ഗസ്സ അൽശിഫ ആശുപത്രിക്ക് മുന്നിൽ മാധ്യമപ്രവർത്തകർ തങ്ങിയ ടെൻറിനെ ഉന്നമിട്ട് ഇസ്രായേലി ഡിഫൻസ് ഫോഴ്സ് നടത്തിയ ബോംബാക്രമണത്തിൽ അൽ ജസീറയുടെ ഫലസ്തീനി റിപ്പോർട്ടർമാരായ അനസ് അൽ ശരീഫ്, മുഹമ്മദ് ഖുറൈഖിഅ്, ഇബ്രാഹിം സാഹിർ, മുഹമ്മദ് നൗഫൽ, മുഅ്മിൻ അലിവ എന്നിവർ രക്തസാക്ഷികളായി. ഗസ്സക്ക് നേരെ 22 മാസങ്ങൾക്കുമുമ്പ് ഇസ്രായേൽ ആരംഭിച്ച വംശഹത്യക്കിടെ ഇതിനകം 237 ഫലസ്തീനി മാധ്യമ പ്രവർത്തകരെങ്കിലും രക്തസാക്ഷികളായിട്ടുണ്ട്. ഒന്നും രണ്ടും ലോക...
ഗസ്സ അൽശിഫ ആശുപത്രിക്ക് മുന്നിൽ മാധ്യമപ്രവർത്തകർ തങ്ങിയ ടെൻറിനെ ഉന്നമിട്ട് ഇസ്രായേലി ഡിഫൻസ് ഫോഴ്സ് നടത്തിയ ബോംബാക്രമണത്തിൽ അൽ ജസീറയുടെ ഫലസ്തീനി റിപ്പോർട്ടർമാരായ അനസ് അൽ ശരീഫ്, മുഹമ്മദ് ഖുറൈഖിഅ്, ഇബ്രാഹിം സാഹിർ, മുഹമ്മദ് നൗഫൽ, മുഅ്മിൻ അലിവ എന്നിവർ രക്തസാക്ഷികളായി.
ഗസ്സക്ക് നേരെ 22 മാസങ്ങൾക്കുമുമ്പ് ഇസ്രായേൽ ആരംഭിച്ച വംശഹത്യക്കിടെ ഇതിനകം 237 ഫലസ്തീനി മാധ്യമ പ്രവർത്തകരെങ്കിലും രക്തസാക്ഷികളായിട്ടുണ്ട്. ഒന്നും രണ്ടും ലോക യുദ്ധങ്ങൾ, വിയറ്റ്നാം യുദ്ധം, യുഗോസ്ലാവ്, അഫ്ഗാൻ, ഇറാഖ് യുദ്ധങ്ങൾ എന്നിവയിലെല്ലാമായി രക്തസാക്ഷിത്വം വരിച്ച മാധ്യമപ്രവർത്തകരുടെ എണ്ണത്തെക്കാൾ കൂടുതലാണിത്.
ഗസ്സയിലെ മുക്കുമൂലകളിൽനിന്ന് വാർത്തകൾ ലോകത്തിന് മുന്നിലെത്തിച്ച
അനസ് അൽ ശരീഫ് (28) ഏതൊരു ഫലസ്തീനിയെയും കാത്തിരിക്കുന്ന വിധി തന്നെയും തേടിയെത്തുമെന്ന് ഉറപ്പിച്ചിരുന്നു. അദ്ദേഹം തയാറാക്കിവെച്ച അവസാന സന്ദേശം ഇങ്ങനെയായിരുന്നു:
ഇതെന്റെ ഒസ്യത്തും അവസാന സന്ദേശവുമാണ്. ഈ വാക്കുകൾ നിങ്ങളിലെത്തിയെങ്കിൽ എന്നെ കൊലപ്പെടുത്തുന്നതിലും ഈ ശബ്ദം നിശബ്ദമാക്കുന്നതിലും ഇസ്രായേൽ വിജയിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കുക.
