ബംഗളൂരു: ശൈശവ വിവാഹം തടയുന്നതിനുള്ള സുപ്രധാന നീക്കത്തിന്റെ ഭാഗമായി പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന വിവാഹനിശ്ചയം പോലും ശിക്ഷാർഹമായ കുറ്റമാക്കുന്ന 2025ലെ ശൈശവ വിവാഹ നിരോധന (കർണാടക ഭേദഗതി) ബിൽ കർണാടക മന്ത്രിസഭ വ്യാഴാഴ്ച അംഗീകരിച്ചു. വരാനിരിക്കുന്ന നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് യോഗത്തിനുശേഷം നിയമ-പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2023-24 കാലയളവിൽ സംസ്ഥാനത്തുടനീളം ഏകദേശം 700 ശൈശവ വിവാഹങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. തുടർന്ന്, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നിരുന്നു. ശൈശവ വിവാഹം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കാൻ ജില്ല ഡെപ്യൂട്ടി കമീഷണർമാരോടും ജില്ല പഞ്ചായത്തുകളുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർമാരോടും (സി.ഇ.ഒ) മുഖ്യമന്ത്രി നിർദേശിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് നിയമ നിർമാണത്തിലൂടെ ശൈവ വിവാഹ നിശ്ചയവും തടയാൻ സർക്കാർ തീരുമാനിച്ചത്.
ശൈശവ വിവാഹം മാത്രമല്ല, പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള വിവാഹം നിശ്ചയിക്കുന്നത് പോലും അംഗീകരിക്കാനാവില്ലെന്നും നിയമപരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും ഈ ബിൽ ശക്തമായ സന്ദേശം നൽകുന്നുവെന്നും മന്ത്രി പറഞ്ഞു. സാമൂഹികമായി സമൂലമായ മാറ്റങ്ങൾ ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. നിയമനടപടികളിൽനിന്ന് ആളുകൾക്ക് രക്ഷപ്പെടാൻ കഴിയില്ല. ശൈശവ വിവാഹം തടയാൻ ഞങ്ങൾ പരമാവധി ശ്രമിക്കുകയാണെന്നും പാട്ടീൽ പറഞ്ഞു.
2024-25 കാലയളവിൽ കർണാടകയിൽ 700 ശൈശവ വിവാഹം നടന്നതായും ആകെ 3,049 ശൈശവ വിവാഹങ്ങൾക്ക് ശ്രമിച്ചതായുമുള്ള കണക്കാണ് പുറത്തുവന്നത്. ഇതിൽ 2,349 കേസുകളിൽ ബാലവിവാഹം അധികൃതർ തടഞ്ഞപ്പോൾ 700 വിവാഹം നടന്നു. ചില കേസുകളിൽ ഇത് കൗമാര ഗർഭധാരണത്തിലേക്കും മാതൃത്വത്തിലേക്കും നയിച്ചതായാണ് റിപ്പോർട്ട്. ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്നുള്ള കുട്ടികളുടെ സംരക്ഷണ (പോക്സോ) നിയമപ്രകാരമുള്ള കേസുകളുമായി ബന്ധപ്പെട്ട കൗമാര ഗർഭധാരണങ്ങളും വർധിച്ചതായി കണക്കുകൾ പറയുന്നു. സംസ്ഥാനത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട മൊത്തം ശൈശവ വിവാഹങ്ങളിൽ പകുതിയിലധികവും ശിവമൊഗ്ഗ, ബെളഗാവി, ചിത്രദുർഗ, ബാഗൽകോട്ട്, മൈസൂരു എന്നീ ജില്ലകളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.