ബംഗളൂരു: രാജ്യത്ത് ഉയർന്ന പ്രതിശീർഷ വരുമാനമുള്ള സംസ്ഥാനം കർണാടകയെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. കർണാടകയെ ഈ നേട്ടത്തിലേക്ക് നയിച്ചത് കോൺഗ്രസ് സർക്കാർ നടപ്പാക്കിയ അഞ്ചിന സാമൂഹിക സുരക്ഷ പദ്ധതികളാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ജനങ്ങൾക്കായുള്ള വികസനവും ജനങ്ങളുടെ വളർച്ചയും ലക്ഷ്യമിട്ട് കർണാടകയെ കെട്ടിപ്പടുക്കാൻ കോൺഗ്രസ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം, 2,04,605 ആണ് കർണാടകയുടെ പ്രതിശീർഷ എൻ.എസ്.ഡി.പി. ഇത് കർണാടകയുടെ സാമ്പത്തിക ശേഷിയെ മാത്രമല്ല, സർക്കാറിന്റെ സാമൂഹിക സുരക്ഷ പദ്ധതികളുടെ പ്രതിഫലനത്തെ കൂടി വെളിപ്പെടുത്തുന്നതാണ്.
ഗാരന്റി പദ്ധതികൾ വഴി 4000 മുതൽ 5000 വരെ ഒരു കുടുംബത്തിലേക്ക് പ്രതിമാസം നേരിട്ട് പണമെത്തിച്ചു. ഒരു വർഷത്തെ കണക്കെടുത്താൽ ഇത് ഒരു കുടുംബത്തിന് 60,000 മുതൽ 70,000 വരെയാണ്. ഓരോ കുടുംബത്തെയും സാമ്പത്തികമായി സ്വയംപര്യാപ്തമാക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. സാമൂഹിക സുരക്ഷ പദ്ധതികൾ ജനങ്ങളുടെ വരുമാനവും ക്രയ ശേഷിയും വർധിപ്പിച്ചു. ഇത് സംസ്ഥാനത്തിന്റെ ആകെ വളർച്ചക്ക് ഗുണകരമായി- മുഖ്യമന്ത്രി തന്റെ എക്സ് പോസ്റ്റിൽ പറഞ്ഞു. 2014-15 കാലഘട്ടത്തിൽ കർണാടകയുടെ പ്രതിശീർഷ വരുമാനം 1,05,697 ആയിരുന്നു. അത് 10 വർഷംകൊണ്ട് 93.6 ശതമാനം വർധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ വീട്ടുകാർക്കും 200 യൂനിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ‘ഗൃഹജ്യോതി’, എല്ലാ വീട്ടമ്മമാർക്കും പ്രതിമാസം 2000 രൂപ നൽകുന്ന ‘ഗൃഹലക്ഷ്മി’, എല്ലാ ബി.പി.എൽ കാർഡ് അംഗങ്ങൾക്കും അഞ്ചുകിലോ അരി പ്രതിമാസം നൽകുന്ന ‘അന്നഭാഗ്യ’, ബിരുദധാരികളായ തൊഴിൽരഹിതർക്ക് പ്രതിമാസം 3000 രൂപയും ഡിപ്ലോമ ധാരിയായ തൊഴിൽരഹിതന് 1500 രൂപയും രണ്ടു വർഷത്തേക്ക് നൽകുന്ന ‘യുവനിധി’, കർണാടകയിൽ താമസക്കാരായ എല്ലാ സ്ത്രീകൾക്കും സൗജന്യ ബസ് യാത്ര അനുവദിക്കുന്ന ‘ശക്തി’ എന്നീ സാമൂഹിക സുരക്ഷ പദ്ധതികളാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ കർണാടകയിൽ അധികാരമേറ്റയുടൻ നടപ്പാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.