ആദ്യമായി നിങ്ങൾക്ക് ദൈവകാരുണ്യവും അനുഗ്രഹങ്ങളും സമാധാനവും ആശംസിക്കുന്നു. ജബലിയ അഭയാർഥി ക്യാമ്പിന്റെ ചുറ്റുപാടുകളിലായി ജീവിതം കാണാൻ തുടങ്ങിയതുമുതൽ എന്റെ ജനതയുടെ പിന്തുണയും ശബ്ദവുമാകാൻ ഞാൻ മുഴുവൻ ശ്രമവും ശക്തിയും സമർപ്പിച്ചിട്ടുണ്ടെന്ന് പടച്ചവനറിയാം. ഇൻശാ അല്ലാഹ് കുടുംബത്തോടൊപ്പം പൂർവികദേശമായ അൽ അസ്ഖലാൻ (അൽ മജ്ദാൽ) നഗരത്തിലേക്ക് മടങ്ങാൻ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. എന്നാൽ, ദൈവവിധി വന്നിരിക്കുന്നു, അതാണ് അന്തിമവിധി.
ജീവിതത്തിൽ സകല വേദനകളിലൂടെയും ഞാൻ കടന്നുപോയിട്ടുണ്ട്. യാതനകളും നഷ്ടങ്ങളും രുചിച്ചിട്ടുണ്ട്. എന്നിരിക്കിലും വളച്ചൊടിക്കുകയോ വ്യാജമാക്കുകയോ ചെയ്യാതെ സത്യം അതേപടി അവതരിപ്പിക്കാൻ ഞാൻ ഒരിക്കൽപോലും മടികാണിച്ചിട്ടില്ല. -ഒന്നരവർഷത്തിലേറെയായി നമ്മുടെ ജനത നേരിടുന്ന കൂട്ടക്കൊല തടയാൻ ഒന്നും ചെയ്യാത്തവർ, നിശബ്ദത പാലിച്ചവർ, ഞങ്ങളുടെ കൊലപാതകങ്ങളെ ശരിവെച്ചവർ, ഞങ്ങളെ ശ്വാസം മുട്ടിച്ചവർ, ഞങ്ങളുടെ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ചിതറിക്കിടക്കുന്ന ശരീരാവശിഷ്ടങ്ങൾ കണ്ട് മനസ്സിളകാത്തവർ എന്നിവർക്കെതിരെ പ്രപഞ്ചനാഥൻ സാക്ഷി. മുസ്ലിം ലോകത്തിന്റെ കിരീടമായ, ലോകമൊട്ടുക്കുള്ള ഓരോ സ്വതന്ത്ര മനുഷ്യരുടെയും ഹൃദയത്തുടിപ്പായ ഫലസ്തീനെ ഞാൻ നിങ്ങളിൽ ഏൽപിക്കുന്നു.
ഇവിടത്തെ ജനങ്ങളെയും ഞാൻ നിങ്ങളെ ഏൽപിക്കുന്നു-ഇവിടത്തെ നിഷ്കളങ്ക ബാല്യങ്ങൾക്ക് സ്വപ്നം കാണാനോ സുരക്ഷയിലും സമാധാനത്തിലും ജീവിക്കാനോ ഒരിക്കലും അവസരമുണ്ടായിട്ടില്ല. ആയിരക്കണക്കിന് ടൺ ഭാരം വരുന്ന ബോംബുകൾക്കും മിസൈലുകൾക്കുമടിയിൽ ചതഞ്ഞരഞ്ഞ അവരുടെ നിർമല ദേഹങ്ങൾ മതിലുകൾക്കിരുപുറങ്ങളിലായി ചിതറിക്കിടന്നു.
നിങ്ങളെ നിശബ്ദരാക്കാൻ ചങ്ങലകളെയോ നിങ്ങളെ നിയന്ത്രിക്കാൻ അതിർത്തികളെയോ അനുവദിക്കരുതെന്നും ഞാൻ അഭ്യർഥിക്കുന്നു. അപഹരിക്കപ്പെട്ട നമ്മുടെ മാതൃരാജ്യത്തിന് മുകളിൽ അന്തസ്സിന്റെയും സ്വാതന്ത്ര്യത്തിന്റെയും സൂര്യോദയം സാധ്യമാകുംവരെ നാടിന്റെയും ജനതയുടെയും വിമോചനത്തിലേക്കുള്ള പാലങ്ങളാവുക നിങ്ങൾ.
