കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരുചേർക്കുന്നതിനുള്ള ഹിയറിങ്ങിനുള്ള സയമപരിധി രണ്ടുദിവസത്തിനകം അവസാനിക്കാനിരിക്കെ ചുമതലയുള്ള തദ്ദേശ സെക്രട്ടറിമാർ അതിസമ്മർദത്തിൽ. സമയമെടുത്തും സൂക്ഷ്മതയോടെയും ചെയ്യേണ്ട ജോലി, തെരഞ്ഞെടുപ്പു കമീഷൻ അനുവദിച്ച സമയക്കുറവുമൂലം യാന്ത്രികമാകുന്നതായും ആക്ഷേപമുയരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് ഏഴിനായിരുന്നു തീരുമാനിച്ചത്.
ഹിയറിങ് 21 വരെയുമായിരുന്നു. എന്നാൽ, ആഗസ്റ്റ് 12 വരെ വോട്ടർപട്ടിക പുതുക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ അവസരം നൽകിയെങ്കിലും ഹിയറിങ് തീയതി നീട്ടിയില്ല. അതിനാൽ, തിരക്കുമൂലം ഒരു മിനിറ്റിൽ ഒന്നും രണ്ടും പേരുടെ രേഖകൾ പരിശോധിക്കുകയെന്ന ഭഗീരഥപ്രയത്നത്തിലാണ് ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫിസറായ (ഇ.ആര്.ഒ) തദ്ദേശ സ്ഥാപന സെക്രട്ടറിമാർ.
ഓരോ വോട്ടറുടെയും ആധാർ കാർഡ്, റെസിഡൻസ് സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ് തുടങ്ങി പല രേഖകളാണ് പരിശോധിക്കേണ്ടത്. മേൽവിലാസങ്ങളിൽ തെറ്റുണ്ടെങ്കിൽ അതു തിരുത്തുകയും പ്രിന്റ് എടുത്തുകൊടുക്കുകയും വേണം. വോട്ടർ ഇ.ആര്.ഒ മുമ്പാകെ ഒപ്പിടുകയുംവേണം. കൃത്യമായ പരിശോധന നടത്തേണ്ട നടപടികൾക്ക് വെറും സെക്കൻഡുകൾമാത്രമാണ് ലഭിക്കുന്നതെന്നാണ് ആക്ഷേപം. നാനൂറിൽപരം വോട്ടർമാരാണ് മിക്ക തദ്ദേശസ്ഥാപനങ്ങളിലും ദിവസംപ്രതി എത്തുന്നത്.
ഏറെ തദ്ദേശസ്ഥാപനങ്ങളിലേയും ഹിയറിങ്ങിന് ഒരാൾക്ക് ഒരു മിനിറ്റ് ഇടവേളകളാണ് ഇലക്ഷൻ കമീഷൻ അനുവദിച്ചിരിക്കുന്നത്. പല സ്ഥാപനങ്ങളും തിരക്കുകാരണം ടോക്കൺ സംവിധാനവും ഏർപ്പെടുത്തി. മറ്റ് ഉദ്യോഗസ്ഥരുടെയും സഹായം തേടിയാണ് ഒരുവിധം മുന്നോട്ടുപോകുന്നതെന്ന് സെക്രട്ടറിമാർ പറയുന്നു. ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പൽ കൗൺസിലുകളിലും അതത് സെക്രട്ടറിമാരും മുനിസിപ്പൽ കോർപറേഷനിൽ അതത് അഡീഷനൽ സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.