പാട് സഭക്കും ദൈവവിശ്വാസികള്‍ക്കും കനത്ത നഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് അനുശോചനം സന്ദേശത്തിൽ പറയുന്നു.
ആത്മീയ നേതാവ് എന്നതിലുപരി ഗവേഷകന്‍, എഴുത്തുകാരന്‍, ഭാഷാവിദഗ്ധന്‍ എന്നീ നിലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാകാത്തതാണ്. ഗവേഷകനും സുറിയാനി ഭാഷാപണ്ഡിതനുമെന്ന നിലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കയാണ്.
64 വര്‍ഷത്തെ പൗരോഹിത്യ ജീവിതത്തിനിടെ 56 വര്‍ഷമാണ് അദ്ദേഹം ഭാരത സഭയെ നയിച്ചത്. ഭാരത സഭയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മെത്രാനായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുവിന്റെ ദൈവദശകം സുറിയാനിയിലേക്കു പരിഭാഷപ്പെടുത്തിയതും മാര്‍ അപ്രേം മെത്രാപ്പോലീത്തയാണ്.
സുറിയാനി - അറബി ഭാഷാ നിഘണ്ടുവിന്റെ പണിപ്പുരയിലുമായിരുന്നു അദ്ദേഹം. എല്ലാ അർഥത്തിലും ദൈവരാജ്യ നിര്‍മാണത്തിനായി ജീവിതം മുഴുവന്‍ സമര്‍പ്പിച്ച ദൈവദാസന്‍. വിശ്വാസി സമൂഹത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
ഇന്ന് രാവിലെ 9.58നാണ് ഇന്ത്യയിലെ പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ അധ്യക്ഷനായിരുന്ന ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയുടെ അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളാൽ രണ്ട് മാസത്തോളമായി ചികിത്സയിലായിരുന്നു.
തൃശ്ശൂരിലെ മൂക്കൻ തറവാട്ടിൽ ദേവസിയുടെയും കൊച്ചുമറിയത്തിന്റെയും നാലാമത്തെ മകനായി 1940 ജൂൺ 13ന് ജനിച്ച മാർ അപ്രേം, 1961ലാണ് വൈദിക ശുശ്രൂഷയിൽ പ്രവേശിച്ചത്. 28-ാം വയസിൽ മെത്രോപോലീത്തയായി എത്തിയ മാർ അപ്രേം, അതുവരെയുള്ള ഭാരത ക്രൈസ്തവ സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മെത്രാനായിരുന്നു.
ഇംഗ്ലീഷിലും മലയാളത്തിലുമായി എഴുപതിലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുവിന്റെ ദൈവദശകം സുറിയാനിയിലേക്കു പരിഭാഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷവും കർമരംഗത്ത് സജീവമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.