എന്റെ കുടുംബത്തെ ഞാൻ നിങ്ങളിൽ വിട്ടേച്ചുപോകുന്നു. എന്റെ കണ്ണിന്റെ വെളിച്ചമായ പൊന്നുമോൾ ഷാമിൻ ഞാൻ സ്വപ്നം കണ്ടതുപോലെ വളർന്നുവലുതാവുന്നത് കാണാൻ എനിക്കായില്ല. പ്രിയ മകൻ സലാഹ് കരുത്തോടെ വളർന്ന് വലുതായി ഞാൻ ഏറ്റെടുത്ത ദൗത്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാകും വിധം അവന് മാർഗം തെളിയിക്കണമെന്ന് എനിക്കുണ്ടായിരുന്നു.
എന്റെ പ്രിയപ്പെട്ട ഉമ്മയെ ഞാൻ നിങ്ങളെ ഏൽപിക്കുന്നു, അവരുടെ അനുഗൃഹീത പ്രാർഥനകളാണ് എന്നെ ഈ പദവിയിലെത്തിച്ചത്, അവരുടെ പ്രാർഥനകൾ എനിക്ക് കോട്ടയായിരുന്നു, അവർ പകർന്ന വെളിച്ചം എനിക്ക് വഴികാണിച്ചു. അല്ലാഹു അവർക്ക് കരുത്ത് പകരുകയും എന്റെ പേരിൽ അതിവിശിഷ്ടമായ പ്രതിഫലം നൽകുകയും ചെയ്യട്ടെ എന്ന് പ്രാർഥിക്കുന്നു.
എന്റെ ആജീവനാന്ത പങ്കാളി, എന്റെ പ്രിയ പത്നി ഉമ്മു സലാഹി (ബയാൻ)നെയും നിങ്ങളെ ഏൽപിക്കുന്നു. യുദ്ധം ഞങ്ങളെ മാസങ്ങളോളം വേർപിരിച്ചു. എന്നിട്ടും അവൾ ക്ഷമയോടെ, എല്ലാം പടച്ചവനിലർപ്പിച്ച് ഒലിവ് മരം പോലെ ഉറച്ചുനിന്നു -എന്റെ അഭാവത്തിൽ അവളുടെ എല്ലാ ശക്തിയും വിശ്വാസവും ഉപയോഗിച്ച് ഉത്തരവാദിത്തങ്ങൾ നിറവേറ്റി. സർവശക്തനായ പടച്ചതമ്പുരാനുശേഷം അവർക്ക് പിന്തുണയായി ഒപ്പം നിൽക്കാൻ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു.
ഞാൻ മരിക്കുകയാണെങ്കിൽ, എന്റെ ആദർശങ്ങളിൽ മുറുകെപ്പിടിച്ചുകൊണ്ടായിരിക്കുമത്. ദൈവവിധിയിൽ തൃപ്തനായി, റബ്ബിനെ കാണാനാകുമെന്നുള്ള ഉറച്ച വിശ്വാസത്തോടെ, അല്ലാഹുവിങ്കൽ നിന്നുള്ളത് ഏറ്റവും വിശിഷ്ടവും എന്നെന്നും നിലനിൽക്കുന്നതുമാണെന്ന ഉറപ്പോടെ ഞാൻ സാക്ഷ്യം വഹിക്കുന്നു.
കാരുണ്യവാനായ നാഥാ, എന്റെ രക്തസാക്ഷിത്വം നീ അംഗീകരിക്കേണമേ, എന്റെ സകല പാപങ്ങളും പൊറുത്തുതരേണമേ, എന്നിൽനിന്ന് ചിന്തിയിട്ട രക്തം എന്റെ ജനതക്കും കുടുംബത്തിനും സ്വാതന്ത്ര്യത്തിലേക്കുള്ള തിളക്കമേറിയ പാതയാക്കിത്തീർക്കേണമേ.
എനിക്ക് പിഴവുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ മാപ്പുതരിക. ഒരിക്കൽപോലും വ്യതിചലിക്കാതെ വാക്കുപാലിച്ചവനാകയാൽ എനിക്കായി ദയാപൂർവം പ്രാർഥിക്കുക, ഗസ്സയെ ഒരിക്കലും മറക്കാതിരിക്കുക. നിങ്ങളുടെ ആത്മാർഥ പ്രാർഥനകളിൽ എന്നെയും ഓർമിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.