ബംഗളൂരു: ഡി.ജെ. ഹള്ളിയിലെയും കെ.ജി ഹള്ളിയിലെയും അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്നു പ്രതികൾക്ക് എൻ.ഐ.എ പ്രത്യേക കോടതി ഏഴു വർഷം കഠിന തടവ് വിധിച്ചു. സെയ്ദ് ഇക്രാമുദ്ദീൻ എന്ന സെയ്ദ് നവീദ്, സെയ്ദ് ആതിഫ്, മുഹമ്മദ് ആതിഫ് എന്നീ പ്രതികൾക്കാണ് എൻ.ഐ.എ പ്രത്യേക കോടതി ജഡ്ജി കെംപരാജു ശിക്ഷ വിധിച്ചത്. മൂവർക്കും 36,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. എൻ.ഐ.എ അന്വേഷിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആദ്യ മൂന്നുപേരാണ് സെയ്ദ് നവീദ്, സെയ്ദ് ആതിഫ്, മുഹമ്മദ് ആതിഫ് എന്നിവർ. ഇവർ കേസിൽ യഥാക്രമം 14,16,18 പ്രതികളാണ്. മറ്റു പ്രതികളുടെ വിചാരണ നടക്കാനുണ്ട്. സംസ്ഥാന സർക്കാറിനുവേണ്ടി സ്പെഷൽ പബ്ലിക് പ്രൊസിക്യുട്ടർ പി. പ്രസന്നകുമാർ ഹാജരായി.
2020 ആഗസ്റ്റ് 11ന് പുലികേശി നഗർ എം.എൽ.എ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ മരുമകനായ നവീൻ ഫേസ്ബുക്കിൽ പ്രവാചക നിന്ദ പോസ്റ്റിട്ടതിനെ തുടർന്ന് നവീന്റെ അറസ്റ്റ് ആവശ്യപ്പെട്ട് രാത്രി ഒമ്പതോടെ കെ.ജി ഹള്ളി പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ ജനം അക്രമാസക്തരാവുകയായിരുന്നു.
കെ.ജി ഹള്ളി, ഡി.ജെ. ഹള്ളി പൊലീസ് സ്റ്റേഷനുകൾക്കു നേരെയും റോഡരികിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് നേരെയും അക്രമം പടർന്നു. സെയ്ദ് ഇക്രാമുദ്ദീനാണ് ആൾക്കൂട്ടത്തെ നയിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.